Malayalam Bible — Malayalam (മലയാളം)
1 യിസ്രായേൽ അഥാരീം വഴിയായി വരുന്നു എന്നു തെക്കേ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‍രാജാവ് കേട്ടപ്പോള്‍ അവന്‍ യിസ്രായേലിനോട് യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.
2 അപ്പോള്‍ യിസ്രായേൽ യഹോവയ്ക്ക് ഒരു നേര്‍ച്ച നേര്‍ന്നു; ഈ ജനത്തെ നീ എന്‍റെ കൈയിൽ ഏല്പിച്ചാൽ ഞാന്‍ അവരുടെ പട്ടണങ്ങള്‍ ശപഥാര്‍പ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.
3 യഹോവ യിസ്രായേലിന്‍റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവര്‍ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാര്‍പ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിനു ഹോര്‍മ്മാ എന്നു പേരായി.
4 പിന്നെ അവര്‍ എദോംദേശത്തെ ചുറ്റിപ്പോകുവാന്‍ ഹോര്‍പര്‍വതത്തിങ്കൽനിന്ന് ചെങ്കടൽ വഴിയായി യാത്ര പുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്‍റെ മനസ്സ് ക്ഷീണിച്ചു.
5 ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിനു നിങ്ങള്‍ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങള്‍ക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.
6 അപ്പോള്‍ യഹോവ ജനത്തിന്‍റെ ഇടയിൽ അഗ്നിസര്‍പ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.
7 ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങള്‍ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാന്‍ യഹോവയോടു പ്രാര്‍ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചു.
8 യഹോവ മോശെയോട്: ഒരു അഗ്നിസര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവന്‍ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.
9 അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സര്‍പ്പം ആരെയെങ്കിലും കടിച്ചിട്ട് അവന്‍ താമ്രസര്‍പ്പത്തെ നോക്കിയാൽ ജീവിക്കും.
10 അനന്തരം യിസ്രായേൽമക്കള്‍ പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി.
11 ഓബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിനു നേരേ മോവാബിന്‍റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ- അബാരീമിൽ പാളയമിറങ്ങി.
12 അവിടെനിന്നു പുറപ്പെട്ടു സാരേദ്താഴ്വരയിൽ പാളയമിറങ്ങി.
13 അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ ദേശത്തുനിന്ന് ഉദ്ഭവിച്ചു മരുഭൂമിയിൽക്കൂടി ഒഴുകുന്ന അര്‍ന്നോന്‍തോട്ടിനക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിനും അമോര്യര്‍ക്കും മധ്യേ മോവാബിനുള്ള അതിര്‍ ആകുന്നു. അതുകൊണ്ട്:
14 “സൂഫയിലെ വാഹേബും അര്‍ന്നോന്‍താഴ്വരകളും ആരിന്‍റെ നിവാസത്തോളം നീണ്ടു.
15 മോവാബിന്‍റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവ്” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.
16 അവിടെനിന്ന് അവര്‍ ബേരിലേക്കു പോയി; യഹോവ മോശെയോട്: ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാന്‍ അവര്‍ക്കു വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണര്‍ അതു തന്നെ.
17 ആ സമയത്തു യിസ്രായേൽ: “കിണറേ, പൊങ്ങിവാ; അതിനു പാടുവിന്‍.
18 പ്രഭുക്കന്മാര്‍ കുഴിച്ച കിണര്‍; ജനശ്രേഷ്ഠന്മാര്‍ ചെങ്കോൽകൊണ്ടും തങ്ങളുടെ ദണ്ഡുകള്‍കൊണ്ടും കുത്തിയ കിണര്‍” എന്നുള്ള പാട്ടു പാടി.
19 പിന്നെ അവര്‍ മരുഭൂമിയിൽനിന്നു മത്ഥാനയ്ക്കും മത്ഥാനയിൽനിന്നു നഹലീയേലിനും നഹലീയേലിൽനിന്നു ബാമോത്തിനും
20 ബാമോത്തിൽനിന്നു മോവാബിന്‍റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരേയുള്ള പിസ്ഗാമുകളിലേക്കും യാത്ര ചെയ്തു.
21 അവിടെനിന്നു യിസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു:
22 ഞാന്‍ നിന്‍റെ ദേശത്തുകൂടി കടന്നുപോവാന്‍ അനുവദിക്കേണമേ; ഞങ്ങള്‍ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങള്‍ നിന്‍റെ അതിര്‍ കഴിയുംവരെ രാജപാതയിൽക്കൂടി തന്നെ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.
23 എന്നാൽ സീഹോന്‍ തന്‍റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോവാന്‍ സമ്മതിക്കാതെ തന്‍റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്‍റെ നേരേ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവന്‍ യാഹാസിൽ വന്ന് യിസ്രായേലിനോടു യുദ്ധം ചെയ്തു.
24 യിസ്രായേൽ അവനെ വാളിന്‍റെ വായ്ത്തലകൊണ്ടു വെട്ടി, അര്‍ന്നോന്‍മുതൽ യബ്ബോക് വരെയും അമ്മോന്യരുടെ അതിര്‍വരെയും ഉള്ള അവന്‍റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളത് ആയിരുന്നു.
25 ഈ പട്ടണങ്ങള്‍ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാര്‍ത്തു; ഹെശ്ബോനിലും അതിന്‍റെ സകല ഗ്രാമങ്ങളിലും തന്നെ.
26 ഹെശ്ബോന്‍ അമോര്യരുടെ രാജാവായ സീഹോന്‍റെ നഗരം ആയിരുന്നു; അവന്‍ മുമ്പിലത്തെ മോവാബ്‍രാവിനോടു പടയെടുത്ത് അര്‍ന്നോന്‍വരെ ഉള്ള അവന്‍റെ ദേശമൊക്കെയും അവന്‍റെ കൈയിൽനിന്നു പിടിച്ചിരുന്നു.
27 അതുകൊണ്ട് കവിവരന്മാര്‍ പറയുന്നത്: “ഹെശ്ബോനിൽ വരുവിന്‍; സീഹോന്‍റെ നഗരം പണിതുറപ്പിക്കട്ടെ.
28 ഹെശ്ബോനിൽനിന്നു തീയും സീഹോന്‍റെ നഗരത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അര്‍ന്നോന്‍തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
29 മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്‍റെ ജനമേ,നീ മുടിഞ്ഞിരിക്കുന്നു. അവന്‍ തന്‍റെ പുത്രന്മാരെ പലായനത്തിനും പുത്രിമാരെ അമോര്യരാജാവായ സീഹോന് അടിമയായും കൊടുത്തു.
30 ഞങ്ങള്‍ അവരെ അമ്പെയ്തു; ദീബോന്‍വരെ ഹെശ്ബോന്‍ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
31 ഇങ്ങനെ യിസ്രായേൽ അമോര്യരുടെ ദേശത്തു കുടിപാര്‍ത്തു.
32 അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാന്‍ ആളയച്ചു; അവര്‍ അതിന്‍റെ ഗ്രാമങ്ങളെ പിടിച്ച് അവിടെയുള്ള അമോര്യരെ ഓടിച്ചുകളഞ്ഞു.
33 പിന്നെ അവര്‍ തിരിഞ്ഞു ബാശാന്‍വഴിയായി പോയി; ബാശാന്‍രാജാവായ ഓഗ് തന്‍റെ സകല ജനവുമായി അവരുടെ നേരേ പുറപ്പെട്ട് എദ്രെയിൽവച്ചു പടയേറ്റു.
34 അപ്പോള്‍ യഹോവ മോശെയോട്: അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്‍റെ സകല ജനത്തെയും അവന്‍റെ ദേശത്തെയും ഞാന്‍ നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ പാര്‍ത്ത അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്ന് അരുളിച്ചെയ്തു.
35 അങ്ങനെ അവര്‍ അവനെയും അവന്‍റെ പുത്രന്മാരെയും അവന്‍റെ സകല ജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്‍റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.