ഇയ്യോബ് 27 (Job 27)

Malayalam Bible — Malayalam (മലയാളം)

1 ഇയ്യോബ് തന്‍റെ സുഭാഷിതം തുടര്‍ന്നു ചൊല്ലിയതെന്തെന്നാൽ:

2 എന്‍റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സര്‍വശക്തനാണ-

3 എന്‍റെ പ്രാണന്‍ മുഴുവനും എന്നിലും ദൈവത്തിന്‍റെ ശ്വാസം എന്‍റെ മൂക്കിലും ഉണ്ടല്ലോ-

4 എന്‍റെ അധരം നീതികേടു സംസാരിക്കയില്ല; എന്‍റെ നാവ് വ്യാജം ഉച്ചരിക്കയുമില്ല.

5 നിങ്ങളുടെ വാദം ഞാന്‍ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്‍റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.

6 എന്‍റെ നീതി ഞാന്‍ വിടാതെ മുറുകെ പിടിക്കുന്നു; എന്‍റെ ഹൃദയം എന്‍റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.

7 എന്‍റെ ശത്രു ദുഷ്ടനെപ്പോലെയും എന്‍റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.

8 ദൈവം വഷളനെ ഛേദിച്ച് അവന്‍റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന് എന്തു പ്രത്യാശ ശേഷിപ്പുള്ളൂ?

9 അവനു കഷ്ടത വരുമ്പോള്‍ ദൈവം അവന്‍റെ നിലവിളി കേള്‍ക്കുമോ?

10 അവന്‍ സര്‍വശക്തനിൽ ആനന്ദിക്കുമോ? എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?

11 ദൈവത്തിന്‍റെ കൈയെക്കുറിച്ചു ഞാന്‍ നിങ്ങളെ ഉപദേശിക്കും; സര്‍വശക്തന്‍റെ ആന്തരം ഞാന്‍ മറച്ചുവയ്ക്കയില്ല.

12 നിങ്ങള്‍ എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങള്‍ വ്യര്‍ഥബുദ്ധികളായിരിക്കുന്നതെന്ത്?

13 ഇതു ദുര്‍ജനത്തിനു ദൈവത്തിന്‍റെ പക്കലുള്ള ഓഹരിയും നിഷ്ഠുരന്മാര്‍ സര്‍വശക്തങ്കൽനിന്നു പ്രാപിക്കുന്ന അവകാശവും തന്നെ.

14 അവന്‍റെ മക്കള്‍ പെരുകിയാൽ അതു വാളിനായിട്ടത്രേ; അവന്‍റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.

15 അവനു ശേഷിച്ചവര്‍ മഹാമാരിയാൽ കുഴിയിൽ ആകും; അവന്‍റെ വിധവമാര്‍ വിലപിക്കയുമില്ല.

16 അവന്‍ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും

17 അവന്‍ സമ്പാദിച്ചു എന്നേയുള്ളൂ; നീതിമാന്‍ അത് ഉടുക്കും; കുറ്റമില്ലാത്തവന്‍ വെള്ളി പങ്കിടും.

18 ചിലന്തിയെപ്പോലെ അവന്‍ വീടുപണിയുന്നു; കാവല്ക്കാരന്‍ മാടം കെട്ടുന്നതുപോലെ തന്നെ.

19 അവന്‍ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല; അവന്‍ കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു.

20 വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവര്‍ന്നു കൊണ്ടുപോകുന്നു.

21 കിഴക്കന്‍കാറ്റ് അവനെ പിടിച്ചിട്ട് അവന്‍ പൊയ്പോകുന്നു. അവന്‍റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.

22 ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കൈയിൽനിന്നു ചാടിപ്പോകുവാന്‍ അവന്‍ നോക്കുന്നു.

23 മനുഷ്യര്‍ അവന്‍റെ നേരേ കൈകൊട്ടും; അവന്‍റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.

  • Job 26 — previous chapter
  • Job 28 — next chapter
  • Job 27 — English (KJV)
  • Job 27 — English (WEB)
  • Job 27 — Tamil (தமிழ்)
  • Job 27 — Hindi (हिंदी)
  • Job 27 — Kannada (ಕನ್ನಡ)