ന്യായാധിപന്മാർ 21 (Judges 21)

Malayalam Bible — Malayalam (മലയാളം)

1 എന്നാൽ നമ്മിൽ ആരും തന്‍റെ മകളെ ഒരു ബെന്യാമീന്യനു ഭാര്യയായി കൊടുക്കരുത് എന്ന് യിസ്രായേല്യര്‍ മിസ്പായിൽ വച്ചു ശപഥം ചെയ്തിരുന്നു.

2 ആകയാൽ ജനം ബേഥേലിൽ ചെന്ന് അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ മഹാവിലാപം കഴിച്ചു:

3 യിസ്രായേലിന്‍റെ ദൈവമായ യഹോവേ, ഇന്ന് യിസ്രായേലിൽ ഒരു ഗോത്രം ഇല്ലാതെ പോകുവാന്‍ തക്കവണ്ണം യിസ്രായേലിൽ ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു.

4 പിറ്റന്നാള്‍ ജനം അതികാലത്ത് എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.

5 പിന്നെ യിസ്രായേൽമക്കള്‍: എല്ലാ യിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ അടുക്കൽ സഭയ്ക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പായിൽ യഹോവയുടെ അടുക്കൽ വരാത്തവന്‍ മരണശിക്ഷ അനുഭവിക്കേണം എന്ന് അവര്‍ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.

6 എന്നാൽ യിസ്രായേൽമക്കള്‍ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് അനുതപിച്ചു: ഇന്ന് യിസ്രായേലിൽനിന്ന് ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.

7 ശേഷിച്ചിരിക്കുന്നവര്‍ക്ക് നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുത് എന്നു നാം യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് അവര്‍ക്കു ഭാര്യമാരെ കിട്ടുവാന്‍ നാം എന്തു ചെയ്യേണ്ടൂ എന്നു പറഞ്ഞു.

8 യിസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പായിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ എന്ന് അവര്‍ അന്വേഷിച്ചപ്പോള്‍ ഗിലെയാദിലെ യാബേശിൽനിന്ന് ആരും പാളയത്തിൽ സഭയ്ക്കു വന്നിട്ടില്ല എന്നു കണ്ടു.

9 ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ്നിവാസികളിൽ ആരും അവിടെ ഇല്ല എന്നു കണ്ടു.

10 അപ്പോള്‍ സഭ പരാക്രമശാലികളായ പന്തീരായിരം പേരെ അവിടേക്ക് അയച്ച് അവരോടു കല്പിച്ചത്: നിങ്ങള്‍ ചെന്ന് ഗിലെയാദിലെ യാബേശ്നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉള്‍പ്പെടെ വാളിന്‍റെ വായ്ത്തലയാൽ കൊല്ലുവിന്‍.

11 അതിൽ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് ഇവ്വണ്ണം: സകല പുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകല സ്ത്രീകളെയും നിങ്ങള്‍ നിര്‍മ്മൂലമാക്കേണം.

12 അങ്ങനെ ചെയ്തതിൽ ഗിലെയാദിലെ യാബേശ്നിവാസികളുടെ ഇടയിൽ പുരുഷനുമായി ശയിച്ച് പുരുഷസംസര്‍ഗം ചെയ്തിട്ടില്ലാത്ത നാനൂറു കന്യകമാരെ കണ്ടെത്തി അവരെ കനാന്‍ദേശത്തിലെ ശീലോവിൽ പാളയത്തിലേക്കു കൊണ്ടുവന്നു.

13 സര്‍വസഭയും രിമ്മോന്‍പാറയിലെ ബെന്യാമീന്യരോടു സംസാരിച്ച് സമാധാനം അറിയിപ്പാന്‍ ആളയച്ചു.

14 അപ്പോള്‍ ബെന്യാമീന്യര്‍ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽവച്ച് അവര്‍ ജീവനോടെ രക്ഷിച്ചിരുന്നവരെ അവര്‍ക്കു കൊടുത്തു;

15 അവര്‍ക്ക് അവരെക്കൊണ്ടു തികഞ്ഞില്ല. യഹോവ യിസ്രായേൽഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്കകൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.

16 ശേഷിച്ചവര്‍ക്കു സ്ത്രീകളെ കിട്ടേണ്ടതിന് നാം എന്തു ചെയ്യേണ്ടൂ? ബെന്യാമീന്‍ഗോത്രത്തിൽനിന്നു സ്ത്രീകള്‍ അറ്റുപോയിരിക്കുന്നുവല്ലോ എന്നു സഭയിലെ മൂപ്പന്മാര്‍ പറഞ്ഞു.

17 യിസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന് ബെന്യാമീന്യരിൽ രക്ഷപെട്ടവര്‍ക്ക് അവരുടെ അവകാശം നില്ക്കേണം.

18 എങ്കിലും നമുക്കു നമ്മുടെ പുത്രിമാരെ അവര്‍ക്കു ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യര്‍ക്ക് സ്ത്രീയെ കൊടുക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു യിസ്രായേൽമക്കള്‍ ശപഥം ചെയ്തിരിക്കുന്നുവല്ലോ എന്നും അവര്‍ പറഞ്ഞു.

19 അപ്പോള്‍ അവര്‍: ബേഥേലിനു വടക്കും ബേഥേലിൽനിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനയ്ക്കു തെക്കും ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.

20 ആകയാൽ അവര്‍ ബെന്യാമീന്യരോട്: നിങ്ങള്‍ ചെന്നു മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിന്‍.

21 ശീലോവിലെ കന്യകമാര്‍ നിരനിരയായി നൃത്തം ചെയ്‍വാന്‍ പുറപ്പെട്ടു വരുന്നതു നിങ്ങള്‍ കാണുമ്പോള്‍ മുന്തിരിത്തോട്ടങ്ങളിൽനിന്നു പുറപ്പെട്ട് ഓരോരുത്തന്‍ ശീലോവിലെ കന്യകമാരിൽനിന്നു ഭാര്യയെ പിടിച്ച് ബെന്യാമീന്‍ദേശത്തേക്കു പൊയ്ക്കൊള്‍വിന്‍ എന്നു കല്പിച്ചു.

22 അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്ന് സങ്കടം പറഞ്ഞാൽ ഞങ്ങള്‍ അവരോട്: അവരെ ഞങ്ങള്‍ക്കു ദാനം ചെയ്‍വിന്‍; നാം പടയിൽ അവര്‍ക്കെല്ലാവര്‍ക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങള്‍ കുറ്റക്കാരാകുവാന്‍ നിങ്ങള്‍ ഇക്കാലത്ത് അവര്‍ക്കു കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞുകൊള്ളാം.

23 ബെന്യാമീന്യര്‍ അങ്ങനെ ചെയ്തു; നൃത്തം ചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിത് അവയിൽ പാര്‍ത്തു.

24 യിസ്രായേൽമക്കളും ആ കാലത്ത് അവിടംവിട്ട് ഓരോരുത്തന്‍ താന്താന്‍റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവര്‍ അവിടം വിട്ട് ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തിലേക്കു ചെന്നു.

25 ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തന്‍ തനിക്കു ബോധിച്ചതുപോലെ നടന്നു.

  • Judges 20 — previous chapter
  • Ruth 1 — next chapter
  • Judges 21 — English (KJV)
  • Judges 21 — English (WEB)
  • Judges 21 — Tamil (தமிழ்)
  • Judges 21 — Hindi (हिंदी)
  • Judges 21 — Kannada (ಕನ್ನಡ)