ന്യായാധിപന്മാർ 5 (Judges 5)

Malayalam Bible — Malayalam (മലയാളം)

1 അന്നു ദെബോറായും അബീനോവാമിന്‍റെ മകനായ ബാരാക്കും പാട്ടുപാടിയത് എന്തെന്നാൽ:

2 നായകന്മാര്‍ യിസ്രായേലിനെ നയിച്ചതിനും ജനം സ്വമേധയാ സേവിച്ചതിനും യഹോവയെ വാഴ്ത്തുവിന്‍.

3 രാജാക്കന്മാരേ, കേള്‍പ്പിന്‍; പ്രഭുക്കന്മാരേ, ചെവിതരുവിന്‍; ഞാന്‍ പാടും യഹോവയ്ക്കു ഞാന്‍ പാടും; യിസ്രായേലിന്‍ദൈവമായ യഹോവയ്ക്കു കീര്‍ത്തനം ചെയ്യും.

4 യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, എദോമ്യദേശത്തുകൂടി നീ നടകൊള്‍കയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു,

5 യഹോവാസന്നിധിയിൽ മലകള്‍ കുലുങ്ങി, യിസ്രായേലിന്‍ദൈവമായ യഹോവയ്ക്കു മുമ്പിൽ ആ സീനായിതന്നെ.

6 അനാത്തിന്‍പുത്രനാം ശംഗരിന്‍നാളിലും, യായേലിന്‍കാലത്തും പാതകള്‍ ശൂന്യമായി. വഴിപോക്കര്‍ വളഞ്ഞവഴികളിൽ നടന്നു.

7 ദെബോറായായ ഞാന്‍ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കും വരെ നായകന്മാര്‍ യിസ്രായേലിൽ അശേഷം അറ്റു പോയിരുന്നു.

8 അവര്‍ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കൽ യുദ്ധം ഭവിച്ചു. യിസ്രായേലിന്‍റെ നാല്പതിനായിരത്തിന്‍ മധ്യേ പരിചയും കുന്തവും കണ്ടതേയില്ല.

9 എന്‍റെ ഹൃദയം യിസ്രായേൽനായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിന്‍.

10 വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വര്‍ണിപ്പിന്‍!

11 വില്ലാളികളുടെ ഞാണൊലിയോടകലെ നീര്‍പ്പാത്തിക്കിടയിൽ അവിടെ അവര്‍ യഹോവയുടെ നീതികളെ, യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു.

12 ഉണരുക, ഉണരുക, ദെബോറായേ, ഉണരുക, ഉണര്‍ന്നു, പാട്ടുപാടുക. എഴുന്നേല്ക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്‍റെ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോക.

13 അന്നു ശ്രേഷ്ഠന്മാരുടെ ശിഷ്ടവും പടജ്ജനവും ഇറങ്ങിവന്നു. വീരന്മാരുടെ മധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.

14 എഫ്രയീമിൽനിന്ന് അമാലേക്കിൽ വേരുള്ളവരും, ബെന്യാമീനേ, നിന്‍റെ പിന്നാലെ നിന്‍റെ ജനസമൂഹത്തിൽ മാഖീരിൽനിന്ന് അധിപന്മാരും സെബൂലൂനിൽനിന്ന് നായകദണ്ഡധാരികളും വന്നു.

15 യിസ്സാഖാര്‍പ്രഭുക്കന്മാര്‍ ദെബോറായോടു കൂടെ യിസ്സാഖാര്‍ എന്നപോലെ ബാരാക്കും താഴ്വരയിൽ അവനോടുകൂടെ ചാടിപ്പുറപ്പെട്ടു. രൂബേന്‍റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണയങ്ങള്‍ ഉണ്ടായി.

16 ആട്ടിന്‍കൂട്ടങ്ങള്‍ക്കരികെ കുഴലൂത്തു കേള്‍പ്പാന്‍ നീ തൊഴുത്തുകള്‍ക്കിടയിൽ പാര്‍ക്കുന്നതെന്ത്? രൂബേന്‍റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണയങ്ങള്‍ ഉണ്ടായി.

17 ഗിലെയാദ് യോര്‍ദ്ദാനക്കരെ പാര്‍ത്തു. ദാന്‍ കപ്പലുകള്‍ക്കരികെ താമസിക്കുന്നത് എന്ത്? ആശേര്‍ സമുദ്രതീരത്ത് അനങ്ങാതിരുന്നു തുറമുഖങ്ങള്‍ക്കകത്തു പാര്‍ത്തുകൊണ്ടിരുന്നു.

18 സെബൂലൂന്‍ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോര്‍ക്കളമേടുകളിൽതന്നെ.

19 രാജാക്കന്മാര്‍ വന്നു പൊരുതി: താനാക്കിൽവച്ച് മെഗിദ്ദോവെള്ളത്തിനരികെ കനാന്യഭൂപന്മാര്‍ അന്നു പൊരുതി, വെള്ളിയങ്ങവര്‍ക്കു കൊള്ളയായില്ല.

20 ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ പൊരുതി, അവ സീസെരയുമായി സ്വഗതികളിൽ പൊരുതി.

21 കീശോന്‍തോട്, പുരാതനനദിയാം കീശോന്‍തോട് തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടുപോയി. എന്‍മനമേ, നീ ബലത്തോടെ നടകൊള്‍ക.

22 അന്നു വല്ഗിതത്താൽ, ശൂരവല്ഗിതത്താൽ കുതിരക്കുളമ്പുകള്‍ ഘട്ടനം ചെയ്തു.

23 മേരോസ് നഗരത്തെ ശപിച്ചുകൊള്‍വിന്‍, അതിന്‍ നിവാസികളെ ഉഗ്രമായി ശപിപ്പിന്‍ എന്നു യഹോവാദൂതന്‍ അരുളിച്ചെയ്തു. അവര്‍ യഹോവയ്ക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാര്‍ക്കെതിരേ യഹോവയ്ക്കു തുണയായിത്തന്നെ.

24 കേന്യനാം ഹേബെരിന്‍ ഭാര്യയാം യായേലോ നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവള്‍, കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവള്‍.

25 തണ്ണീര്‍ അവന്‍ ചോദിച്ചു, പാൽ അവള്‍ കൊടുത്തു; രാജകീയപാത്രത്തിൽ അവള്‍ ക്ഷീരം കൊടുത്തു.

26 കുറ്റിയെടുപ്പാന്‍ അവള്‍ കൈ നീട്ടി, തന്‍റെ വലംകൈ പണിക്കാരുടെ ചുറ്റികയ്ക്കു നീട്ടി; സീസെരയെ തല്ലി അവന്‍റെ തല തകര്‍ത്ത് അവന്‍റെ ചെന്നി കുത്തിത്തുളച്ചു.

27 അവളുടെ കാല്ക്കൽ അവന്‍ കുനിഞ്ഞു വീണു, അവളുടെ കാല്ക്കൽ അവന്‍ കുനിഞ്ഞു വീണുകിടന്നു; കുനിഞ്ഞേടത്തുതന്നെ അവന്‍ ചത്തുകിടന്നു.

28 സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു. ജാലകത്തൂടെ വിളിച്ചുപറഞ്ഞത്: അവന്‍റെ തേര്‍ വരുവാന്‍ വൈകുന്നത് എന്ത്? രഥചക്രങ്ങള്‍ക്കു താമസം എന്ത്?

29 ജ്ഞാനമേറിയ നായികമാര്‍ അതിനുത്തരം പറഞ്ഞു; താനും തന്നോടു മറുപടി ആവര്‍ത്തിച്ചു:

30 കിട്ടിയ കൊള്ള അവര്‍ പങ്കിടുകയല്ലയോ? ഓരോ പുരുഷന് ഒന്നും രണ്ടും പെണ്ണുങ്ങള്‍, സീസെരയ്ക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തിൽ വിചിത്രശീല ഈരണ്ടു കാണും.

31 യഹോവേ, നിന്‍റെ ശത്രുക്കളൊക്കെയും ഇവ്വണ്ണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെതന്നെ. പിന്നെ ദേശത്തിനു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.

  • Judges 4 — previous chapter
  • Judges 6 — next chapter
  • Judges 5 — English (KJV)
  • Judges 5 — English (WEB)
  • Judges 5 — Tamil (தமிழ்)
  • Judges 5 — Hindi (हिंदी)
  • Judges 5 — Kannada (ಕನ್ನಡ)