സംഖ്യ 10 (Numbers 10)

Malayalam Bible — Malayalam (മലയാളം)

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:

2 വെള്ളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പുപണിയായി അവയെ ഉണ്ടാക്കേണം; അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതകേണം.

3 അവ ഊതുമ്പോള്‍ സഭ മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ നിന്‍റെ അടുക്കൽ കൂടേണം.

4 ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്‍റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാര്‍ നിന്‍റെ അടുക്കൽ കൂടേണം.

5 ഗംഭീരധ്വനി ഊതുമ്പോള്‍ കിഴക്കേ പാളയങ്ങള്‍ യാത്ര പുറപ്പെടേണം.

6 രണ്ടാംപ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോള്‍ തെക്കേ പാളയങ്ങള്‍ യാത്ര പുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടുകള്‍ക്കായി ഗംഭീരധ്വനി ഊതേണം:

7 സഭയെ കൂട്ടേണ്ടതിന് ഊതുമ്പോള്‍ ഗംഭീരധ്വനി ഊതരുത്.

8 അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ ആകുന്നു കാഹളം ഊതേണ്ടത്; ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

9 നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്‍റെ നേരേ നിങ്ങള്‍ യുദ്ധത്തിനു പോകുമ്പോള്‍ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓര്‍ത്തു ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും.

10 നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങള്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോള്‍ കാഹളം ഊതേണം; അവ നിങ്ങള്‍ക്കു ദൈവത്തിന്‍റെ സന്നിധിയിൽ ജ്ഞാപകമായിരിക്കും; യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം ആകുന്നു.

11 അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തീയതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്നു പൊങ്ങി.

12 അപ്പോള്‍ യിസ്രായേൽമക്കള്‍ സീനായിമരുഭൂമിയിൽനിന്നു യാത്ര പുറപ്പെട്ടു; മേഘം പാരാന്‍മരുഭൂമിയിൽ വന്നു നിന്നു.

13 യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ അവര്‍ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.

14 യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്‍റെ മകന്‍ നഹശോന്‍.

15 യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി സൂവാരിന്‍റെ മകന്‍ നെഥനയേൽ.

16 സെബൂലൂന്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഹേലോന്‍റെ മകന്‍ എലീയാബ്.

17 അപ്പോള്‍ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേര്‍ശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.

18 പിന്നെ രൂബേന്‍റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്‍റെ മകന്‍ എലീസൂര്‍.

19 ശിമെയോന്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേൽ.

20 ഗാദ്മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ദെയൂവേലിന്‍റെ മകന്‍ എലീയാസാഫ്.

21 അപ്പോള്‍ കെഹാത്യര്‍ വിശുദ്ധസാധനങ്ങള്‍ ചുമന്നുകൊണ്ടു പുറപ്പെട്ടു; ഇവര്‍ എത്തുമ്പോഴേക്ക് തിരുനിവാസം നിവിര്‍ ത്തുകഴിയും.

22 പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്‍റെ മകന്‍ എലീശാമാ.

23 മനശ്ശെമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി പെദാസൂരിന്‍റെ മകന്‍ ഗമലീയേൽ.

24 ബെന്യാമീന്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഗിദെയോനിയുടെ മകന്‍ അബീദാന്‍.

25 പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാന്‍മക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസെര്‍.

26 ആശേര്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഒക്രാന്‍റെ മകന്‍ പഗീയേൽ.

27 നഫ്താലിമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഏനാന്‍റെ മകന്‍ അഹീര.

28 യിസ്രായേൽമക്കള്‍ യാത്ര പുറപ്പെട്ടപ്പോള്‍ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.

29 പിന്നെ മോശെ തന്‍റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്‍റെ മകനായ ഹോബാബിനോട്: നിങ്ങള്‍ക്കു ഞാന്‍ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങള്‍ യാത്ര ചെയ്യുന്നു; യഹോവ യിസ്രായേലിനു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങള്‍ നിനക്കു നന്മ ചെയ്യും എന്നു പറഞ്ഞു.

30 അവന്‍ അവനോട്: ഞാന്‍ വരുന്നില്ല; എന്‍റെ സ്വദേശത്തേക്കും ചാര്‍ച്ചക്കാരുടെ അടുക്കലേക്കും ഞാന്‍ പോകുന്നു എന്നു പറഞ്ഞു.

31 അതിന് അവന്‍: ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങള്‍ പാളയമിറങ്ങേണ്ടത് എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങള്‍ക്കു കണ്ണായിരിക്കും.

32 ഞങ്ങളോടുകൂടെ പോന്നാൽ യഹോവ ഞങ്ങള്‍ക്കു ചെയ്യുന്ന നന്മപോലെ തന്നെ ഞങ്ങള്‍ നിനക്കും ചെയ്യും എന്നു പറഞ്ഞു.

33 അനന്തരം അവര്‍ യഹോവയുടെ പര്‍വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവര്‍ക്കു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിനു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.

34 പാളയം പുറപ്പെട്ടപ്പോള്‍ യഹോവയുടെ മേഘം പകൽസമയം അവര്‍ക്കു മീതെ ഉണ്ടായിരുന്നു.

35 പെട്ടകം പുറപ്പെടുമ്പോള്‍ മോശെ: യഹോവേ, എഴുന്നേല്ക്കേണമേ; നിന്‍റെ ശത്രുക്കള്‍ ചിതറുകയും നിന്നെ പകയ്ക്കുന്നവര്‍ നിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും.

36 അതു വിശ്രമിക്കുമ്പോള്‍ അവന്‍: യഹോവേ, അനേകായിരമായ യിസ്രായേലിന്‍റെ അടുക്കൽ മടങ്ങിവരേണമേ എന്നു പറയും.

  • Numbers 9 — previous chapter
  • Numbers 11 — next chapter
  • Numbers 10 — English (KJV)
  • Numbers 10 — English (WEB)
  • Numbers 10 — Tamil (தமிழ்)
  • Numbers 10 — Hindi (हिंदी)
  • Numbers 10 — Kannada (ಕನ್ನಡ)