യോശുവ 23 (Joshua 23)

Malayalam Bible — Malayalam (മലയാളം)

1 യഹോവ ചുറ്റുമുള്ള സകല ശത്രുക്കളെയും അടക്കി യിസ്രായേലിനു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞ് യോശുവ വയസ്സുചെന്ന് വൃദ്ധന്‍ ആയശേഷം

2 യോശുവ എല്ലാ യിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ച് അവരോടു പറഞ്ഞതെന്തെന്നാൽ: ഞാന്‍ വയസ്സുചെന്ന് വൃദ്ധന്‍ ആയിരിക്കുന്നു.

3 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകല ജാതികളോടും ചെയ്തതൊക്കെയും നിങ്ങള്‍ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തത്.

4 ഇതാ, യോര്‍ദ്ദാന്‍മുതൽ പടിഞ്ഞാറോട്ട് മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാന്‍ സംഹരിച്ചുകളഞ്ഞിട്ടുള്ള സകല ജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങള്‍ക്ക് അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു.

5 നിങ്ങളുടെ ദൈവമായ യഹോവതന്നെ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ച് നിങ്ങളുടെ ദൃഷ്‍ടിയിൽനിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതുപോലെ നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.

6 ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പാനും അതിൽനിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിന്‍.

7 നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജാതികളോട് നിങ്ങള്‍ ഇടകലരരുത്; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യം ചെയ്കയും അരുത്; അവയെ സേവിക്കയും നമസ്കരിക്കയും അരുത്.

8 നിങ്ങള്‍ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരിപ്പിന്‍.

9 യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യനും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാന്‍ കഴിഞ്ഞിട്ടില്ല.

10 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതുപോലെ താന്‍തന്നെ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് നിങ്ങളിൽ ഒരുത്തന്‍ ആയിരം പേരെ ഓടിച്ചിരിക്കുന്നു.

11 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാന്‍ പൂര്‍ണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിന്‍.

12 അല്ലാതെ നിങ്ങള്‍ വല്ല പ്രകാരവും പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേര്‍ന്ന് വിവാഹസംബന്ധം ചെയ്കയും നിങ്ങള്‍ അവരോടും അവര്‍ നിങ്ങളോടും ഇടകലരുകയും ചെയ്താൽ

13 നിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നും നീക്കിക്കളകയില്ലന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങള്‍ നശിച്ചുപോകുംവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കെണിയും വിലാപ്പുറത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നും അറിഞ്ഞുകൊള്‍വിന്‍.

14 ഇതാ, ഞാന്‍ ഇന്നു സകല ഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ച് അരുളിച്ചെയ്തിട്ടുള്ള സകല നന്മകളിലുംവച്ച് ഒന്നിനും വീഴ്ചവന്നിട്ടില്ലന്ന് നിങ്ങള്‍ക്ക് പൂര്‍ണഹൃദയത്തിലും പൂര്‍ണമനസ്സിലും ബോധ്യമായിരിക്കുന്നു; സകലവും നിങ്ങള്‍ക്ക് സംഭവിച്ചു; ഒന്നിനും വീഴ്ച വന്നിട്ടില്ല.

15 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് അരുളിച്ചെയ്തിട്ടുള്ള എല്ലാ നന്മകളും നിങ്ങള്‍ക്കു സംഭവിച്ചതുപോലെതന്നെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും.

16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്‍റെ നിയമം നിങ്ങള്‍ ലംഘിക്കയും ചെന്ന് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെ നേരേ ജ്വലിക്കും; അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള ഈ നല്ല ദേശത്തുനിന്ന് നിങ്ങള്‍ വേഗം നശിച്ചുപോകയും ചെയ്യും.

  • Joshua 22 — previous chapter
  • Joshua 24 — next chapter
  • Joshua 23 — English (KJV)
  • Joshua 23 — English (WEB)
  • Joshua 23 — Tamil (தமிழ்)
  • Joshua 23 — Hindi (हिंदी)
  • Joshua 23 — Kannada (ಕನ್ನಡ)