സംഖ്യ 34 (Numbers 34)

Malayalam Bible — Malayalam (മലയാളം)

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

2 യിസ്രായേൽമക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാൽ: നിങ്ങള്‍ കനാന്‍ദേശത്ത് എത്തുമ്പോള്‍ നിങ്ങള്‍ക്ക് അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്‍റെ അതിര്‍ ഇങ്ങനെ ആയിരിക്കേണം.

3 തെക്കേ ഭാഗം സീന്‍മരുഭൂമി തുടങ്ങി എദോമിന്‍റെ വശത്തുകൂടി ആയിരിക്കേണം; നിങ്ങളുടെ തെക്കേ അതിര്‍ കിഴക്ക് ഉപ്പുകടലിന്‍റെ അറ്റം തുടങ്ങി ആയിരിക്കേണം.

4 പിന്നെ നിങ്ങളുടെ അതിര്‍ അക്രബ്ബീംകയറ്റത്തിനു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്-ബര്‍ന്നേയയുടെ തെക്ക് അവസാനിക്കേണം. അവിടെനിന്നു ഹസര്‍-അദ്ദാര്‍വരെ ചെന്ന് അസ്മോനിലേക്കു കടക്കേണം.

5 പിന്നെ അതിര്‍ അസ്മോന്‍ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കൽ അവസാനിക്കേണം.

6 പടിഞ്ഞാറോ മഹാസമുദ്രം അതിര്‍ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറേ അതിര്‍.

7 വടക്കോ മഹാസമുദ്രം തുടങ്ങി ഹോര്‍പര്‍വതം നിങ്ങളുടെ അതിരാക്കേണം.

8 ഹോര്‍പര്‍വതംമുതൽ ഹമാത്ത്‍വരെ അതിരാക്കേണം. സെദാദിൽ ആ അതിര്‍ അവസാനിക്കേണം;

9 പിന്നെ അതിര്‍ സിഫ്രോന്‍വരെ ചെന്നു ഹസാര്‍-എനാനിൽ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കേ അതിര്‍.

10 കിഴക്കോ ഹസാര്‍-എനാന്‍തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം.

11 ശെഫാം തുടങ്ങി ആ അതിര്‍ അയീന്‍റെ കിഴക്കുഭാഗത്തു രിബ്ലാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നെരോത്തു കടലിന്‍റെ കിഴക്കേ കര തൊട്ടിരിക്കേണം.

12 അവിടെനിന്നു യോര്‍ദ്ദാന്‍ വഴിയായി ഇറങ്ങിച്ചെന്ന് ഉപ്പുകടലിങ്കൽ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്‍റെ അതിര്‍ ആയിരിക്കേണം.

13 മോശെ യിസ്രായേൽമക്കളോടു കല്പിച്ചത്: നിങ്ങള്‍ക്കു ചീട്ടിനാൽ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതുതന്നെ.

14 രൂബേന്‍ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിനും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ.

15 ഈ രണ്ടര ഗോത്രത്തിന് അവകാശം ലഭിച്ചതു കിഴക്കന്‍പ്രദേശത്തു യെരീഹോവിനു കിഴക്കു യോര്‍ദ്ദാനക്കരെ ആയിരുന്നു.

16 പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:

17 നിങ്ങള്‍ക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകള്‍ ആവിത്: പുരോഹിതനായ എലെയാസാരും നൂന്‍റെ മകനായ യോശുവയും.

18 ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിനു നിങ്ങള്‍ ഓരോ ഗോത്രത്തിൽനിന്നു ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം. അവര്‍ ആരെല്ലാമെന്നാൽ:

19 യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകന്‍ കാലേബ്.

20 ശിമെയോന്‍ഗോത്രത്തിൽ അമ്മീഹൂദിന്‍റെ മകന്‍ ശെമൂവേൽ.

21 ബെന്യാമീന്‍ഗോത്രത്തിൽ കിസ്ലോന്‍റെ മകന്‍ എലീദാദ്.

22 ദാന്‍ഗോത്രത്തിനുള്ള പ്രഭു യൊഗ്ലിയുടെ മകന്‍ ബുക്കി.

23 യോസേഫിന്‍റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു എഫോദിന്‍റെ മകന്‍ ഹന്നീയേൽ.

24 എഫ്രയീംഗോത്രത്തിനുള്ള പ്രഭു ശിഫ്ത്താന്‍റെ മകന്‍ കെമൂവേൽ.

25 സെബൂലൂന്‍ഗോത്രത്തിനുള്ള പ്രഭു പര്‍ന്നാക്കിന്‍റെ മകന്‍ എലീസാഫാന്‍.

26 യിസ്സാഖാര്‍ഗോത്രത്തിനുള്ള പ്രഭു അസ്സാന്‍റെ മകന്‍ പൽത്തീയേൽ.

27 ആശേര്‍ഗോത്രത്തിനുള്ള പ്രഭു ശെലോമിയുടെ പുത്രന്‍ അഹീഹൂദ്.

28 നഫ്താലിഗോത്രത്തിനുള്ള പ്രഭു അമ്മീഹൂദിന്‍റെ മകന്‍ പെദഹേൽ.

29 യിസ്രായേൽമക്കള്‍ക്ക് കനാന്‍ദേശത്ത് അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിനു യഹോവ നിയമിച്ചവര്‍ ഇവര്‍തന്നെ.

  • Numbers 33 — previous chapter
  • Numbers 35 — next chapter
  • Numbers 34 — English (KJV)
  • Numbers 34 — English (WEB)
  • Numbers 34 — Tamil (தமிழ்)
  • Numbers 34 — Hindi (हिंदी)
  • Numbers 34 — Kannada (ಕನ್ನಡ)