മത്തായി 19 (Matthew 19)

Malayalam Bible — Malayalam (മലയാളം)

1 ഈ വചനങ്ങളെ പറഞ്ഞു തീര്‍ന്നിട്ടു യേശു ഗലീല വിട്ടു,

2 യോര്‍ദ്ദാനക്കരെ യെഹൂദ്യദേശത്തിന്‍റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിന്‍ചെന്നു: അവന്‍ അവിടെവച്ച് അവരെ സൗഖ്യമാക്കി.

3 പരീശന്മാര്‍ അവന്‍റെ അടുക്കല്‍ വന്ന്: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്ന് അവനെ പരീക്ഷിച്ചു ചോദിച്ചു.

4 അതിന് അവന്‍: സൃഷ്ടിച്ചവന്‍ ആദിയില്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും,

5 അതു നിമിത്തം മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും എന്ന് അരുളിച്ചെയ്തു എന്നും നിങ്ങള്‍ വായിച്ചിട്ടില്ലയോ?

6 അതുകൊണ്ട് അവര്‍ മേലാല്‍ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു.

7 അവര്‍ അവനോട്: എന്നാല്‍ ഉപേക്ഷണപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിപ്പാന്‍ മോശെ കല്പിച്ചത് എന്ത് എന്നു ചോദിച്ചു.

8 അവന്‍ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചത്; ആദിയില്‍ അങ്ങനെയല്ലായിരുന്നു.

9 ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

10 ശിഷ്യന്മാര്‍ അവനോട്: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്‍റെ അവസ്ഥ ഇങ്ങനെ എങ്കില്‍ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.

11 അവന്‍ അവരോട്: വരം ലഭിച്ചവര്‍ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.

12 അമ്മയുടെ ഗര്‍ഭത്തില്‍നിന്നു ഷണ്ഡന്മാരായി ജനിച്ചവര്‍ ഉണ്ട്; മനുഷ്യര്‍ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വര്‍ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; ഗ്രഹിപ്പാന്‍ കഴിയുന്നവന്‍ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.

13 അവന്‍ കൈ വച്ചു പ്രാര്‍ഥിക്കേണ്ടതിനു ചിലര്‍ ശിശുക്കളെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര്‍ അവരെ വിലക്കി.

14 യേശുവോ: ശിശുക്കളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുത്; സ്വര്‍ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.

15 അങ്ങനെ അവന്‍ അവരുടെമേല്‍ കൈവച്ചു പിന്നെ അവിടെനിന്നു യാത്രയായി.

16 അനന്തരം ഒരുത്തന്‍ വന്ന് അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാന്‍ ഞാന്‍ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന് അവന്‍:

17 എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നത് എന്ത്? നല്ലവന്‍ ഒരുത്തനേ ഉള്ളൂ. ജീവനില്‍ കടപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ കല്പനകളെ പ്രമാണിക്ക എന്ന് അവനോടു പറഞ്ഞു.

18 ഏവ എന്ന് അവന്‍ ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്;

19 അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്ക എന്നിവ തന്നെ എന്നു പറഞ്ഞു.

20 യൗവനക്കാരന്‍ അവനോട്: ഇവയൊക്കെയും ഞാന്‍ പ്രമാണിച്ചുപോരുന്നു; ഇനി കുറവുള്ളത് എന്ത് എന്നു പറഞ്ഞു.

21 യേശു അവനോട്: സല്‍ഗുണപൂര്‍ണന്‍ ആകുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രര്‍ക്കു കൊടുക്ക; എന്നാല്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു.

22 യൗവനക്കാരന്‍ വളരെ സമ്പത്തുള്ളവനാകയാല്‍ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.

23 യേശു തന്‍റെ ശിഷ്യന്മാരോട്: ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നതു പ്രയാസം തന്നെ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

24 ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്നും ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

25 അതു കേട്ടു ശിഷ്യന്മാര്‍ ഏറ്റവും വിസ്മയിച്ചു: എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കു കഴിയും എന്നു പറഞ്ഞു.

26 യേശു അവരെ നോക്കി: അതു മനുഷ്യര്‍ക്ക് അസാധ്യം എങ്കിലും ദൈവത്തിനു സകലവും സാധ്യം എന്നു പറഞ്ഞു.

27 പത്രൊസ് അവനോടു: ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങള്‍ക്ക് എന്തു കിട്ടും എന്നു ചോദിച്ചു.

28 യേശു അവരോടു പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള്‍ പുനര്‍ജനനത്തില്‍ മനുഷ്യപുത്രന്‍ തന്‍റെ മഹത്ത്വത്തിന്‍റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില്‍ ഇരുന്നു യിസ്രായേല്‍ഗോത്രം പന്ത്രണ്ടിനും ന്യായം വിധിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

29 എന്‍റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞവന് എല്ലാം നൂറു മടങ്ങു ലഭിക്കും; അവന്‍ നിത്യജീവനെയും അവകാശമാക്കും.

30 എങ്കിലും മുമ്പന്മാര്‍ പലര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും.

  • Matthew 18 — previous chapter
  • Matthew 20 — next chapter
  • Matthew 19 — English (KJV)
  • Matthew 19 — English (WEB)
  • Matthew 19 — Tamil (தமிழ்)
  • Matthew 19 — Hindi (हिंदी)
  • Matthew 19 — Kannada (ಕನ್ನಡ)