യോഹന്നാൻ 12 (John 12)

Malayalam Bible — Malayalam (മലയാളം)

1 യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ലാസര്‍ പാര്‍ത്ത ബേഥാന്യയിലേക്ക് യേശു പെസഹയ്ക്ക് ആറു ദിവസം മുമ്പേ വന്നു.

2 അവിടെ അവര്‍ അവന് ഒരു അത്താഴം ഒരുക്കി; മാര്‍ത്ത ശുശ്രൂഷ ചെയ്തു, ലാസറോ അവനോടുകൂടെ പന്തിയില്‍ ഇരുന്നവരില്‍ ഒരുവന്‍ ആയിരുന്നു.

3 അപ്പോള്‍ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തല്‍ എടുത്തു യേശുവിന്‍റെ കാലില്‍ പൂശി തന്‍റെ തലമുടികൊണ്ടു കാല്‍ തുവര്‍ത്തി; തൈലത്തിന്‍റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു.

4 എന്നാല്‍ അവന്‍റെ ശിഷ്യന്മാരില്‍ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവ്;

5 ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദരിദ്രന്മാര്‍ക്കു കൊടുക്കാഞ്ഞത് എന്ത് എന്നു പറഞ്ഞു.

6 ഇത് ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആകകൊണ്ടും പണസ്സഞ്ചി തന്‍റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്.

7 യേശുവോ: അവളെ വിടുക; എന്‍റെ ശവസംസ്കാരദിവസത്തിനായി അവള്‍ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.

8 ദരിദ്രന്മാര്‍ നിങ്ങള്‍ക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാന്‍ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.

9 അവന്‍ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്‍റെ നിമിത്തം മാത്രമല്ല അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ലാസറെ കാണ്‍മാനായിട്ടുംകൂടെ വന്നു.

10 അവന്‍ ഹേതുവായി അനേകം യെഹൂദന്മാര്‍ ചെന്ന്

11 യേശുവില്‍ വിശ്വസിക്കയാല്‍ ലാസറെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാര്‍ ആലോചിച്ചു.

12 പിറ്റേന്നു പെരുന്നാള്‍ക്കു വന്നൊരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ട്

13 ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ട് അവനെ എതിരേല്പാന്‍ ചെന്നു: ഹോശന്നാ, യിസ്രായേലിന്‍റെ രാജാവായി കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ എന്ന് ആര്‍ത്തു.

14 യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ട് അതിന്മേല്‍ കയറി.

15 “സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്‍റെ രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ.

16 ഇത് അവന്‍റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല; യേശുവിനു തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവനെ ഇങ്ങനെ ചെയ്തു എന്നും അവര്‍ക്ക് ഓര്‍മ വന്നു.

17 അവന്‍ ലാസറെ കല്ലറയില്‍നിന്നു വിളിച്ചു മരിച്ചവരില്‍നിന്ന് എഴുന്നേല്പിച്ചപ്പോള്‍ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.

18 അവന്‍ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ട് അവനെ എതിരേറ്റുചെന്നു.

19 ആകയാല്‍ പരീശന്മാര്‍ തമ്മില്‍ തമ്മില്‍: നമുക്ക് ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്‍റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.

20 പെരുന്നാളില്‍ നമസ്കരിപ്പാന്‍ വന്നവരില്‍ ചില യവനന്മാര്‍ ഉണ്ടായിരുന്നു.

21 ഇവര്‍ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്‍റെ അടുക്കല്‍ ചെന്ന് അവനോട്: യജമാനനേ, ഞങ്ങള്‍ക്കു യേശുവിനെ കാണ്‍മാന്‍ താല്‍പര്യമുണ്ട് എന്ന് അപേക്ഷിച്ചു.

22 ഫിലിപ്പൊസ് ചെന്ന് അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസുംകൂടെ ചെന്നു യേശുവിനോട് പറഞ്ഞു.

23 യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രന്‍ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.

24 ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോട് പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കില്‍ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.

25 തന്‍റെ ജീവനെ സ്നേഹിക്കുന്നവന്‍ അതിനെ കളയും; ഇഹലോകത്തില്‍ തന്‍റെ ജീവനെ പകയ്ക്കുന്നവന്‍ അതിനെ നിത്യജീവനായി സൂക്ഷിക്കും.

26 എനിക്കു ശുശ്രൂഷ ചെയ്യുന്നവന്‍ എന്നെ അനുഗമിക്കട്ടെ; ഞാന്‍ ഇരിക്കുന്നേടത്ത് എന്‍റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.

27 ഇപ്പോള്‍ എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന്‍ എന്തു പറയേണ്ടൂ? പിതാവേ, ഈ നാഴികയില്‍നിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാന്‍ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.

28 പിതാവേ, നിന്‍റെ നാമത്തെ മഹത്ത്വപ്പെടുത്തേണമേ. അപ്പോള്‍ സ്വര്‍ഗത്തില്‍നിന്നു; ഞാന്‍ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.

29 അതു കേട്ടിട്ട് അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലര്‍: ഒരു ദൈവദൂതന്‍ അവനോട് സംസാരിച്ചു എന്നു പറഞ്ഞു.

30 അതിന് യേശു: ഈ ശബ്ദം എന്‍റെ നിമിത്തമല്ല; നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്.

31 ഇപ്പോള്‍ ഈ ലോകത്തിന്‍റെ ന്യായവിധി ആകുന്നു; ഇപ്പോള്‍ ഈ ലോകത്തിന്‍റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.

32 ഞാനോ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെട്ടാല്‍ എല്ലാവരെയും എങ്കലേക്ക് ആകര്‍ഷിക്കും എന്ന് ഉത്തരം പറഞ്ഞു.

33 ഇതു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.

34 പുരുഷാരം അവനോട്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങള്‍ ന്യായപ്രമാണത്തില്‍ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടതെന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രന്‍ ആര്‍ എന്നു ചോദിച്ചു.

35 അതിനു യേശു അവരോട്: ഇനി കുറെക്കാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയില്‍ ഇരിക്കും; ഇരുള്‍ നിങ്ങളെ പിടിക്കാതിരിപ്പാന്‍ നിങ്ങള്‍ക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊള്‍വിന്‍. ഇരുളില്‍ നടക്കുന്നവന്‍ താന്‍ എവിടെ പോകുന്നു എന്ന് അറിയുന്നില്ലല്ലോ.

36 നിങ്ങള്‍ വെളിച്ചത്തിന്‍റെ മക്കള്‍ ആകേണ്ടതിന്; വെളിച്ചം ഉള്ളേടത്തോളം വെളിച്ചത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു.

37 ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവര്‍ കാണ്‍കെ അവന്‍ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല.

38 “കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്‍റെ ഭുജം ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകന്‍ പറഞ്ഞ വചനം നിവൃത്തിയാവാന്‍ ഇടവന്നു.

39 അവര്‍ക്കു വിശ്വസിപ്പാന്‍ കഴിഞ്ഞില്ല; അതിന്‍റെ കാരണം യെശയ്യാവ് വേറേ ഒരേടത്തു പറയുന്നത്:

40 “അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനംതിരികയോ താന്‍ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവന്‍ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.”

41 യെശയ്യാവ് അവന്‍റെ തേജസ്സു കണ്ട് അവനെക്കുറിച്ചു സംസാരിച്ചതുകൊണ്ടാകുന്നു ഇതു പറഞ്ഞത്.

42 എന്നിട്ടും പ്രമാണികളില്‍ തന്നേയും അനേകര്‍ അവനില്‍ വിശ്വസിച്ചു; പള്ളിഭ്രഷ്ടര്‍ ആകാതിരിപ്പാന്‍ പരീശന്മാര്‍ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.

43 അവര്‍ ദൈവത്താലുള്ള മാനത്തെക്കാള്‍ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.

44 യേശു വിളിച്ചുപറഞ്ഞത്: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനില്‍തന്നെ വിശ്വസിക്കുന്നു.

45 എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു.

46 എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഇരുളില്‍ വസിക്കാതിരിപ്പാന്‍ ഞാന്‍ വെളിച്ചമായി ലോകത്തില്‍ വന്നിരിക്കുന്നു.

47 എന്‍റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാന്‍ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല; ലോകത്തെ രക്ഷിപ്പാനത്രേ ഞാന്‍ വന്നിരിക്കുന്നത്.

48 എന്‍റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവന്‍ ഉണ്ട്; ഞാന്‍ സംസാരിച്ച വചനംതന്നെ ഒടുക്കത്തെ നാളില്‍ അവനെ ന്യായം വിധിക്കും. ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല;

49 എന്നെ അയച്ച പിതാവുതന്നെ ഞാന്‍ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.

50 അവന്‍റെ കല്പന നിത്യജീവന്‍ എന്ന് ഞാന്‍ അറിയുന്നു; ആകയാല്‍ ഞാന്‍ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംസാരിക്കുന്നു.

  • John 11 — previous chapter
  • John 13 — next chapter
  • John 12 — English (KJV)
  • John 12 — English (WEB)
  • John 12 — Tamil (தமிழ்)
  • John 12 — Hindi (हिंदी)
  • John 12 — Kannada (ಕನ್ನಡ)