Malayalam Bible — Malayalam (മലയാളം)
1 യഹോവ പിന്നെയും മോശെയോട്:
2 നീ അഹരോനെയും അവനോടുകൂടെ അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിനുള്ള കാള, രണ്ട് ആട്ടുകൊറ്റന്മാര്, കുട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി കൊണ്ടുവരികയും
3 സഭയെ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടുകയും ചെയ്ക എന്നു കല്പിച്ചു.
4 യഹോവതന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വന്നുകൂടി.
5 മോശെ സഭയോട്: യഹോവ കല്പിച്ച കാര്യം ഇതാകുന്നു എന്നു പറഞ്ഞു.
6 മോശെ അഹരോനെയും പുത്രന്മാരെയും അടുക്കൽ വരുത്തി അവരെ വെള്ളംകൊണ്ടു കഴുകി.
7 അവനെ ഉള്ളങ്കി ഇടുവിച്ചു നടുക്കെട്ടു കെട്ടിച്ച് അങ്കി ധരിപ്പിച്ച് ഏഫോദ് ഇടുവിച്ച് ഏഫോദിന്റെ ചിത്രപ്പണിയായ നടുക്കെട്ടു കെട്ടിച്ച് അതിനാൽ അതു മുറുക്കി.
8 അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തിൽ ഊറീമും തുമ്മീമും വച്ചു.
9 അവന്റെ തലയിൽ മുടി വച്ചു; മുടിയുടെമേൽ മുന്‍വശത്തു വിശുദ്ധകിരീടമായ പൊന്‍പട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
10 മോശെ അഭിഷേകതൈലം എടുത്ത് കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
11 അതിൽ കുറെ അവന് യാഗപീഠത്തിന്മേൽ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
12 അവന് അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ച് അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
13 മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ട് കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
14 അവന് പാപയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു: പാപയാഗത്തിനുള്ള കാളയുടെ തലയിൽ അഹരോനും പുത്രന്മാരും കൈ വച്ചു.
15 അവന് അതിനെ അറുത്തു; മോശെ അതിന്റെ രക്തം എടുത്തു വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ച്, അതിനുവേണ്ടി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിച്ചു;
16 കുടലിന്മേലുള്ള സകല മേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
17 എന്നാൽ കാളയെയും അതിന്റെ തോൽ, മാംസം, ചാണകം എന്നിവയെയും അവന് പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
18 അവന് ഹോമയാഗത്തിനുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നു: അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈ വച്ചു.
19 അവന് അതിനെ അറുത്തു; മോശെ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
20 ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.
21 അവന് അതിന്റെ കുടലും കാലും വെള്ളംകൊണ്ടു കഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു സൗരഭ്യവാസനയായ ഹോമയാഗമായി യഹോവയ്ക്കുള്ള ദഹനയാഗം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
22 അവന് കരപൂരണത്തിനുള്ള ആട്ടുകൊറ്റനായ മറ്റേ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈ വച്ചു.
23 അവന് അതിനെ അറുത്തു; മോശെ അതിന്റെ രക്തം കുറെ എടുത്ത് അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.
24 അവന് അഹരോന്റെ പുത്രന്മാരെയും വരുത്തി; മോശെ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷം രക്തം മോശെ യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
25 മേദസ്സും തടിച്ച വാലും കുടലിന്മേലുള്ള സകല മേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവന് എടുത്തു,
26 യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കുട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വച്ചു.
27 അവയൊക്കെയും അഹരോന്റെ കൈയിലും അവന്റെ പുത്രന്മാരുടെ കൈയിലും വച്ച് യഹോവയ്ക്കു നീരാജനം ചെയ്തു.
28 പിന്നെ മോശെ അവയെ അവരുടെ കൈയിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ യാഗത്തിന്‍മീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ കരപൂരണയാഗം, യഹോവയ്ക്കുള്ള ദഹനയാഗം തന്നെ.
29 മോശെ അതിന്റെ നെഞ്ച് എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാര്‍പ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനിൽ മോശെക്കുള്ള ഓഹരിയായിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
30 മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്ത് അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
31 അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞത് എന്തെന്നാൽ: മാംസം നിങ്ങള്‍ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വച്ചു പാകം ചെയ്ത്, അഹരോനും പുത്രന്മാരും അതു തിന്നേണമെന്ന് എനിക്കു കല്പനയുണ്ടായതുപോലെ അവിടെവച്ച് അതും കരപൂരണത്തിന്റെ കുട്ടയിൽ ഇരിക്കുന്ന അപ്പവും തിന്നുവിന്.
32 മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങള്‍ തീയിൽ ഇട്ടു ചുട്ടുകളയേണം.
33 നിങ്ങളുടെ കരപൂരണദിവസങ്ങള്‍ തികയുവോളം നിങ്ങള്‍ ഏഴു ദിവസത്തേക്കു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; ഏഴു ദിവസം അവന് നിങ്ങള്‍ക്കു കരപൂരണം ചെയ്യും.
34 നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന് യഹോവ കല്പിച്ചിരിക്കുന്നു.
35 ആകയാൽ നിങ്ങള്‍ മരിക്കാതിരിപ്പാന്‍ ഏഴു ദിവസം രാവും പകലും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പാര്‍ത്ത് യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
36 യഹോവ മോശെ മുഖാന്തരം കല്പിച്ച സകല കാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.