ഇയ്യോബ് 42 (Job 42)

Malayalam Bible — Malayalam (മലയാളം)

1 അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:

2 നിനക്ക് സകലവും കഴിയുമെന്നും നിന്‍റെ ഉദ്ദേശ്യമൊന്നും അസാധ്യമല്ലന്നും ഞാന്‍ അറിയുന്നു.

3 അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാര്‍? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അദ്ഭുതമേറിയതു ഞാന്‍ തിരിച്ചറിയാതെ പറഞ്ഞുപോയി.

4 കേള്‍ക്കേണമേ; ഞാന്‍ സംസാരിക്കും; ഞാന്‍ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ.

5 ഞാന്‍ നിന്നെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളൂ; ഇപ്പോഴോ, എന്‍റെ കണ്ണാൽ നിന്നെ കാണുന്നു.

6 ആകയാൽ ഞാന്‍ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു.

7 യഹോവ ഈ വചനങ്ങളെ ഇയ്യോബിനോട് അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോട് അരുളിച്ചെയ്തത്: നിന്നോടും നിന്‍റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്‍റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള്‍ എന്നെക്കുറിച്ചു വിഹിതമായത് സംസാരിച്ചിട്ടില്ല.

8 ആകയാൽ നിങ്ങള്‍ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്‍റെ ദാസനായ ഇയ്യോബിന്‍റെ അടുക്കൽ കൊണ്ടുചെന്നു നിങ്ങള്‍ക്കുവേണ്ടി ഹോമയാഗം കഴിപ്പിന്‍; എന്‍റെ ദാസനായ ഇയ്യോബ് നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും; ഞാന്‍ അവന്‍റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതയ്ക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്‍റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള്‍ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ.

9 അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്‍റെ മുഖത്തെ ആദരിച്ചു.

10 ഇയ്യോബ് തന്‍റെ സ്നേഹിതന്മാര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ യഹോവ അവന്‍റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പേ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു.

11 അവന്‍റെ സകല സഹോദരന്മാരും സഹോദരിമാരും മുമ്പേ അവനു പരിചയമുള്ളവരൊക്കെയും അവന്‍റെ അടുക്കൽ വന്ന് അവന്‍റെ വീട്ടിൽ അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്‍റെമേൽ വരുത്തിയിരുന്ന സകല അനര്‍ഥത്തെയുംകുറിച്ച് അവര്‍ അവനോടു സഹതാപം കാണിച്ച് അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന് ഓരോ പൊന്‍നാണ്യവും ഓരോ പൊന്‍മോതിരവും കൊടുത്തു.

12 ഇങ്ങനെ യഹോവ ഇയ്യോബിന്‍റെ പിന്‍കാലത്തെ അവന്‍റെ മുന്‍കാലത്തെക്കാള്‍ അധികം അനുഗ്രഹിച്ചു; അവനു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏര്‍ കാളയും ആയിരം പെണ്‍കഴുതയും ഉണ്ടായി.

13 അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.

14 മൂത്തവള്‍ക്ക് അവന്‍ യെമീമാ എന്നും രണ്ടാമത്തവള്‍ക്കു കെസീയാ എന്നും മൂന്നാമത്തവള്‍ക്കു കേരെന്‍-ഹപ്പൂക് എന്നും പേര്‍ വിളിച്ചു.

15 ഇയ്യോബിന്‍റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകള്‍ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പന്‍ അവരുടെ സഹോദരന്മാരോടുകൂടെ അവര്‍ക്ക് അവകാശം കൊടുത്തു.

16 അതിന്‍റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവന്‍ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു.

17 അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂര്‍ണനുമായി മരിച്ചു.

  • Job 41 — previous chapter
  • Psalms 1 — next chapter
  • Job 42 — English (KJV)
  • Job 42 — English (WEB)
  • Job 42 — Tamil (தமிழ்)
  • Job 42 — Hindi (हिंदी)
  • Job 42 — Kannada (ಕನ್ನಡ)