Malayalam Bible — Malayalam (മലയാളം)
1 മകനേ, എന്റെ ഉപദേശം മറക്കരുത്; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
2 അവ ദീര്‍ഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്‍ധിപ്പിച്ചുതരും.
3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊള്‍ക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊള്‍ക.
4 അങ്ങനെ നീ ദൈവത്തിനും മനുഷ്യര്‍ക്കും ബോധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.
5 പൂര്‍ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്.
6 നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊള്‍ക; അവന് നിന്റെ പാതകളെ നേരേയാക്കും;
7 നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക.
8 അതു നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികള്‍ക്കു തണുപ്പും ആയിരിക്കും.
9 യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക.
10 അങ്ങനെ നിന്റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.
11 മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്; അവന്റെ ശാസനയിങ്കൽ മുഷികയും അരുത്.
12 അപ്പന് ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന്.
14 അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലത്.
15 അതു മുത്തുകളിലും വിലയേറിയത്; നിന്റെ മനോഹരവസ്തുക്കള്‍ ഒന്നും അതിനു തുല്യമാകയില്ല.
16 അതിന്റെ വലംകൈയിൽ ദീര്‍ഘായുസ്സും ഇടംകൈയിൽ ധനവും മാനവും ഇരിക്കുന്നു.
17 അതിന്റെ വഴികള്‍ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
18 അതിനെ പിടിച്ചുകൊള്ളുന്നവര്‍ക്ക് അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവര്‍ ഭാഗ്യവാന്മാര്.
19 ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവന് ആകാശത്തെ ഉറപ്പിച്ചു.
20 അവന്റെ പരിജ്ഞാനത്താൽ ആഴങ്ങള്‍ പിളര്‍ന്നു; മേഘങ്ങള്‍ മഞ്ഞു പൊഴിക്കുന്നു.
21 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്‍ക; അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുത്.
22 അവ നിനക്കു ജീവനും നിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും.
23 അങ്ങനെ നീ നിര്‍ഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.
24 നീ കിടപ്പാന്‍ പോകുമ്പോള്‍ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോള്‍ നിന്റെ ഉറക്കം സുഖകരമായിരിക്കും.
25 പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാര്ക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
26 യഹോവ നിന്റെ ആശ്രയമായിരിക്കും; അവന് നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.
27 നന്മ ചെയ്വാന് നിനക്കു പ്രാപ്തിയുള്ളപ്പോള്‍ അതിനു യോഗ്യന്മാരായിരിക്കുന്നവര്‍ക്കു ചെയ്യാതിരിക്കരുത്.
28 നിന്റെ കൈയിൽ ഉള്ളപ്പോള്‍ കൂട്ടുകാരനോട്: പോയിവരിക, നാളെത്തരാം എന്നു പറയരുത്.
29 കൂട്ടുകാരന് സമീപേ നിര്‍ഭയം വസിക്കുമ്പോള്‍, അവന്റെ നേരേ ദോഷം നിരൂപിക്കരുത്.
30 നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ ശണ്ഠയിടരുത്.
31 സാഹസക്കാരനോടു നീ അസൂയപ്പെടരുത്; അവന്റെ വഴികള്‍ ഒന്നും തിരഞ്ഞെടുക്കയുമരുത്.
32 വക്രതയുള്ളവന്‍ യഹോവയ്ക്കു വെറുപ്പാകുന്നു; നീതിമാന്മാര്‍ക്കോ അവന്റെ സഖ്യത ഉണ്ട്.
33 യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവന് അനുഗ്രഹിക്കുന്നു.
34 പരിഹാസികളെ അവന് പരിഹസിക്കുന്നു; എളിയവര്ക്കോ അവന് കൃപ നല്കുന്നു.
35 ജ്ഞാനികള്‍ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയര്‍ച്ചയോ അപമാനം തന്നെ.