ന്യായാധിപന്മാർ 14 (Judges 14)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം ശിംശോന്‍ തിമ്നായിലേക്കു ചെന്ന് തിമ്നായിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.

2 അവന്‍ വന്ന് തന്‍റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാന്‍ തിമ്നായിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ടെടുക്കേണം എന്നു പറഞ്ഞു.

3 അവന്‍റെ അപ്പനും അമ്മയും അവനോട്: അഗ്രചര്‍മികളായ ഫെലിസ്ത്യരിൽനിന്ന് നീ ഒരു ഭാര്യയെ എടുപ്പാന്‍ പോകേണ്ടതിന്നിന്‍റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകല ജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന് ശിംശോന്‍ തന്‍റെ അപ്പനോട്: അവളെ എനിക്ക് എടുക്കേണം; അവളെ എനിക്ക് ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.

4 ഇതു യഹോവയാൽ ഉണ്ടായത് എന്ന് അവന്‍റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവന്‍ ഫെലിസ്ത്യരുടെ നേരേ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്ത് ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നത്.

5 അങ്ങനെ ശിംശോനും അവന്‍റെ അപ്പനും അമ്മയും തിമ്നായിലേക്കു പോയി തിമ്നായ്ക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോള്‍ ഒരു ബാലസിംഹം അവന്‍റെ നേരേ അലറിവന്നു.

6 അപ്പോള്‍ യഹോവയുടെ ആത്മാവ് അവന്‍റെമേൽ വന്നു; കൈയിൽ ഒന്നും ഇല്ലാതിരിക്കെ അവന്‍ അതിനെ ഒരു ആട്ടിന്‍കുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താന്‍ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല.

7 പിന്നെ അവന്‍ ചെന്ന് ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശിംശോന് ബോധിച്ചു.

8 കുറെക്കാലം കഴിഞ്ഞശേഷം അവന്‍ അവളെ വിവാഹം കഴിപ്പാന്‍ തിരികെ പോകയിൽ സിംഹത്തിന്‍റെ ഉടൽ നോക്കേണ്ടതിന് മാറിച്ചെന്നു; സിംഹത്തിന്‍റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.

9 അത് അവന്‍ കൈയിൽ എടുത്ത് തിന്നുംകൊണ്ടു നടന്നു, അപ്പന്‍റെയും അമ്മയുടെയും അടുക്കൽ ചെന്ന് അവര്‍ക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേന്‍ ഒരു സിംഹത്തിന്‍റെ ഉടലിൽനിന്ന് എടുത്തു എന്ന് അവന്‍ അവരോടു പറഞ്ഞില്ല.

10 അങ്ങനെ അവന്‍റെ അപ്പന്‍ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോന്‍ അവിടെ ഒരു വിരുന്നുകഴിച്ചു; യൗവനക്കാര്‍ അങ്ങനെ ചെയ്ക പതിവായിരുന്നു.

11 അവര്‍ അവനെ കണ്ടപ്പോള്‍ അവനോടുകൂടെ ഇരിപ്പാന്‍ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.

12 ശിംശോന്‍ അവരോട്: ഞാന്‍ നിങ്ങളോട് ഒരു കടം പറയാം; വിരുന്നിന്‍റെ ഏഴു ദിവസത്തിനകം നിങ്ങള്‍ അതു വീട്ടിയാൽ ഞാന്‍ നിങ്ങള്‍ക്കു മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.

13 വീട്ടുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലങ്കിലോ നിങ്ങള്‍ എനിക്ക് മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവര്‍ അവനോട്: നിന്‍റെ കടം പറക; ഞങ്ങള്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.

14 അവന്‍ അവരോട്: ഭോക്താവിൽനിന്നു ഭോജനവും മല്ലനിൽനിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാൽ കടം വീട്ടുവാന്‍ മൂന്നു ദിവസത്തോളം അവര്‍ക്കു കഴിഞ്ഞില്ല.

15 ഏഴാം ദിവസത്തിലോ അവര്‍ ശിംശോന്‍റെ ഭാര്യയോട്: ഞങ്ങള്‍ക്കു പറഞ്ഞുതരുവാന്‍ തക്കവണ്ണം നിന്‍റെ ഭര്‍ത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങള്‍ നിന്നെയും നിന്‍റെ പിതൃഭവനത്തെയും തീവച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിനോ നിങ്ങള്‍ ഞങ്ങളെ വിളിച്ചത് എന്നു പറഞ്ഞു.

16 ശിംശോന്‍റെ ഭാര്യ അവന്‍റെ മുമ്പിൽ കരഞ്ഞു; നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്‍റെ അസ്മാദികളോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവന്‍ അവളോട്: എന്‍റെ അപ്പനും അമ്മയ്ക്കും ഞാന്‍ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു.

17 വിരുന്നിന്‍റെ ഏഴു ദിവസവും അവള്‍ അവന്‍റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവള്‍ അവനെ അസഹ്യപ്പെടുത്തുകകൊണ്ട് അവന്‍ പറഞ്ഞുകൊടുത്തു; അവള്‍ തന്‍റെ അസ്മാദികള്‍ക്കും കടം പറഞ്ഞുകൊടുത്തു.

18 ഏഴാം ദിവസം സൂര്യന്‍ അസ്തമിക്കും മുമ്പേ പട്ടണക്കാര്‍ അവനോടു: തേനിനെക്കാള്‍ മധുരമുള്ളത് എന്ത്? സിംഹത്തെക്കാള്‍ ബലമുള്ളത് എന്ത്? എന്നു പറഞ്ഞു. അതിന് അവന്‍ അവരോട്: നിങ്ങള്‍ എന്‍റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലങ്കിൽ എന്‍റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.

19 പിന്നെ, യഹോവയുടെ ആത്മാവ് അവന്‍റെമേൽ വന്നു; അവന്‍ അസ്കലോനിലേക്കു ചെന്ന് മുപ്പതു പേരെ കൊന്ന് അവരുടെ ഉടുപ്പ് ഊരി കടം വീട്ടിയവര്‍ക്ക് വസ്ത്രം കൊടുത്തു. അവന്‍റെ കോപം ജ്വലിച്ചു; അവന്‍ തന്‍റെ അപ്പന്‍റെ വീട്ടിൽ പോയി.

20 ശിംശോന്‍റെ ഭാര്യ അവന്‍റെ കൂട്ടുകാരനായിരുന്ന തോഴനു ഭാര്യയായിത്തീര്‍ന്നു.

  • Judges 13 — previous chapter
  • Judges 15 — next chapter
  • Judges 14 — English (KJV)
  • Judges 14 — English (WEB)
  • Judges 14 — Tamil (தமிழ்)
  • Judges 14 — Hindi (हिंदी)
  • Judges 14 — Kannada (ಕನ್ನಡ)