സംഖ്യ 16 (Numbers 16)

Malayalam Bible — Malayalam (മലയാളം)

1 എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്‍റെ മകനായ യിസ്ഹാരിന്‍റെ മകന്‍ കോരഹ്, രൂബേന്‍ഗോത്രത്തിൽ എലീയാബിന്‍റെ പുത്രന്മാരായ ദാഥാന്‍, അബീരാം, പേലെത്തിന്‍റെ മകനായ ഓന്‍ എന്നിവര്‍

2 യിസ്രായേൽമക്കളിൽ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു.

3 അവര്‍ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി അവരോട്: മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മധ്യേ ഉണ്ട്; പിന്നെ നിങ്ങള്‍ യഹോവയുടെ സഭയ്ക്കു മീതെ നിങ്ങളെത്തന്നെ ഉയര്‍ത്തുന്നത് എന്ത്? എന്നു പറഞ്ഞു.

4 ഇതു കേട്ടപ്പോള്‍ മോശെ കവിണ്ണു വീണു.

5 അവന്‍ കോരഹിനോടും അവന്‍റെ എല്ലാ കൂട്ടരോടും പറഞ്ഞത്: നാളെ രാവിലെ യഹോവ തനിക്കുള്ളവര്‍ ആരെന്നും തന്നോടടുപ്പാന്‍ തക്കവണ്ണം വിശുദ്ധന്‍ ആരെന്നും കാണിക്കും; താന്‍ തിരഞ്ഞെടുക്കുന്നവനെ തന്നോട് അടുക്കുമാറാക്കും.

6 കോരഹും അവന്‍റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങള്‍ ഇതു ചെയ്‍വിന്‍:

7 ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയിൽ അതിൽ തീയിട്ടു ധൂപവര്‍ഗം ഇടുവിന്‍; യഹോവ തിരഞ്ഞെടുക്കുന്നവന്‍തന്നെ വിശുദ്ധന്‍; ലേവിപുത്രന്മാരേ, മതി, മതി!

8 പിന്നെ മോശെ കോരഹിനോടു പറഞ്ഞത്: ലേവിപുത്രന്മാരേ, കേള്‍പ്പിന്‍.

9 യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്‍വാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്‍റെ ദൈവം നിങ്ങളെ തന്‍റെ അടുക്കൽ വരുത്തേണ്ടതിനു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേര്‍തിരിച്ചതു നിങ്ങള്‍ക്കു പോരായോ?

10 അവന്‍ നിന്നെയും ലേവിപുത്രന്മാരായ നിന്‍റെ സകല സഹോദരന്മാരെയും തന്നോട് അടുക്കുമാറാക്കിയല്ലോ; നിങ്ങള്‍ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ?

11 ഇതു ഹേതുവായിട്ടു നീയും നിന്‍റെ കൂട്ടക്കാരൊക്കെയും യഹോവയ്ക്കു വിരോധമായി കൂട്ടം കൂടിയിരിക്കുന്നു; നിങ്ങള്‍ അഹരോന്‍റെ നേരേ പിറുപിറുപ്പാന്‍ തക്കവണ്ണം അവന്‍ എന്തു മാത്രമുള്ളൂ?

12 പിന്നെ മോശെ എലീയാബിന്‍റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാന്‍ ആളയച്ചു; അതിന് അവര്‍: ഞങ്ങള്‍ വരികയില്ല;

13 മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാന്‍ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങള്‍ക്ക് അധിപതിയും ആക്കുന്നുവോ?

14 അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങള്‍ വരികയില്ല എന്നു പറഞ്ഞു.

15 അപ്പോള്‍ മോശെ ഏറ്റവും കോപിച്ച് അവന്‍ യഹോവയോട്: അവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാന്‍ അവരുടെ പക്കൽനിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു.

16 മോശെ കോരഹിനോട്: നീയും നിന്‍റെ എല്ലാ കൂട്ടവും നാളെ യഹോവയുടെ സന്നിധിയിൽ വരേണം; നീയും അവരും അഹരോനുംകൂടെ തന്നെ.

17 നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ധൂപകലശം എടുത്ത് അവയിൽ ധൂപവര്‍ഗം ഇട്ട് ഓരോരുത്തന്‍ ഓരോ ധൂപകലശമായി ഇരുനൂറ്റമ്പത് കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിന്‍; നീയും അഹരോനുംകൂടെ താന്താന്‍റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു.

18 അങ്ങനെ അവര്‍ ഓരോരുത്തന്‍ താന്താന്‍റെ ധൂപകലശം എടുത്തു തീയിട്ട് അതിൽ ധൂപവര്‍ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ നിന്നു.

19 കോരഹ് അവര്‍ക്കു വിരോധമായി സര്‍വസഭയെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോള്‍ യഹോവയുടെ തേജസ്സ് സര്‍വസഭയ്ക്കും പ്രത്യക്ഷമായി.

20 യഹോവ മോശെയോടും അഹരോനോടും:

21 ഈ സഭയുടെ മധ്യേനിന്നു മാറിപ്പോകുവിന്‍; ഞാന്‍ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു.

22 അപ്പോള്‍ അവര്‍ കവിണ്ണുവീണു: സകല ജനത്തിന്‍റെയും ആത്മാക്കള്‍ക്ക് ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന്‍ പാപം ചെയ്തതിനു നീ സര്‍വസഭയോടും കോപിക്കുമോ എന്നു പറഞ്ഞു.

23 അതിനു യഹോവ മോശെയോട്:

24 കോരഹ്, ദാഥാന്‍, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്‍റെ ചുറ്റിലുംനിന്നു മാറിക്കൊള്‍വിന്‍ എന്നു സഭയോടു പറക എന്നു കല്പിച്ചു.

25 മോശെ എഴുന്നേറ്റ് ദാഥാന്‍റെയും അബീരാമിന്‍റെയും അടുക്കൽ ചെന്നു; യിസ്രായേൽമൂപ്പന്മാരും അവന്‍റെ പിന്നാലെ ചെന്നു.

26 അവന്‍ സഭയോട്: ഈ ദുഷ്ടമനുഷ്യരുടെ സകല പാപങ്ങളാലും നിങ്ങള്‍ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിന്‍; അവര്‍ക്കുള്ള യാതൊന്നിനെയും തൊടരുത് എന്നു പറഞ്ഞു.

27 അങ്ങനെ അവര്‍ കോരഹ്, ദാഥാന്‍, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്‍റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽ നിന്നു.

28 അപ്പോള്‍ മോശെ പറഞ്ഞത്: ഈ സകല പ്രവൃത്തികളും ചെയ്യേണ്ടതിനു യഹോവ എന്നെ അയച്ചു; ഞാന്‍ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങള്‍ ഇതിനാൽ അറിയും:

29 സകല മനുഷ്യരും മരിക്കുന്നതുപോലെ ഇവര്‍ മരിക്കയോ സകല മനുഷ്യര്‍ക്കും ഭവിക്കുന്നതുപോലെ ഇവര്‍ക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല.

30 എന്നാൽ യഹോവ ഒരു അപൂര്‍വകാര്യം പ്രവര്‍ത്തിക്കയും ഭൂമി വായ് പിളര്‍ന്ന് അവരെയും അവര്‍ക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവര്‍ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവര്‍ യഹോവയെ നിരസിച്ചു എന്നു നിങ്ങള്‍ അറിയും.

31 അവന്‍ ഈ വാക്കുകളെല്ലാം പറഞ്ഞുതീര്‍ന്നപ്പോള്‍ അവരുടെ കീഴെ ഭൂമി പിളര്‍ന്നു.

32 ഭൂമി വായ് തുറന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്‍ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്‍വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.

33 അവരും അവരോടു ചേര്‍ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവര്‍ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു.

34 അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യരൊക്കെയും അവരുടെ നിലവിളി കേട്ടു: ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ എന്നു പറഞ്ഞ് ഓടിപ്പോയി.

35 അപ്പോള്‍ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതു പേരെയും ദഹിപ്പിച്ചു.

36 യഹോവ മോശെയോട് അരുളിച്ചെയ്തത്:

37 പുരോഹിതനായ അഹരോന്‍റെ മകന്‍ എലെയാസാരിനോട് അവന്‍ എരിതീയുടെ ഇടയിൽനിന്നു ധൂപകലശങ്ങള്‍ എടുപ്പാന്‍ പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക;

38 പാപം ചെയ്തു തങ്ങള്‍ക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങള്‍ യാഗപീഠം പൊതിവാന്‍ അടിച്ചു തകിടാക്കേണം; അതു യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽമക്കള്‍ക്ക് അത് ഒരു അടയാളമായിരിക്കട്ടെ.

39 വെന്തുപോയവര്‍ ധൂപം കാട്ടിയ താമ്രകലശങ്ങള്‍ പുരോഹിതനായ എലെയാസാര്‍ എടുത്ത്

40 അഹരോന്‍റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാന്‍ അടുക്കയും കോരഹിനെയും അവന്‍റെ കൂട്ടുകാരെയുംപോലെ ആകയും ചെയ്യാതിരിക്കേണ്ടതിന് യിസ്രായേൽമക്കള്‍ക്കു ജ്ഞാപകമായി അവയെ യാഗപീഠം പൊതിവാന്‍ തകിടായി അടിപ്പിച്ചു; യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ തന്നെ.

41 പിറ്റന്നാള്‍ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു: നിങ്ങള്‍ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു.

42 ഇങ്ങനെ മോശെക്കും അഹരോനും വിരോധമായി സഭ കൂടിയപ്പോള്‍ അവര്‍ സമാഗമനകൂടാരത്തിന്‍റെ നേരേ നോക്കി: മേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു.

43 അപ്പോള്‍ മോശെയും അഹരോനും സമാഗമനകൂടാരത്തിന്‍റെ മുമ്പിൽ ചെന്നു.

44 യഹോവ മോശെയോട്: ഈ സഭയുടെ മധ്യേനിന്നു മാറിപ്പോകുവിന്‍;

45 ഞാന്‍ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോള്‍ അവര്‍ കവിണ്ണുവീണു.

46 മോശെ അഹരോനോട്: നീ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവര്‍ഗവും ഇട്ടു വേഗത്തിൽ സഭയുടെ മധ്യേ ചെന്ന് അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക; യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ട് ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

47 മോശെ കല്പിച്ചതുപോലെ അഹരോന്‍ കലശം എടുത്തു സഭയുടെ നടുവിലേക്ക് ഓടി, ബാധ ജനത്തിന്‍റെ ഇടയിൽ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു,

48 മരിച്ചവര്‍ക്കും ജീവനുള്ളവര്‍ക്കും നടുവിൽ നിന്നപ്പോള്‍ ബാധ അടങ്ങി.

49 കോരഹിന്‍റെ സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവര്‍ പതിന്നാലായിരത്തി എഴുനൂറു പേര്‍ ആയിരുന്നു.

50 പിന്നെ അഹരോന്‍ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.

  • Numbers 15 — previous chapter
  • Numbers 17 — next chapter
  • Numbers 16 — English (KJV)
  • Numbers 16 — English (WEB)
  • Numbers 16 — Tamil (தமிழ்)
  • Numbers 16 — Hindi (हिंदी)
  • Numbers 16 — Kannada (ಕನ್ನಡ)