ലേവ്യർ 22 (Leviticus 22)

Malayalam Bible — Malayalam (മലയാളം)

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:

2 യിസ്രായേൽമക്കള്‍ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ച് അഹരോനും അവന്‍റെ പുത്രന്മാരും സൂക്ഷിച്ചുനില്ക്കേണമെന്നും എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം; ഞാന്‍ യഹോവ ആകുന്നു.

3 നീ അവരോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങളുടെ തലമുറകളിൽ നിങ്ങളുടെ സകല സന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോള്‍ യിസ്രായേൽമക്കള്‍ യഹോവയ്ക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോട് അടുത്താൽ അവനെ എന്‍റെ മുമ്പിൽനിന്നു ഛേദിച്ചുകളയേണം; ഞാന്‍ യഹോവ ആകുന്നു.

4 അഹരോന്‍റെ സന്തതിയിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ലസ്രവക്കാരനോ ആയാൽ അവന്‍ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുത്; ശവത്താൽ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും

5 അശുദ്ധി വരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ട് അശുദ്ധി വരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും

6 ഇങ്ങനെ തൊട്ടുതീണ്ടിയവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവന്‍ ദേഹം വെള്ളത്തിൽ കഴുകിയല്ലാതെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുത്.

7 സൂര്യന്‍ അസ്തമിച്ചശേഷം അവന്‍ ശുദ്ധനാകും; പിന്നെ അവനു വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കാം; അത് അവന്‍റെ ആഹാരമല്ലോ.

8 താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ട് തന്നെത്താന്‍ അശുദ്ധമാക്കരുത്; ഞാന്‍ യഹോവ ആകുന്നു.

9 ആകയാൽ അവര്‍ എന്‍റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെമേൽ പാപം വരുത്തുകയും അതിനാൽ മരിക്കയും ചെയ്യാതിരിപ്പാന്‍ അവ പ്രമാണിക്കേണം; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

10 യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുത്; പുരോഹിതന്‍റെ അടുക്കൽ വന്നുപാര്‍ക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുത്.

11 എന്നാൽ പുരോഹിതന്‍ ഒരുത്തനെ വിലയ്ക്കു വാങ്ങിയാൽ അവനും വീട്ടിൽ പിറന്നുണ്ടായവനും ഭക്ഷിക്കാം; ഇവര്‍ക്ക് അവന്‍റെ ആഹാരം ഭക്ഷിക്കാം.

12 പുരോഹിതന്‍റെ മകള്‍ അന്യകുടുംബക്കാരനു ഭാര്യയായാൽ അവള്‍ വിശുദ്ധസാധനങ്ങളായ വഴിപാട് ഒന്നും ഭക്ഷിക്കരുത്.

13 പുരോഹിതന്‍റെ മകള്‍ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്‍റെ വീട്ടിലേക്കു തന്‍റെ ബാല്യത്തിൽ എന്നപോലെ മടങ്ങിവന്നാൽ അവള്‍ക്ക് അപ്പന്‍റെ ആഹാരം ഭക്ഷിക്കാം; എന്നാൽ യാതൊരു അന്യനും അതു ഭക്ഷിക്കരുത്.

14 ഒരുത്തന്‍ അബദ്ധവശാൽ വിശുദ്ധസാധനം ഭക്ഷിച്ചുപോയാൽ അവന്‍ വിശുദ്ധസാധനം അഞ്ചിൽ ഒരംശവും കൂട്ടി പുരോഹിതനു കൊടുക്കേണം.

15 യിസ്രായേൽമക്കള്‍ യഹോവയ്ക്ക് അര്‍പ്പിക്കുന്ന വിശുദ്ധസാധനങ്ങള്‍ അശുദ്ധമാക്കരുത്.

16 അവരുടെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കുന്നതിൽ അവരുടെമേൽ അകൃത്യത്തിന്‍റെ കുറ്റം വരുത്തരുത്; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

17 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

18 നീ അഹരോനോടും പുത്രന്മാരോടും എല്ലാ യിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവയ്ക്കു ഹോമയാഗമായിട്ട് അര്‍പ്പിക്കുന്ന വല്ല നേര്‍ച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാടു കഴിക്കുന്നു എങ്കിൽ

19 നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അത് മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം.

20 ഊനമുള്ള യാതൊന്നിനെയും നിങ്ങള്‍ അര്‍പ്പിക്കരുത്; അതിനാൽ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.

21 ഒരുത്തന്‍ നേര്‍ച്ചനിവൃത്തിക്കായിട്ടോ സ്വമേധാദാനമായിട്ടോ യഹോവയ്ക്കു മാടുകളിൽനിന്നാകട്ടെ ആടുകളിൽനിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായിട്ട് അര്‍പ്പിക്കുമ്പോള്‍ അതു പ്രസാദമാകുവാന്‍ തക്കവണ്ണം ഊനമില്ലാത്തതായിരിക്കേണം; അതിന് ഒരു കുറവും ഉണ്ടായിരിക്കരുത്.

22 കുരുട്, ചതവ്, മുറിവ്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവയ്ക്ക് അര്‍പ്പിക്കരുത്; ഇവയിൽ ഒന്നിനെയും യഹോവയ്ക്ക് യാഗപീഠത്തിന്മേൽ ദഹനയാഗമായി അര്‍പ്പിക്കരുത്.

23 അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ട് അര്‍പ്പിക്കാം; എന്നാൽ നേര്‍ച്ചയായിട്ട് അതു പ്രസാദമാകയില്ല.

24 വരി ചതച്ചതോ എടുത്തുകളഞ്ഞതോ ഉടച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങള്‍ യഹോവയ്ക്ക് അര്‍പ്പിക്കരുത്; ഇങ്ങനെ നിങ്ങളുടെ ദേശത്ത് ചെയ്യരുത്.

25 അന്യന്‍റെ കൈയിൽനിന്ന് ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്‍റെ ഭോജനമായിട്ട് അര്‍പ്പിക്കരുത്; അവയ്ക്കു കേടും കുറവും ഉള്ളതുകൊണ്ട് അവയാൽ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.

26 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:

27 ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ഇരിക്കേണം; എട്ടാം ദിവസംമുതൽ അതു യഹോവയ്ക്കു ദഹനയാഗമായി പ്രസാദമാകും.

28 പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുത്.

29 യഹോവയ്ക്കു സ്തോത്രയാഗം അര്‍പ്പിക്കുമ്പോള്‍ അതു പ്രസാദമാകത്തക്കവണ്ണം അര്‍പ്പിക്കേണം.

30 അന്നുതന്നെ അതിനെ തിന്നേണം; രാവിലെവരെ അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ഞാന്‍ യഹോവ ആകുന്നു.

31 ആകയാൽ നിങ്ങള്‍ എന്‍റെ കല്പനകള്‍ പ്രമാണിച്ച് ആചരിക്കേണം; ഞാന്‍ യഹോവ ആകുന്നു.

32 എന്‍റെ വിശുദ്ധനാമത്തെ നിങ്ങള്‍ അശുദ്ധമാക്കരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാന്‍ ശുദ്ധീകരിക്കപ്പെടേണം; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

33 നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിനു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാന്‍ യഹോവ ആകുന്നു.

  • Leviticus 21 — previous chapter
  • Leviticus 23 — next chapter
  • Leviticus 22 — English (KJV)
  • Leviticus 22 — English (WEB)
  • Leviticus 22 — Tamil (தமிழ்)
  • Leviticus 22 — Hindi (हिंदी)
  • Leviticus 22 — Kannada (ಕನ್ನಡ)