സദൃശവാക്യങ്ങൾ 31 (Proverbs 31)

Malayalam Bible — Malayalam (മലയാളം)

1 ലെമൂവേൽരാജാവിന്‍റെ വചനങ്ങള്‍; അവന്‍റെ അമ്മ അവന് ഉപദേശിച്ചു കൊടുത്ത അരുളപ്പാട്.

2 മകനേ, എന്ത്? ഞാന്‍ പ്രസവിച്ച മകനേ എന്ത്? എന്‍റെ നേര്‍ച്ചകളുടെ മകനേ, എന്ത്?

3 സ്ത്രീകള്‍ക്കു നിന്‍റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവര്‍ക്കു നിന്‍റെ വഴികളെയും കൊടുക്കരുത്.

4 വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാര്‍ക്കു കൊള്ളരുത്; ലെമൂവേലേ, രാജാക്കന്മാര്‍ക്ക് അത് കൊള്ളരുത്; മദ്യാസക്തി പ്രഭുക്കന്മാര്‍ക്ക് കൊള്ളരുത്.

5 അവര്‍ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുത്.

6 നശിക്കുമാറായിരിക്കുന്നവനു മദ്യവും മനോവ്യസനമുള്ളവനു വീഞ്ഞും കൊടുക്ക.

7 അവന്‍ കുടിച്ചിട്ടു തന്‍റെ ദാരിദ്ര്യം മറക്കയും തന്‍റെ അരിഷ്ടത ഓര്‍ക്കാതിരിക്കയും ചെയ്യട്ടെ.

8 ഊമനുവേണ്ടി നിന്‍റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നെ.

9 നിന്‍റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്ക.

10 സാമര്‍ഥ്യമുള്ള ഭാര്യയെ ആര്‍ക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.

11 ഭര്‍ത്താവിന്‍റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്‍റെ ലാഭത്തിന് ഒരു കുറവുമില്ല.

12 അവള്‍ തന്‍റെ ആയുഷ്കാലമൊക്കെയും അവനു തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.

13 അവള്‍ ആട്ടുരോമവും ചണവും സമ്പാദിച്ചു താൽപര്യത്തോടെ കൈകൊണ്ടു വേല ചെയ്യുന്നു.

14 അവള്‍ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു.

15 അവള്‍ നന്നാ രാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവര്‍ക്ക് ആഹാരവും വേലക്കാരത്തികള്‍ക്ക് ഓഹരിയും കൊടുക്കുന്നു.

16 അവള്‍ ഒരു നിലത്തിന്മേൽ ദൃഷ്‍ടിവച്ച് അതു മേടിക്കുന്നു; കൈനേട്ടംകൊണ്ട് അവള്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.

17 അവള്‍ ബലംകൊണ്ട് അര മുറുക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.

18 തന്‍റെ വ്യാപാരം ആദായമുള്ളതെന്ന് അവള്‍ ഗ്രഹിക്കുന്നു; അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.

19 അവള്‍ വിടുത്തലയ്ക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിര്‍ പിടിക്കുന്നു.

20 അവള്‍ തന്‍റെ കൈ എളിയവര്‍ക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.

21 തന്‍റെ വീട്ടുകാരെച്ചൊല്ലി അവള്‍ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്‍ക്കൊക്കെയും ചുവപ്പുകമ്പിളി ഉണ്ടല്ലോ.

22 അവള്‍ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.

23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവ് പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു.

24 അവള്‍ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.

25 ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓര്‍ത്ത് അവള്‍ പുഞ്ചിരിയിടുന്നു.

26 അവള്‍ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.

27 വീട്ടുകാരുടെ പെരുമാറ്റം അവള്‍ സൂക്ഷിച്ചുനോക്കുന്നു; വെറുതെ ഇരുന്ന് അഹോവൃത്തി കഴിക്കുന്നില്ല.

28 അവളുടെ മക്കള്‍ എഴുന്നേറ്റ് അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്‍ത്താവും അവളെ പ്രശംസിക്കുന്നത്:

29 അനേകം തരുണികള്‍ സാമര്‍ഥ്യം കാണിച്ചിട്ടുണ്ട്; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.

30 ലാവണ്യം വ്യാജവും സൗന്ദര്യം വ്യര്‍ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

31 അവളുടെ കൈകളുടെ ഫലം അവള്‍ക്കു കൊടുപ്പിന്‍; അവളുടെ സ്വന്തപ്രവൃത്തികള്‍ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ.

  • Proverbs 30 — previous chapter
  • Ecclesiastes 1 — next chapter
  • Proverbs 31 — English (KJV)
  • Proverbs 31 — English (WEB)
  • Proverbs 31 — Tamil (தமிழ்)
  • Proverbs 31 — Hindi (हिंदी)
  • Proverbs 31 — Kannada (ಕನ್ನಡ)