ലേവ്യർ 5 (Leviticus 5)

Malayalam Bible — Malayalam (മലയാളം)

1 ഒരുത്തന്‍ സത്യവാചകം കേട്ടിട്ട്, താന്‍ സാക്ഷിയായി കാണുകയോ അറികയോ ചെയ്തത് അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവന്‍ തന്‍റെ കുറ്റം വഹിക്കേണം.

2 ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്‍റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്‍റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തന്‍ തൊടുകയും അത് അവനു മറവായിരിക്കയും ചെയ്താൽ അവന്‍ അശുദ്ധനും കുറ്റക്കാരനും ആകുന്നു.

3 അല്ലെങ്കിൽ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്‍റെ അശുദ്ധിയെ ഒരുത്തന്‍ തൊടുകയും അത് അവനു മറവായിരിക്കയും ചെയ്താൽ അതറിയുമ്പോള്‍ അവന്‍ കുറ്റക്കാരനാകും.

4 അല്ലെങ്കിൽ മനുഷ്യന്‍ നിര്‍വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‍വാനോ ഗുണം ചെയ്‍വാനോ ഒരുത്തന്‍ തന്‍റെ അധരങ്ങള്‍കൊണ്ടു നിര്‍വിചാരമായി സത്യം ചെയ്കയും അത് അവനു മറവായിരിക്കയും ചെയ്താൽ അവന്‍ അത് അറിയുമ്പോള്‍ അങ്ങനെയുള്ള കാര്യത്തിൽ അവന്‍ കുറ്റക്കാരനാകും.

5 ആ വക കാര്യത്തിൽ അവന്‍ കുറ്റക്കാരനാകുമ്പോള്‍ താന്‍ പാപം ചെയ്തു എന്ന് അവന്‍ ഏറ്റുപറയേണം.

6 താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവയ്ക്ക് അകൃത്യയാഗമായി ചെമ്മരിയാട്ടിന്‍കുട്ടിയോ കോലാട്ടിന്‍കുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ പാപയാഗമായി കൊണ്ടുവരേണം; പുരോഹിതന്‍ അവനുവേണ്ടി അവന്‍റെ പാപം നിമിത്തം പ്രായശ്ചിത്തം കഴിക്കേണം.

7 ആട്ടിന്‍കുട്ടിക്ക് അവനു വകയില്ലങ്കിൽ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവയ്ക്കു കൊണ്ടുവരേണം.

8 അവന്‍ അവയെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം; അവന്‍ പാപയാഗത്തിനുള്ളതിനെ മുമ്പേ അര്‍പ്പിച്ച് അതിന്‍റെ തല കഴുത്തിൽനിന്നു പിരിച്ചുപറിക്കേണം; എന്നാൽ രണ്ടായി പിളര്‍ക്കരുത്.

9 അവന്‍ പാപയാഗത്തിന്‍റെ രക്തം കുറെ യാഗപീഠത്തിന്‍റെ പാര്‍ശ്വത്തിൽ തളിക്കേണം; ശേഷം രക്തം യാഗപീഠത്തിന്‍റെ ചുവട്ടിൽ പിഴിഞ്ഞുകളയേണം; ഇതു പാപയാഗം.

10 രണ്ടാമത്തേതിനെ അവന്‍ നിയമപ്രകാരം ഹോമയാഗമായി അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്‍ ചെയ്ത പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

11 രണ്ടു കുറുപ്രാവിനോ രണ്ടു പ്രാവിന്‍ കുഞ്ഞിനോ അവനു വകയില്ലങ്കിൽ പാപം ചെയ്തവന്‍ പാപയാഗത്തിന് ഒരിടങ്ങഴി നേരിയ മാവ് വഴിപാടായി കൊണ്ടുവരേണം; അതു പാപയാഗം ആകകൊണ്ട് അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്.

12 അവന്‍ അതു പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം; പുരോഹിതന്‍ നിവേദ്യമായി അതിൽനിന്നു കൈ നിറച്ചെടുത്ത് യാഗപീഠത്തിന്മേൽ യഹോവയ്ക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കേണം; ഇതു പാപയാഗം.

13 ഇങ്ങനെ പുരോഹിതന്‍ ആ വക കാര്യത്തിൽ അവന്‍ ചെയ്ത പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളത് ഭോജനയാഗംപോലെ പുരോഹിതന് ഇരിക്കേണം.

14 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:

15 ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ച് അബദ്ധവശാൽ അതിക്രമം ചെയ്തു പിഴച്ചു എങ്കിൽ അവന്‍ തന്‍റെ അകൃത്യത്തിനു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലയ്ക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവയ്ക്കു കൊണ്ടുവരേണം.

16 വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താന്‍ പിഴച്ചതിനു പകരം മുതലും അതിനോട് അഞ്ചിലൊന്നു കൂട്ടിയും അവന്‍ പുരോഹിതനു കൊടുക്കേണം; പുരോഹിതന്‍ അകൃത്യയാഗത്തിനുള്ള ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. എന്നാൽ അത് അവനോടു ക്ഷമിക്കും.

17 ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും പിഴച്ചിട്ട് അവന്‍ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവന്‍ തന്‍റെ കുറ്റം വഹിക്കേണം.

18 അവന്‍ അകൃത്യയാഗത്തിനായി നിന്‍റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം; അവന്‍ അബദ്ധവശാൽ പിഴച്ചതും അറിയാതിരുന്നതുമായ പിഴയ്ക്കായി പുരോഹിതന്‍ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

19 ഇത് അകൃത്യയാഗം; അവന്‍ യഹോവയോട് അകൃത്യം ചെയ്തുവല്ലോ.

  • Leviticus 4 — previous chapter
  • Leviticus 6 — next chapter
  • Leviticus 5 — English (KJV)
  • Leviticus 5 — English (WEB)
  • Leviticus 5 — Tamil (தமிழ்)
  • Leviticus 5 — Hindi (हिंदी)
  • Leviticus 5 — Kannada (ಕನ್ನಡ)