സദൃശവാക്യങ്ങൾ 6 (Proverbs 6)

Malayalam Bible — Malayalam (മലയാളം)

1 മകനേ, കൂട്ടുകാരനുവേണ്ടി നീ ജാമ്യം നില്ക്കയോ അന്യനുവേണ്ടി കൈയടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ,

2 നിന്‍റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്‍റെ വായിലെ മൊഴികളാൽ പിടിപെട്ടിരിക്കുന്നു.

3 ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നെ വിടുവിക്ക; കൂട്ടുകാരന്‍റെ കൈയിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.

4 നിന്‍റെ കണ്ണിന് ഉറക്കവും നിന്‍റെ കണ്ണിമയ്ക്കു നിദ്രയും കൊടുക്കരുത്.

5 മാന്‍ നായാട്ടുകാരന്‍റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്‍റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്ക,

6 മടിയാ, ഉറുമ്പിന്‍റെ അടുക്കൽ ചെല്ലുക; അതിന്‍റെ വഴികളെ നോക്കി ബുദ്ധി പഠിക്ക.

7 അതിനു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും

8 വേനൽക്കാലത്ത് തന്‍റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്‍റെ തീന്‍ ശേഖരിക്കുന്നു.

9 മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോള്‍ ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കും?

10 കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടി കിടക്ക.

11 അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്‍റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.

12 നിസ്സാരനും ദുഷ്കര്‍മിയുമായവന്‍ വായുടെ വക്രതയോടെ നടക്കുന്നു.

13 അവന്‍ കണ്ണിമയ്ക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു; വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു.

14 അവന്‍റെ ഹൃദയത്തിൽ വക്രതയുണ്ട്; അവന്‍ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.

15 അതുകൊണ്ട് അവന്‍റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തിൽ അവന്‍ തകര്‍ന്നുപോകും; പ്രതിശാന്തി ഉണ്ടാകയുമില്ല.

16 ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന് അറപ്പാകുന്നു:

17 ഗര്‍വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും

18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും

19 ഭോഷ്കു പറയുന്ന കള്ളസ്സാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.

20 മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്.

21 അത് എല്ലായ്പോഴും നിന്‍റെ ഹൃദയ ത്തോടു ബന്ധിച്ചുകൊള്‍ക; നിന്‍റെ കഴുത്തിൽ അതു കെട്ടിക്കൊള്‍ക.

22 നീ നടക്കുമ്പോള്‍ അതു നിനക്കു വഴി കാണിക്കും. നീ ഉറങ്ങുമ്പോള്‍ അതു നിന്നെ കാക്കും; നീ ഉണരുമ്പോള്‍ അതു നിന്നോടു സംസാരിക്കും.

23 കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്‍റെ ശാസനകള്‍ ജീവന്‍റെ മാര്‍ഗവുമാകുന്നു.

24 അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.

25 അവളുടെ സൗന്ദര്യത്തെ നിന്‍റെ ഹൃദയത്തിൽ മോഹിക്കരുത്; അവള്‍ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കയുമരുത്.

26 വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.

27 ഒരു മനുഷ്യനു തന്‍റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ?

28 ഒരുത്തനു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ?

29 കൂട്ടുകാരന്‍റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവന്‍ ഇങ്ങനെ തന്നെ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കയില്ല.

30 കള്ളന്‍ വിശന്നിട്ടു വിശപ്പടക്കുവാന്‍ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല.

31 അവനെ പിടികിട്ടിയാൽ അവന്‍ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്‍റെ വീട്ടിലെ വസ്തുവകയൊക്കെയും കൊടുക്കാം.

32 സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനന്‍; അങ്ങനെ ചെയ്യുന്നവന്‍ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.

33 പ്രഹരവും അപമാനവും അവനു ലഭിക്കും; അവന്‍റെ നിന്ദ മാഞ്ഞുപോകയുമില്ല.

34 ജാരശങ്ക പുരുഷനു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവന്‍ ഇളയ്ക്കുകയില്ല.

35 അവന്‍ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല; എത്ര സമ്മാനം കൊടുത്താലും അവന്‍ തൃപ്തിപ്പെടുകയുമില്ല.

  • Proverbs 5 — previous chapter
  • Proverbs 7 — next chapter
  • Proverbs 6 — English (KJV)
  • Proverbs 6 — English (WEB)
  • Proverbs 6 — Tamil (தமிழ்)
  • Proverbs 6 — Hindi (हिंदी)
  • Proverbs 6 — Kannada (ಕನ್ನಡ)