യോഹന്നാൻ 17 (John 17)

Malayalam Bible — Malayalam (മലയാളം)

1 ഇതു സംസാരിച്ചിട്ടു യേശു സ്വര്‍ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാല്‍: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്‍റെ പുത്രന്‍ നിന്നെ മഹത്ത്വപ്പെടുത്തേണ്ടതിനു പുത്രനെ മഹത്ത്വപ്പെടുത്തേണമേ.

2 നീ അവനു നല്കിയിട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിനു നീ സകല ജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ.

3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവന്‍ ആകുന്നു.

4 ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്ത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാന്‍ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു.

5 ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്ത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്ത്വപ്പെടുത്തേണമേ.

6 നീ ലോകത്തില്‍നിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കു ഞാന്‍ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ നിനക്കുള്ളവര്‍ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവര്‍ നിന്‍റെ വചനം പ്രമാണിച്ചുമിരിക്കുന്നു.

7 നീ എനിക്കു തന്നത് എല്ലാം നിന്‍റെ പക്കല്‍നിന്ന് ആകുന്നു എന്ന്അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു.

8 നീ എനിക്കു തന്ന വചനം ഞാന്‍ അവര്‍ക്കു കൊടുത്തു; അവര്‍ അതു കൈക്കൊണ്ടു, ഞാന്‍ നിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു.

9 ഞാന്‍ അവര്‍ക്കുവേണ്ടി അപേക്ഷിക്കുന്നു; ലോകത്തിനുവേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവര്‍ നിനക്കുള്ളവര്‍ ആകകൊണ്ട് അവര്‍ക്കുവേണ്ടിയത്രേ ഞാന്‍ അപേക്ഷിക്കുന്നത്.

10 എന്‍റേത് എല്ലാം നിന്‍റേതും നിന്‍റേത് എന്‍റേതും ആകുന്നു; ഞാന്‍ അവരില്‍ മഹത്ത്വപ്പെട്ടുമിരിക്കുന്നു.

11 ഇനി ഞാന്‍ ലോകത്തില്‍ ഇരിക്കുന്നില്ല; ഇവരോ ലോകത്തില്‍ ഇരിക്കുന്നു; ഞാന്‍ നിന്‍റെ അടുക്കല്‍ വരുന്നു. പരിശുദ്ധപിതാവേ, അവര്‍ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്കു തന്നിരിക്കുന്ന നിന്‍റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ.

12 അവരോടുകൂടെ ഇരുന്നപ്പോള്‍ ഞാന്‍ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്‍റെ നാമത്തില്‍ കാത്തുകൊണ്ടിരുന്നു; ഞാന്‍ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിനു നിവൃത്തി വരേണ്ടതിന് ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല.

13 ഇപ്പോഴോ ഞാന്‍ നിന്‍റെ അടുക്കല്‍ വരുന്നു; എന്‍റെ സന്തോഷം അവര്‍ക്ക് ഉള്ളില്‍ പൂര്‍ണമാകേണ്ടതിന് ഇതു ലോകത്തില്‍ വച്ചു സംസാരിക്കുന്നു.

14 ഞാന്‍ അവര്‍ക്കു നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ട് ലോകം അവരെ പകച്ചു.

15 അവരെ ലോകത്തില്‍നിന്ന് എടുക്കേണം എന്നല്ല ദുഷ്ടന്‍റെ കൈയില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നത്.

16 ഞാന്‍ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല.

17 സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ; നിന്‍റെ വചനം സത്യം ആകുന്നു.

18 നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാന്‍ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു.

19 അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിന് ഞാന്‍ അവര്‍ക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.

20 ഇവര്‍ക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താല്‍ എന്നില്‍ വിശ്വസിപ്പാനിരിക്കുന്നവര്‍ക്കുവേണ്ടിയും ഞാന്‍ അപേക്ഷിക്കുന്നു.

21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാന്‍നിന്നിലും ആകുന്നതുപോലെ, അവരും നമ്മില്‍ ആകേണ്ടതിനുതന്നെ.

22 നീ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാന്‍ അവര്‍ക്കു കൊടുത്തിരിക്കുന്നു.

23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാന്‍, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിനും ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികഞ്ഞവരായിരിക്കേണ്ടതിനുംതന്നെ.

24 പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പേ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്ത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിനു ഞാന്‍ ഇരിക്കുന്ന ഇടത്ത് അവരും എന്നോടുകൂടെ ഇരിക്കേണം എന്ന് ഞാന്‍ ഇച്ഛിക്കുന്നു.

25 നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്ന് ഇവരും അറിഞ്ഞിരിക്കുന്നു.

26 നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്‍റെ നാമം അവര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

  • John 16 — previous chapter
  • John 18 — next chapter
  • John 17 — English (KJV)
  • John 17 — English (WEB)
  • John 17 — Tamil (தமிழ்)
  • John 17 — Hindi (हिंदी)
  • John 17 — Kannada (ಕನ್ನಡ)