മത്തായി 24 (Matthew 24)

Malayalam Bible — Malayalam (മലയാളം)

1 യേശു ദൈവാലയം വിട്ടുപോകുമ്പോള്‍ ശിഷ്യന്മാര്‍ അവനു ദൈവാലയത്തിന്‍റെ പണി കാണിക്കേണ്ടതിന് അവന്‍റെ അടുക്കല്‍ വന്നു.

2 അവന്‍ അവരോട്: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേല്‍ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

3 അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര്‍ തനിച്ച് അവന്‍റെ അടുക്കല്‍ വന്നു: അത് എപ്പോള്‍ സംഭവിക്കും എന്നും നിന്‍റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു.

4 അതിനു യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.

5 ഞാന്‍ ക്രിസ്തു എന്നു പറഞ്ഞ് അനേകര്‍ എന്‍റെ പേര്‍ എടുത്തു വന്നു പലരെയും തെറ്റിക്കും.

6 നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയുംകുറിച്ചു കേള്‍ക്കും; ചഞ്ചലപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍; അതു സംഭവിക്കേണ്ടതുതന്നെ; എന്നാല്‍ അത് അവസാനമല്ല;

7 ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.

8 എങ്കിലും ഇത് ഒക്കെയും ഈറ്റുനോവിന്‍റെ ആരംഭമത്രേ.

9 അന്ന് അവര്‍ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്‍റെ നാമംനിമിത്തം സകല ജാതികളും നിങ്ങളെ പകയ്ക്കും.

10 പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകയ്ക്കയും ചെയ്യും.

11 കള്ളപ്രവാചകന്മാര്‍ പലരും വന്ന് അനേകരെ തെറ്റിക്കും.

12 അധര്‍മം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും.

13 എന്നാല്‍ അവസാനത്തോളം സഹിച്ചുനില്ക്കുന്നവന്‍ രക്ഷിക്കപ്പെടും.

14 രാജ്യത്തിന്‍റെ ഈ സുവിശേഷം സകല ജാതികള്‍ക്കും സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടും; അപ്പോള്‍ അവസാനം വരും.

15 എന്നാല്‍ ദാനീയേല്‍പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത, വിശുദ്ധസ്ഥലത്തില്‍ നില്ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ -വായിക്കുന്നവന്‍ ചിന്തിച്ചുകൊള്ളട്ടെ-

16 അന്നു യെഹൂദ്യയിലുള്ളവര്‍ മലകളിലേക്ക് ഓടിപ്പോകട്ടെ.

17 വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിലുള്ളത് എടുക്കേണ്ടതിന് ഇറങ്ങരുത്;

18 വയലിലുള്ളവന്‍ വസ്ത്രം എടുപ്പാന്‍ മടങ്ങിപ്പോകരുത്.

19 ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!

20 എന്നാല്‍ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാന്‍ പ്രാര്‍ഥിപ്പിന്‍.

21 ലോകാരംഭംമുതല്‍ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേല്‍ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്ന് ഉണ്ടാകും.

22 ആ നാളുകള്‍ ചുരുങ്ങാതിരുന്നാല്‍ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാര്‍ നിമിത്തമോ ആ നാളുകള്‍ ചുരുങ്ങും.

23 അന്ന് ആരാനും നിങ്ങളോട്: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുത്.

24 കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.

25 ഓര്‍ത്തുകൊള്‍വിന്‍; ഞാന്‍ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.

26 ആകയാല്‍ നിങ്ങളോട്: അതാ, അവന്‍ മരുഭൂമിയില്‍ എന്നു പറഞ്ഞാല്‍ പുറപ്പെടരുത്; ഇതാ, അറകളില്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുത്.

27 മിന്നല്‍ കിഴക്കുനിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്‍റെ വരവ് ആകും.

28 ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും.

29 ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകും.

30 അപ്പോള്‍ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകല ഗോത്രങ്ങളും പ്രലപിച്ചുംകൊണ്ട്, മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും.

31 അവന്‍ തന്‍റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയയ്ക്കും; അവര്‍ അവന്‍റെ വൃതന്മാരെ ആകാശത്തിന്‍റെ അറുതിമുതല്‍ അറുതിവരെയും നാലു ദിക്കില്‍നിന്നും കൂട്ടിച്ചേര്‍ക്കും.

32 അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍; അതിന്‍റെ കൊമ്പ് ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.

33 അങ്ങനെ നിങ്ങള്‍ ഇതൊക്കെയും കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്ക്കല്‍തന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്‍വിന്‍.

34 ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

35 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്‍റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.

36 ആ നാളും നാഴികയും സംബന്ധിച്ചോ എന്‍റെ പിതാവ് മാത്രമല്ലാതെ ആരും സ്വര്‍ഗത്തി ലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.

37 നോഹയുടെ കാലംപോലെതന്നെ മനുഷ്യപുത്രന്‍റെ വരവും ആകും.

38 ജലപ്രളയത്തിനു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തില്‍ കയറിയ നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു;

39 ജലപ്രളയം വന്ന് എല്ലാവരെയും നീക്കിക്കളയുവോളം അവര്‍ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്‍റെ വരവും അങ്ങനെതന്നെ ആകും.

40 അന്നു രണ്ടു പേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.

41 രണ്ടു പേര്‍ ഒരു തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.

42 നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസത്തില്‍ വരുന്നു എന്നു നിങ്ങള്‍ അറിയായ്കകൊണ്ട് ഉണര്‍ന്നിരിപ്പിന്‍.

43 കള്ളന്‍ വരുന്ന യാമം ഇന്നതെന്നു വീട്ടുടയവന്‍ അറിഞ്ഞു എങ്കില്‍ അവന്‍ ഉണര്‍ന്നിരിക്കയും തന്‍റെ വീട് തുരക്കുവാന്‍ സമ്മതിക്കാതിരിക്കയും ചെയ്യും എന്ന് അറിയുന്നുവല്ലോ.

44 അങ്ങനെ നിങ്ങള്‍ നിനയ്ക്കാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന്‍.

45 എന്നാല്‍ യജമാനന്‍ തന്‍റെ വീട്ടുകാര്‍ക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന് അവരുടെമേല്‍ ആക്കിവച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന്‍ ആര്‍?

46 യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തു കാണുന്ന ദാസന്‍ ഭാഗ്യവാന്‍.

47 അവന്‍ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനന്‍ ആക്കിവയ്ക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

48 എന്നാല്‍ അവന്‍ ദുഷ്ടദാസനായി: യജമാനന്‍ വരുവാന്‍ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,

49 കൂട്ടുദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാല്‍

50 ആ ദാസന്‍ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും

51 യജമാനന്‍ വന്ന് അവനെ ദണ്ഡിപ്പിച്ച് അവനു കപടഭക്തിക്കാരോടുകൂടെ പങ്കു കല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

  • Matthew 23 — previous chapter
  • Matthew 25 — next chapter
  • Matthew 24 — English (KJV)
  • Matthew 24 — English (WEB)
  • Matthew 24 — Tamil (தமிழ்)
  • Matthew 24 — Hindi (हिंदी)
  • Matthew 24 — Kannada (ಕನ್ನಡ)