നെഹെമ്യാ 3 (Nehemiah 3)

Malayalam Bible — Malayalam (മലയാളം)

1 അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിന്‍വാതിൽ പണിതു; അവര്‍ അതു പ്രതിഷ്ഠിച്ച് അതിന്‍റെ കതകുകളും വച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവര്‍ അതു പ്രതിഷ്ഠിച്ചു.

2 അവര്‍ പണിതതിനപ്പുറം യെരീഹോക്കാര്‍ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂര്‍ പണിതു.

3 മീന്‍വാതിൽ ഹസ്സെനായക്കാര്‍ പണിതു; അവര്‍ അതിന്‍റെ പടികള്‍ വച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.

4 അവരുടെ അപ്പുറം ഹക്കോസിന്‍റെ മകനായ ഊരീയാവിന്‍റെ മകന്‍ മെരേമോത്ത് അറ്റകുറ്റം തീര്‍ത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്‍റെ മകനായ ബേരെഖ്യാവിന്‍റെ മകന്‍ മെശുല്ലാം അറ്റകുറ്റം തീര്‍ത്തു. അവരുടെ അപ്പുറം ബാനയുടെ മകന്‍ സാദോക് അറ്റകുറ്റം തീര്‍ത്തു.

5 അവരുടെ അപ്പുറം തെക്കോവ്യര്‍ അറ്റകുറ്റം തീര്‍ത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാര്‍ കര്‍ത്താവിന്‍റെ വേലയ്ക്കു ചുമൽകൊടുത്തില്ല.

6 പഴയവാതിൽ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്‍റെ മകനായ മെശുല്ലാമും അറ്റകുറ്റം തീര്‍ത്തു; അവര്‍ അതിന്‍റെ പടികള്‍ വച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.

7 അവരുടെ അപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്ക് ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീര്‍ത്തു. അതിനപ്പുറം തട്ടാന്മാരിൽ ഹര്‍ഹയ്യാവിന്‍റെ മകനായ ഉസ്സീയേൽ അറ്റകുറ്റം തീര്‍ത്തു.

8 അവന്‍റെ അപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവ് അറ്റകുറ്റംതീര്‍ത്തു വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു.

9 അവരുടെ അപ്പുറം യെരൂശലേംദേശത്തിന്‍റെ പാതിക്കു പ്രഭുവായ ഹൂരിന്‍റെ മകന്‍ രെഫായാവ് അറ്റകുറ്റം തീര്‍ത്തു.

10 അവരുടെ അപ്പുറം ഹരൂമഫിന്‍റെ മകന്‍ യെദായാവു തന്‍റെ വീട്ടിനു നേരേയുള്ള ഭാഗം അറ്റകുറ്റം തീര്‍ത്തു; അവന്‍റെ അപ്പുറം ഹശബ്നെയാവിന്‍റെ മകന്‍ ഹത്തൂശ് അറ്റകുറ്റം തീര്‍ത്തു.

11 മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്‍റെ മകന്‍ മല്ക്കീയാവും പഹത്ത്-മോവാബിന്‍റെ മകന്‍ ഹശ്ശൂബും അറ്റകുറ്റം തീര്‍ത്തു.

12 അവന്‍റെ അപ്പുറം യെരൂശലേംദേശത്തിന്‍റെ മറ്റേ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്‍റെ മകന്‍ ശല്ലൂമും അവന്‍റെ പുത്രിമാരും അറ്റകുറ്റം തീര്‍ത്തു.

13 താഴ്വരവാതിൽ ഹനൂനും സാനോഹ്‍നിവാസികളും അറ്റകുറ്റം തീര്‍ത്തു; അവര്‍ അതു പണിത് അതിന്‍റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി കുപ്പവാതിൽവരെ മതിൽ ആയിരം മുഴം കേടുപോക്കി.

14 കുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്‍റെ പ്രഭുവായ രേഖാബിന്‍റെ മകന്‍ മല്ക്കീയാവ് അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിത് അതിന്‍റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി.

15 ഉറവുവാതിൽ മിസ്പാദേശത്തിന്‍റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂന്‍ അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു മേച്ചൽ കഴിച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്‍റെ നീര്‍പ്പാത്തിക്കരികെയുള്ള കുളത്തിന്‍റെ മതിലും ദാവീദിന്‍റെ നഗരത്തിൽനിന്ന് ഇറങ്ങുന്ന കല്പടിവരെ തീര്‍ത്തു.

16 അവന്‍റെ അപ്പുറം ബേത്ത്സൂര്‍ദേശത്തിന്‍റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്‍റെ മകന്‍ നെഹെമ്യാവ് ദാവീദിന്‍റെ കല്ലറകളുടെ നേരേയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീര്‍ത്തു.

17 അതിനപ്പുറം ലേവ്യരിൽ ബാനിയുടെ മകന്‍ രെഹൂം അറ്റകുറ്റം തീര്‍ത്തു. അവന്‍റെ അപ്പുറം കെയീലാദേശത്തിന്‍റെ പാതിക്കു പ്രഭുവായ ഹശബ്യാവ് തന്‍റെ ദേശത്തിന്‍റെ പേര്‍ക്ക് അറ്റകുറ്റം തീര്‍ത്തു.

18 അതിന്‍റെശേഷം അവന്‍റെ സഹോദരന്മാരിൽ കെയീലാദേശത്തിന്‍റെ മറ്റേ പാതിക്കു പ്രഭുവായ ഹേനാദാദിന്‍റെ മകന്‍ ബവ്വായി അറ്റകുറ്റം തീര്‍ത്തു.

19 അവന്‍റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകന്‍ ഏസെര്‍ കോണിങ്കലെ ആയുധശാലയ്ക്കുള്ള കയറ്റത്തിനു നേരേ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.

20 അതിന്‍റെശേഷം സബ്ബായിയുടെ മകന്‍ ബാരൂക് ആ കോണു തുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്‍റെ വീട്ടുവാതിൽ വരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീര്‍ത്തു.

21 അതിന്‍റെശേഷം ഹക്കോസിന്‍റെ മകനായ ഊരീയാവിന്‍റെ മകന്‍ മെരേമോത്ത് എല്യാശീബിന്‍റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്‍റെ വീട്ടിന്‍റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.

22 അതിന്‍റെശേഷം നാട്ടുപുറക്കാരായ പുരോഹിതന്മാര്‍ അറ്റകുറ്റം തീര്‍ത്തു.

23 അതിന്‍റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിനു നേരേ അറ്റകുറ്റം തീര്‍ത്തു. അതിന്‍റെശേഷം അനന്യാവിന്‍റെ മകനായ മയസേയാവിന്‍റെ മകന്‍ അസര്യാവ് തന്‍റെ വീട്ടിനരികെ അറ്റകുറ്റം തീര്‍ത്തു.

24 അതിന്‍റെശേഷം ഹേനാദാദിന്‍റെ മകന്‍ ബിന്നൂവി അസര്യാവിന്‍റെ വീടുമുതൽ കോണിന്‍റെ തിരിവുവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.

25 ഊസായിയുടെ മകന്‍ പാലാൽ കോണിനും കാരാഗൃഹത്തിന്‍റെ മുറ്റത്തോടു ചേര്‍ന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നില്ക്കുന്ന ഉന്നതഗോപുരത്തിനും നേരേ അറ്റകുറ്റം തീര്‍ത്തു; അതിന്‍റെശേഷം പരോശിന്‍റെ മകന്‍ പെദായാവ് അറ്റകുറ്റം തീര്‍ത്തു.

26 ദൈവാലയദാസന്മാര്‍ ഓഫേലിൽ കിഴക്കു നീര്‍വാതിലിനെതിരേയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാര്‍ത്തുവന്നു.

27 അതിന്‍റെ ശേഷം തെക്കോവ്യര്‍ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിനു നേരേ ഓഫേലിന്‍റെ മതിൽവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.

28 കുതിരവാതിൽമുതൽ പുരോഹിതന്മാര്‍ ഓരോരുത്തന്‍ താന്താന്‍റെ വീട്ടിനു നേരേ അറ്റകുറ്റം തീര്‍ത്തു.

29 അതിന്‍റെശേഷം ഇമ്മേരിന്‍റെ മകന്‍ സാദോക് തന്‍റെ വീട്ടിനു നേരേ അറ്റകുറ്റം തീര്‍ത്തു. അതിന്‍റെശേഷം കിഴക്കേ വാതിൽക്കാവല്ക്കാരനായ ശെഖന്യാവിന്‍റെ മകന്‍ ശെമയ്യാവ് അറ്റകുറ്റം തീര്‍ത്തു.

30 അതിന്‍റെ ശേഷം ശേലെമ്യാവിന്‍റെ മകന്‍ ഹനന്യാവും സാലാഫിന്‍റെ ആറാമത്തെ മകന്‍ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു. അതിന്‍റെശേഷം ബേരെഖ്യാവിന്‍റെ മകന്‍ മെശുല്ലാം തന്‍റെ അറയുടെ നേരേ അറ്റകുറ്റം തീര്‍ത്തു.

31 അതിന്‍റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവ് ഹമ്മിഫ്ഖാദ്‍വാതിലിനു നേരേ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീര്‍ത്തു.

32 കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിനും മധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തീര്‍ത്തു.

  • Nehemiah 2 — previous chapter
  • Nehemiah 4 — next chapter
  • Nehemiah 3 — English (KJV)
  • Nehemiah 3 — English (WEB)
  • Nehemiah 3 — Tamil (தமிழ்)
  • Nehemiah 3 — Hindi (हिंदी)
  • Nehemiah 3 — Kannada (ಕನ್ನಡ)