മർക്കൊസ് 14 (Mark 14)

Malayalam Bible — Malayalam (മലയാളം)

1 രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെയും ഉത്സവം ആയിരുന്നു. അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താല്‍ പിടിച്ചു കൊല്ലേണ്ടത് എങ്ങനെ എന്ന് അന്വേഷിച്ചു:

2 ജനത്തില്‍ കലഹം ഉണ്ടാകാതിരിപ്പാന്‍ ഉത്സവത്തില്‍ അരുത് എന്ന് അവര്‍ പറഞ്ഞു.

3 അവന്‍ ബേഥാന്യയില്‍ കുഷ്ഠരോഗിയായ ശിമോന്‍റെ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ ഒരു വെണ്‍കല്‍ഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ച് അവന്‍റെ തലയില്‍ ഒഴിച്ചു.

4 അവിടെ ചിലര്‍: തൈലത്തിന്‍റെ ഈ വെറും ചെലവ് എന്തിന്?

5 ഇതു മുന്നൂറില്‍ അധികം വെള്ളിക്കാശിനു വിറ്റു ദരിദ്രര്‍ക്കു കൊടുപ്പാന്‍ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളില്‍ നീരസപ്പെട്ട് അവളെ ഭര്‍ത്സിച്ചു.

6 എന്നാല്‍ യേശു: അവളെ വിടുവിന്‍; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തത്.

7 ദരിദ്രര്‍ നിങ്ങള്‍ക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോള്‍ അവര്‍ക്കു നന്മ ചെയ്‍വാന്‍ നിങ്ങള്‍ക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല .

8 അവള്‍ തന്നാല്‍ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിനായി എന്‍റെ ദേഹത്തിനു മുമ്പുകൂട്ടി തൈലം തേച്ചു.

9 സുവിശേഷം ലോകത്തില്‍ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവള്‍ ചെയ്തതും അവളുടെ ഓര്‍മയ്ക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

10 പിന്നെ പന്തിരുവരില്‍ ഒരുത്തനായി ഈസ്കര്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാര്‍ക്കു കാണിച്ചുകൊടുക്കേണ്ടതിന് അവരുടെ അടുക്കല്‍ ചെന്നു.

11 അവര്‍ അതു കേട്ടു സന്തോഷിച്ച് അവനു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.

12 പെസഹാകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ അവനോട്: നീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.

13 അവന്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ അയച്ചു: നഗരത്തില്‍ ചെല്ലുവിന്‍; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യന്‍ നിങ്ങളെ എതിര്‍പെടും.

14 അവന്‍റെ പിന്നാലെ ചെന്ന് അവന്‍ കടക്കുന്നേടത്ത് ആ വീട്ടുടയവനോട്: ഞാന്‍ എന്‍റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിന്‍.

15 അവന്‍ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്ക് ഒരുക്കുവിന്‍ എന്നു പറഞ്ഞു.

16 ശിഷ്യന്മാര്‍ പുറപ്പെട്ടു നഗരത്തില്‍ ചെന്ന് അവന്‍ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.

17 സന്ധ്യയായപ്പോള്‍ അവന്‍ പന്തിരുവരോടുംകൂടെ വന്നു.

18 അവര്‍ ഇരുന്നു ഭക്ഷിക്കുമ്പോള്‍ യേശു: നിങ്ങളില്‍ ഒരുവന്‍, എന്നോടുകൂടെ ഭക്ഷിക്കുന്നവന്‍ തന്നെ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

19 അവര്‍ ദുഃഖിച്ചു, ഓരോരുത്തന്‍: ഞാനോ, ഞാനോ എന്ന് അവനോടു ചോദിച്ചുതുടങ്ങി.

20 അവന്‍ അവരോട്: പന്തിരുവരില്‍ ഒരുവന്‍; എന്നോടു കൂടെ താലത്തില്‍ കൈ മുക്കുന്നവന്‍ തന്നെ.

21 മനുഷ്യപുത്രന്‍ പോകുന്നതു തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ തന്നെ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ അയ്യോ കഷ്ടം; ആ മനുഷ്യന്‍ ജനിക്കാതിരുന്നു എങ്കില്‍ അവനു കൊള്ളായിരുന്നു എന്നു പറഞ്ഞു.

22 അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കു കൊടുത്തു: വാങ്ങുവിന്‍; ഇത് എന്‍റെ ശരീരം എന്നു പറഞ്ഞു.

23 പിന്നെ പാനപാത്രം എടുത്ത് സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു; എല്ലാവരും അതില്‍നിന്നു കുടിച്ചു.

24 ഇത് അനേകര്‍ക്കുവേണ്ടി ചൊരിയുന്നതായി നിയമത്തിനുള്ള എന്‍റെ രക്തം.

25 മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തില്‍ പുതുതായി അനുഭവിക്കുംനാള്‍വരെ ഞാന്‍ അത് ഇനി അനുഭവിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അവരോടു പറഞ്ഞു.

26 പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലിവ്മലയ്ക്കു പോയി.

27 യേശു അവരോട്: നിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; “ഞാന്‍ ഇടയനെ വെട്ടും, ആടുകള്‍ ചിതറിപ്പോകും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

28 എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പേ ഗലീലയ്ക്കു പോകും എന്നു പറഞ്ഞു.

29 പത്രൊസ് അവനോട്: എല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല എന്നു പറഞ്ഞു.

30 യേശു അവനോട്: ഇന്ന്, ഈ രാത്രിയില്‍ തന്നെ, കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു.

31 അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്ന് അധികമായി പറഞ്ഞു; അങ്ങനെ തന്നെ എല്ലാവരും പറഞ്ഞു.

32 അവര്‍ ഗെത്ത്ശെമന എന്നു പേരുള്ള തോട്ടത്തില്‍ വന്നാറെ അവന്‍ ശിഷ്യന്മാരോട്: ഞാന്‍ പ്രാര്‍ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിന്‍ എന്നുപറഞ്ഞു.

33 പിന്നെ അവന്‍ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി:

34 എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാര്‍ത്ത് ഉണര്‍ന്നിരിപ്പിന്‍ എന്ന് അവരോടു പറഞ്ഞു.

35 പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു; കഴിയും എങ്കില്‍ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാര്‍ഥിച്ചു:

36 അബ്ബാ, പിതാവേ, നിനക്ക് എല്ലാം കഴിയും; ഈ പാനപാത്രം എങ്കല്‍നിന്നു നീക്കേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.

37 പിന്നെ അവന്‍ വന്ന് അവര്‍ ഉറങ്ങുന്നതു കണ്ടു പത്രൊസിനോട്: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണര്‍ന്നിരിപ്പാന്‍ നിനക്കു കഴിഞ്ഞില്ലയോ?

38 പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിപ്പിന്‍; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.

39 അവന്‍ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാര്‍ഥിച്ചു.

40 മടങ്ങി വന്നാറെ അവരുടെ കണ്ണുകള്‍ക്ക് ഭാരമേറിയിരുന്നതുകൊണ്ട് അവര്‍ ഉറങ്ങുന്നതു കണ്ടു; അവര്‍ അവനോട് എന്ത് ഉത്തരം പറയേണം എന്ന് അറിഞ്ഞില്ല.

41 അവന്‍ മൂന്നാമതു വന്ന് അവരോട്: ഇനി ഉറങ്ങി ആശ്വസിച്ചുകൊള്‍വിന്‍; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രന്‍ പാപികളുടെ കൈയില്‍ ഏല്പിക്കപ്പെടുന്നു.

42 എഴുന്നേല്പിന്‍; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.

43 ഉടനെ, അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ, പന്തിരുവരില്‍ ഒരുത്തനായ യൂദായും അവനോടുകൂടെ മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍, മൂപ്പന്മാര്‍ എന്നിവര്‍ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.

44 അവനെ കാണിച്ചുകൊടുക്കുന്നവന്‍: ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍തന്നെ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിന്‍ എന്ന് അവര്‍ക്ക് ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.

45 അവന്‍ വന്ന് ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞ് അവനെ ചുംബിച്ചു.

46 അവര്‍ അവന്‍റെമേല്‍ കൈവച്ച് അവനെ പിടിച്ചു.

47 അരികെ നില്ക്കുന്നവരില്‍ ഒരുവന്‍ വാള്‍ ഊരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി കാത് അറുത്തു.

48 യേശു അവരോട്: ഒരു കള്ളന്‍റെ നേരേ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?

49 ഞാന്‍ ദിവസേന ദൈവാലയത്തില്‍ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകള്‍ക്ക് നിവൃത്തിവരേണ്ടതിന് ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.

50 ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി.

51 ഒരു ബാല്യക്കാരന്‍ വെറും ശരീരത്തിന്മേല്‍ പുതപ്പു പുതച്ചുംകൊണ്ട് അവനെ അനുഗമിച്ചു; അവര്‍ അവനെ പിടിച്ചു.

52 അവനോ പുതപ്പ് വിട്ട് നഗ്നനായി ഓടിപ്പോയി.

53 അവര്‍ യേശുവിനെ മഹാപുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുപോയി. അവന്‍റെ അടുക്കല്‍ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നുകൂടിയിരുന്നു.

54 പത്രൊസ് മഹാപുരോഹിതന്‍റെ അരമനയ്ക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേര്‍ന്നു തീ കാഞ്ഞുകൊണ്ടിരുന്നു.

55 മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്‍റെ നേരേ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.

56 അനേകര്‍ അവന്‍റെ നേരേ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല.

57 ചിലര്‍ എഴുന്നേറ്റ് അവന്‍റെ നേരേ:

58 ഞാന്‍ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്ന് ഇവന്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.

59 എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.

60 മഹാപുരോഹിതന്‍ നടുവില്‍ നിന്നുകൊണ്ടു യേശുവിനോട്: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവര്‍ നിന്‍റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്ന് ചോദിച്ചു.

61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതന്‍ പിന്നെയും അവനോട്: നീ വന്ദ്യനായവന്‍റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.

62 ഞാന്‍ ആകുന്നു; മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങള്‍ കാണും എന്നു യേശു പറഞ്ഞു.

63 അപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറി:

64 ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്ത് ആവശ്യം? ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ; നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചു. അവന്‍ മരണയോഗ്യന്‍ എന്ന് എല്ലാവരും വിധിച്ചു.

65 ചിലര്‍ അവനെ തുപ്പുകയും അവന്‍റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്ന് അവനോടു പറകയും ചെയ്തുതുടങ്ങി; ചേവകര്‍ അവനെ അടിച്ചുംകൊണ്ടു കൈയേറ്റു.

66 പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോള്‍ മഹാപുരോഹിതന്‍റെ ബാല്യക്കാരത്തികളില്‍ ഒരുത്തി വന്നു,

67 പത്രൊസ് തീ കായുന്നതു കണ്ട് അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.

68 നീ പറയുന്നതു തിരിയുന്നില്ല, ബോധ്യമാകുന്നതുമില്ല എന്നിങ്ങനെ അവന്‍ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോള്‍ കോഴി കൂകി.

69 ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോട്: ഇവന്‍ ആ കൂട്ടരില്‍ ഉള്ളവന്‍ തന്നെ എന്നു പറഞ്ഞുതുടങ്ങി. അവന്‍ പിന്നെയും തള്ളിപ്പറഞ്ഞു.

70 കുറയനേരം കഴിഞ്ഞിട്ട് അരികെ നിന്നവര്‍ പത്രൊസിനോട്: നീ ആ കൂട്ടരില്‍ ഉള്ളവന്‍ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.

71 നിങ്ങള്‍ പറയുന്ന മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്ന് അവന്‍ പ്രാകുവാനും ആണയിടുവാനും തുടങ്ങി.

72 ഉടനെ കോഴി രണ്ടാമതും കൂകി. കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓര്‍ത്ത് അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.

  • Mark 13 — previous chapter
  • Mark 15 — next chapter
  • Mark 14 — English (KJV)
  • Mark 14 — English (WEB)
  • Mark 14 — Tamil (தமிழ்)
  • Mark 14 — Hindi (हिंदी)
  • Mark 14 — Kannada (ಕನ್ನಡ)