ഇയ്യോബ് 32 (Job 32)

Malayalam Bible — Malayalam (മലയാളം)

1 അങ്ങനെ ഇയ്യോബ് തനിക്കുതന്നെ നീതിമാനായിത്തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാര്‍ അവനോടു വാദിക്കുന്നതു മതിയാക്കി.

2 അപ്പോള്‍ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്‍റെ മകന്‍ എലീഹൂവിന്‍റെ കോപം ജ്വലിച്ചു; ദൈവത്തെക്കാള്‍ തന്നെത്താന്‍ നീതീകരിച്ചതുകൊണ്ട് ഇയ്യോബിന്‍റെ നേരേ അവന്‍റെ കോപം ജ്വലിച്ചു.

3 അവന്‍റെ മൂന്നു സ്നേഹിതന്മാര്‍ ഇയ്യോബിന്‍റെ കുറ്റം തെളിയിപ്പാന്‍ തക്ക ഉത്തരം കാണായ്കകൊണ്ട് അവരുടെ നേരേയും അവന്‍റെ കോപം ജ്വലിച്ചു.

4 എന്നാൽ അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരാകകൊണ്ട് എലീഹൂ ഇയ്യോബിനോടു സംസാരിപ്പാന്‍ താമസിച്ചു.

5 ആ മൂന്നു പുരുഷന്മാര്‍ക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ട് എലീഹൂവിന്‍റെ കോപം ജ്വലിച്ചു.

6 അങ്ങനെ ബൂസ്യനായ ബറഖേലിന്‍റെ മകന്‍ എലീഹൂ പറഞ്ഞതെന്തെന്നാൽ: ഞാന്‍ പ്രായം കുറഞ്ഞവനും നിങ്ങള്‍ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാന്‍ ശങ്കിച്ചു, അഭിപ്രായം പറവാന്‍ തുനിഞ്ഞില്ല.

7 പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ എന്നിങ്ങനെ ഞാന്‍ വിചാരിച്ചു.

8 എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; സര്‍വശക്തന്‍റെ ശ്വാസം അവര്‍ക്കു വിവേകം നല്കുന്നു.

9 പ്രായം ചെന്നവരത്രേ ജ്ഞാനികള്‍ എന്നില്ല; വൃദ്ധന്മാരത്രേ ന്യായബോധമുള്ളവര്‍ എന്നുമില്ല.

10 അതുകൊണ്ട് ഞാന്‍ പറയുന്നത്: എന്‍റെ വാക്കു കേട്ടുകൊള്‍വിന്‍; ഞാനും എന്‍റെ അഭിപ്രായം പ്രസ്താവിക്കാം.

11 ഞാന്‍ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങള്‍ തക്ക മൊഴികള്‍ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങള്‍ക്കു ഞാന്‍ ചെവികൊടുത്തു.

12 നിങ്ങള്‍ പറഞ്ഞതിനു ഞാന്‍ ശ്രദ്ധകൊടുത്തു; ഇയ്യോബിനു ബോധം വരുത്തുവാനോ അവന്‍റെ മൊഴികള്‍ക്കുത്തരം പറവാനോ നിങ്ങളിൽ ആരുമില്ല.

13 ഞങ്ങള്‍ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങള്‍ പറയരുത്.

14 എന്‍റെ നേരേയല്ലല്ലോ അവന്‍ തന്‍റെ മൊഴികളെ പ്രയോഗിച്ചത്; നിങ്ങളുടെ വചനങ്ങള്‍കൊണ്ടു ഞാന്‍ അവനോട് ഉത്തരം പറകയുമില്ല.

15 അവര്‍ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവര്‍ക്ക് വാക്കു മുട്ടിപ്പോയി.

16 അവര്‍ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു; അവര്‍ സംസാരിക്കായ്കയാൽ ഞാന്‍ കാത്തിരിക്കേണമോ?

17 എനിക്കു പറവാനുള്ളതു ഞാനും പറയും; എന്‍റെ അഭിപ്രായം ഞാന്‍ പ്രസ്താവിക്കും.

18 ഞാന്‍ മൊഴികള്‍കൊണ്ടു തിങ്ങിയിരിക്കുന്നു; എന്‍റെ ഉള്ളിലെ ആത്മാവ് എന്നെ നിര്‍ബന്ധിക്കുന്നു.

19 എന്‍റെ ഉള്ളം അടച്ചുവച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികള്‍പോലെ പൊട്ടുമാറായിരിക്കുന്നു.

20 എന്‍റെ വിമ്മിട്ടം തീരേണ്ടതിനു ഞാന്‍ സംസാരിക്കും; എന്‍റെ അധരം തുറന്ന് ഉത്തരം പറയും.

21 ഞാന്‍ ഒരുത്തന്‍റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല.

22 മുഖസ്തുതി പറവാന്‍ എനിക്ക് അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്‍റെ സ്രഷ്ടാവ് ക്ഷണത്തിൽ എന്നെ നീക്കിക്കളയും.

  • Job 31 — previous chapter
  • Job 33 — next chapter
  • Job 32 — English (KJV)
  • Job 32 — English (WEB)
  • Job 32 — Tamil (தமிழ்)
  • Job 32 — Hindi (हिंदी)
  • Job 32 — Kannada (ಕನ್ನಡ)