സങ്കീർത്തനങ്ങൾ 107 (Psalms 107)

Malayalam Bible — Malayalam (മലയാളം)

1 യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ അവന്‍റെ ദയ എന്നേക്കുമുള്ളത്!

2 യഹോവ വൈരിയുടെ കൈയിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള

3 ദേശങ്ങളിൽനിന്നു കൂട്ടിച്ചേര്‍ക്കയും ചെയ്തവരായ അവന്‍റെ വിമുക്തന്മാര്‍ അങ്ങനെ പറയട്ടെ.

4 അവര്‍ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാര്‍പ്പാന്‍ ഒരു പട്ടണവും അവര്‍ കണ്ടെത്തിയില്ല.

5 അവര്‍ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണന്‍ അവരുടെ ഉള്ളിൽ തളര്‍ന്നു.

6 അവര്‍ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.

7 അവര്‍ പാര്‍പ്പാന്‍ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് അവന്‍ അവരെ ചൊവ്വേയുള്ള വഴിയിൽ നടത്തി.

8 അവര്‍ യഹോവയെ അവന്‍റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

9 അവന്‍ ആര്‍ത്തിയുള്ളവനു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.

10 ദൈവത്തിന്‍റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്‍റെ ആലോചനയെ നിരസിക്കയും ചെയ്തിട്ട് ഇരുളിലും അന്ധതമസ്സിലും ഇരുന്നു

11 അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവര്‍-

12 അവരുടെ ഹൃദയത്തെ അവന്‍ കഷ്ടതകൊണ്ടു താഴ്ത്തി; അവര്‍ ഇടറിവീണു; സഹായിപ്പാന്‍ ആരുമുണ്ടായിരുന്നില്ല.

13 അവര്‍ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവന്‍ അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു.

14 അവന്‍ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.

15 അവര്‍ യഹോവയെ, അവന്‍റെ നന്മയെച്ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

16 അവന്‍ താമ്രകതകുകളെ തകര്‍ത്തു, ഇരുമ്പോടാമ്പലുകളെ മുറിച്ചു കളഞ്ഞിരിക്കുന്നു.

17 ഭോഷന്മാര്‍ തങ്ങളുടെ ലംഘനങ്ങള്‍ ഹേതുവായും തങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തവും കഷ്ടപ്പെട്ടു.

18 അവര്‍ക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവര്‍ മരണവാതിലുകളോടു സമീപിച്ചിരുന്നു.

19 അവര്‍ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.

20 അവന്‍ തന്‍റെ വചനത്തെ അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.

21 അവര്‍ യഹോവയെ അവന്‍റെ നന്മയെച്ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

22 അവര്‍ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്‍റെ പ്രവൃത്തികളെ വര്‍ണിക്കയും ചെയ്യട്ടെ.

23 കപ്പൽ കയറി സമുദ്രത്തിൽ ഓടിയവര്‍, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവര്‍,

24 അവര്‍ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്‍റെ അദ്ഭുതങ്ങളെയും കണ്ടു.

25 അവന്‍ കല്പിച്ചു കൊടുങ്കാറ്റ് അടിപ്പിച്ചു, അത് അതിലെ തിരകളെ പൊങ്ങുമാറാക്കി.

26 അവര്‍ ആകാശത്തിലേക്ക് ഉയര്‍ന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ പ്രാണന്‍ കഷ്ടത്താൽ ഉരുകിപ്പോയി.

27 അവര്‍ മത്തനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.

28 അവര്‍ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.

29 അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ അടങ്ങി.

30 ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവന്‍ അവരെ എത്തിച്ചു.

31 അവര്‍ യഹോവയെ അവന്‍റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

32 അവര്‍ ജനത്തിന്‍റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടെ.

33 നിവാസികളുടെ ദുഷ്ടതനിമിത്തം അവന്‍ നദികളെ മരുഭൂമിയും

34 നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവര്‍ന്നിലവും ആക്കി.

35 അവന്‍ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.

36 വിശന്നവരെ അവന്‍ അവിടെ പാര്‍പ്പിച്ചു; അവര്‍ പാര്‍പ്പാന്‍ പട്ടണം ഉണ്ടാക്കുകയും

37 നിലം വിതയ്ക്കയും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.

38 അവന്‍ അനുഗ്രഹിച്ചിട്ട് അവര്‍ അത്യന്തം പെരുകി; അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകുവാന്‍ അവന്‍ ഇടവരുത്തിയില്ല.

39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവര്‍ പിന്നെയും കുറഞ്ഞു താണുപോയി.

40 അവന്‍ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.

41 അവന്‍ ദരിദ്രനെ പീഡയിൽനിന്ന് ഉയര്‍ത്തി അവന്‍റെ കുലങ്ങളെ ആട്ടിന്‍കൂട്ടം പോലെ ആക്കി.

42 നേരുള്ളവര്‍ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവരൊക്കെയും വായ് പൊത്തും.

43 ജ്ഞാനമുള്ളവര്‍ ഇവയെ ശ്രദ്ധിക്കും; അവര്‍ യഹോവയുടെ കൃപകളെ ചിന്തിക്കും.

  • Psalms 106 — previous chapter
  • Psalms 108 — next chapter
  • Psalms 107 — English (KJV)
  • Psalms 107 — English (WEB)
  • Psalms 107 — Tamil (தமிழ்)
  • Psalms 107 — Hindi (हिंदी)
  • Psalms 107 — Kannada (ಕನ್ನಡ)