ന്യായാധിപന്മാർ 11 (Judges 11)

Malayalam Bible — Malayalam (മലയാളം)

1 ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രന്‍ ആയിരുന്നു; യിഫ്താഹിന്‍റെ ജനകനോ ഗിലെയാദ് ആയിരുന്നു.

2 ഗിലെയാദിന്‍റെ ഭാര്യയും അവനു പുത്രന്മാരെ പ്രസവിച്ചു; അവന്‍റെ ഭാര്യയുടെ പുത്രന്മാര്‍ വളര്‍ന്നശേഷം അവര്‍ യിഫ്താഹിനോട്: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞ് അവനെ നീക്കിക്കളഞ്ഞു.

3 അങ്ങനെ യിഫ്താഹ് തന്‍റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാര്‍ത്തു; നിസ്സാരന്മാരായ ചിലര്‍ യിഫ്താഹിനോടു ചേര്‍ന്ന് അവനുമായി സഞ്ചരിച്ചു.

4 കുറെക്കാലം കഴിഞ്ഞിട്ട് അമ്മോന്യര്‍ യിസ്രായേലിനോട് യുദ്ധംചെയ്തു.

5 അമ്മോന്യര്‍ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോള്‍ ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാന്‍ ചെന്നു.

6 അവര്‍ യിഫ്താഹിനോട്: അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിനു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു.

7 യിഫ്താഹ് ഗിലെയാദ്യരോട്: നിങ്ങള്‍ എന്നെ പകച്ച് പിതൃഭവനത്തിൽനിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോള്‍ നിങ്ങള്‍ കഷ്ടത്തിൽ ആയ സമയം എന്‍റെ അടുക്കൽ എന്തിനു വരുന്നു എന്നു പറഞ്ഞു.

8 ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോട്: നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോടു യുദ്ധം ചെയ്കയും ഗിലെയാദിലെ സകല നിവാസികള്‍ക്കും തലവനായിരിക്കയും ചെയ്യേണ്ടതിന് ഞങ്ങള്‍ ഇപ്പോള്‍ നിന്‍റെ അടുക്കൽ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.

9 യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോട്: അമ്മോന്യരോടു യുദ്ധം ചെയ്‍വാന്‍ നിങ്ങള്‍ എന്നെ കൊണ്ടുപോയിട്ട് യഹോവ അവരെ എന്‍റെ കൈയിൽ ഏല്പിച്ചാൽ നിങ്ങള്‍ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു.

10 ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോട്: യഹോവ നമ്മുടെ മധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്യും എന്നു പറഞ്ഞു.

11 അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പായിൽവച്ച് യഹോവയുടെ സന്നിധിയിൽ തന്‍റെ കാര്യമെല്ലാം പ്രസ്താവിച്ചു.

12 അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോടു യുദ്ധം ചെയ്‍വാന്‍ എന്‍റെ ദേശത്തു വരേണ്ടതിന് എന്നോടു നിനക്കെന്തു കാര്യം എന്നു പറയിച്ചു.

13 അമ്മോന്യരുടെ രാജാവ് യിഫ്താഹിന്‍റെ ദൂതന്മാരോട്: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോള്‍ അവര്‍ അര്‍ന്നോന്‍മുതൽ യബ്ബോക് വരെയും യോര്‍ദ്ദാന്‍വരെയും ഉള്ള എന്‍റെ ദേശം അടക്കിയതു കൊണ്ടു തന്നെ; ഇപ്പോള്‍ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു.

14 യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ച്,

15 അവനോടു പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു:

16 യിസ്രായേൽ മോവാബ്‍ദേമോ അമ്മോന്യരുടെ ദേശമോ അടക്കിയിട്ടില്ല. യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ട് മരുഭൂമിയിൽക്കൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി.

17 യിസ്രായേൽ എദോംരാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാന്‍ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവ് കേട്ടില്ല; മോവാബ്‍രാവിന്‍റെ അടുക്കലും അവര്‍ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാര്‍ത്തു.

18 അവര്‍ മരുഭൂമിയിൽക്കൂടി സഞ്ചരിച്ച് എദോംദേശവും മോവാബ്‍ദേവും ചുറ്റിച്ചെന്ന് മോവാബ്‍ദേത്തിന്‍റെ കിഴക്ക് എത്തി അര്‍ന്നോനക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിന്‍റെ അതിരായിരുന്നു. മോവാബിന്‍റെ അതിര്‍ത്തിക്കകത്ത് അവര്‍ കടന്നില്ല.

19 പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: നിന്‍റെ ദേശത്തുകൂടി എന്‍റെ സ്ഥലത്തേക്കു കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു.

20 എങ്കിലും സീഹോന്‍ യിസ്രായേൽ തന്‍റെ ദേശത്തുകൂടെ കടന്നുപോകുവാന്‍ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്‍റെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.

21 യിസ്രായേലിന്‍റെ ദൈവമായ യഹോവ സീഹോനെയും അവന്‍റെ സകല ജനത്തെയും യിസ്രായേലിന്‍റെ കൈയിൽ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേൽ ആ ദേശനിവാസികളായ അമോര്യരുടെ ദേശമൊക്കെയും കൈവശമാക്കി.

22 അര്‍ന്നോന്‍മുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോര്‍ദ്ദാന്‍വരെയുമുള്ള അമോര്യരുടെ ദേശമൊക്കെയും അവര്‍ പിടിച്ചടക്കി.

23 യിസ്രായേലിന്‍റെ ദൈവമായ യഹോവ തന്‍റെ ജനമായ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാന്‍ പോകുന്നുവോ?

24 നിന്‍റെ ദേവനായ കെമോശ് നിനക്ക് അവകാശമായിത്തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും.

25 സിപ്പോരിന്‍റെ മകനായ ബാലാക് എന്ന മോവാബ്‍രാവിനെക്കാളും നീ യോഗ്യനോ? അവന്‍ യിസ്രായേലിനോട് എപ്പോഴെങ്കിലും വാഗ്വാദം ചെയ്തിട്ടുണ്ടോ? എപ്പോഴെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ?

26 യിസ്രായേൽ ഹെശ്ബോനിലും അതിന്‍റെ പട്ടണങ്ങളിലും അരോവേരിലും അതിന്‍റെ പട്ടണങ്ങളിലും അര്‍ന്നോന്‍തീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാര്‍ത്തിരിക്കെ ആ കാലത്തിനിടയിൽ നിങ്ങള്‍ അവയെ ഒഴിപ്പിക്കാതിരുന്നത് എന്ത്?

27 ആകയാൽ ഞാന്‍ നിന്നോട് അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാൽ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നത്; ന്യായാധിപനായ യഹോവ ഇന്ന് യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മധ്യേ ന്യായം വിധിക്കട്ടെ.

28 എന്നാൽ യിഫ്താഹ് പറഞ്ഞയച്ച വാക്ക് അമ്മോന്യരുടെ രാജാവ് കൂട്ടാക്കിയില്ല.

29 അപ്പോള്‍ യഹോവയുടെ ആത്മാവ് യിഫ്താഹിന്മേൽ വന്നു; അവന്‍ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പായിൽ എത്തി ഗിലെയാദിലെ മിസ്പായിൽനിന്ന് അമ്മോന്യരുടെ നേരേ ചെന്നു.

30 യിഫ്താഹ് യഹോവയ്ക്ക് ഒരു നേര്‍ച്ച നേര്‍ന്നു പറഞ്ഞത്: നീ അമ്മോന്യരെ എന്‍റെ കൈയിൽ ഏല്പിക്കുമെങ്കിൽ

31 ഞാന്‍ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ എന്‍റെ വീട്ടുവാതിൽക്കൽനിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതാകും; അതു ഞാന്‍ ഹോമയാഗമായി അര്‍പ്പിക്കും.

32 ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്‍വാന്‍ അവരുടെ നേരേ ചെന്നു; യഹോവ അവരെ അവന്‍റെ കൈയിൽ ഏല്പിച്ചു.

33 അവന്‍ അവര്‍ക്ക് അരോവേര്‍മുതൽ മിന്നീത്ത്‍വരെയും ആബേൽ-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി.

34 എന്നാൽ യിഫ്താഹ് മിസ്പായിൽ തന്‍റെ വീട്ടിലേക്കു ചെല്ലുമ്പോള്‍ ഇതാ, അവന്‍റെ മകള്‍ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവള്‍ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് മകനുമില്ല മകളുമില്ല.

35 അവളെ കണ്ടയുടനെ അവന്‍ തന്‍റെ വസ്ത്രം കീറി: അയ്യോ, എന്‍റെ മകളേ, നീ എന്‍റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാന്‍ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.

36 അവള്‍ അവനോട്: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്‍റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്‍റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു.

37 എന്നാൽ ഒരു കാര്യം എനിക്കുവേണ്ടിയിരുന്നു; ഞാന്‍ പര്‍വതങ്ങളിൽ ചെന്ന് എന്‍റെ സഖിമാരുമായി എന്‍റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്ന് അവള്‍ തന്‍റെ അപ്പനോടു പറഞ്ഞു.

38 അതിന് അവന്‍: പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവള്‍ തന്‍റെ സഖിമാരുമായി ചെന്നു തന്‍റെ കന്യാത്വത്തെക്കുറിച്ചു പര്‍വതങ്ങളിൽ വിലാപം കഴിച്ചു.

39 രണ്ടു മാസം കഴിഞ്ഞിട്ട് അവള്‍ തന്‍റെ അപ്പന്‍റെ അടുക്കലേക്കു മടങ്ങിവന്നു; അവന്‍ നേര്‍ന്നിരുന്ന നേര്‍ച്ചപോലെ അവളോടു ചെയ്തു; അവള്‍ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല.

40 പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാര്‍ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്‍റെ മകളെ കീര്‍ത്തിപ്പാന്‍ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായിത്തീര്‍ന്നു.

  • Judges 10 — previous chapter
  • Judges 12 — next chapter
  • Judges 11 — English (KJV)
  • Judges 11 — English (WEB)
  • Judges 11 — Tamil (தமிழ்)
  • Judges 11 — Hindi (हिंदी)
  • Judges 11 — Kannada (ಕನ್ನಡ)