സംഖ്യ 36 (Numbers 36)

Malayalam Bible — Malayalam (മലയാളം)

1 യോസേഫിന്‍റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മക്കളുടെ കുടുംബത്തലവന്മാര്‍ അടുത്തുവന്നു മോശെയുടെയും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞത്:

2 യിസ്രായേൽമക്കള്‍ക്കു ദേശം ചീട്ടിട്ട് അവകാശമായി കൊടുപ്പാന്‍ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ സെലോഫഹാദിന്‍റെ അവകാശം അവന്‍റെ പുത്രിമാര്‍ക്കു കൊടുപ്പാന്‍ യജമാനനു യഹോവയുടെ കല്പന ഉണ്ടായി.

3 എന്നാൽ അവര്‍ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ വല്ലവര്‍ക്കും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്‍റെ ഓഹരിയിൽനിന്നു പൊയ്പോകും.

4 യിസ്രായേൽമക്കളുടെ യോബേൽസംവത്സരം വരുമ്പോള്‍ അവരുടെ അവകാശം അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്‍റെ അവകാശത്തിൽനിന്നു വിട്ടുപോകയും ചെയ്യും.

5 അപ്പോള്‍ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽമക്കളോടു കല്പിച്ചത്: യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരിതന്നെ.

6 യഹോവ സെലോഫഹാദിന്‍റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്ന കാര്യം എന്തെന്നാൽ: അവര്‍ തങ്ങള്‍ക്കു ബോധിച്ചവര്‍ക്കു ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്‍ക്കു മാത്രമേ ആകാവൂ.

7 യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുത്;

8 യിസ്രായേൽമക്കളിൽ ഓരോരുത്തന്‍ താന്താന്‍റെ പിതൃഗോത്രത്തിന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം; യിസ്രായേൽമക്കള്‍ ഓരോരുത്തന്‍ താന്താന്‍റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിനു യിസ്രായേൽമക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതു കന്യകയും തന്‍റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തനു ഭാര്യയാകേണം.

9 അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം.

10 യഹോവ മോശെയോടു കല്പിച്ചതുപോലെ സെലോഫഹാദിന്‍റെ പുത്രിമാര്‍ ചെയ്തു.

11 സെലോഫഹാദിന്‍റെ പുത്രിമാരായ മഹ്ലാ, തിര്‍സ്സാ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവര്‍ തങ്ങളുടെ അപ്പന്‍റെ സഹോദരന്മാരുടെ പുത്രന്മാര്‍ക്കു ഭാര്യമാരായി.

12 യോസേഫിന്‍റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവര്‍ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്‍റെ ഗോത്രത്തിൽതന്നെ ഇരിക്കയും ചെയ്തു.

13 യെരീഹോവിനെതിരേ യോര്‍ദ്ദാനരികെ മോവാബുസമഭൂമിയിൽവച്ചു യഹോവ മോശെ മുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവതന്നെ.

  • Numbers 35 — previous chapter
  • Deuteronomy 1 — next chapter
  • Numbers 36 — English (KJV)
  • Numbers 36 — English (WEB)
  • Numbers 36 — Tamil (தமிழ்)
  • Numbers 36 — Hindi (हिंदी)
  • Numbers 36 — Kannada (ಕನ್ನಡ)