ഇയ്യോബ് 17 (Job 17)

Malayalam Bible — Malayalam (മലയാളം)

1 എന്‍റെ ശ്വാസം ക്ഷയിച്ചു, എന്‍റെ ആയുസ്സ് കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.

2 എന്‍റെ അടുക്കെ പരിഹാസമേയുള്ളൂ; എന്‍റെ കണ്ണ് അവരുടെ വക്കാണം കണ്ടുകൊണ്ടിരിക്കുന്നു.

3 നീ പണയംകൊടുത്ത് എനിക്ക് ജാമ്യമാകേണമേ; എന്നോടു കൈയടിപ്പാന്‍ മറ്റാരുള്ളൂ?

4 ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയര്‍ത്തുകയില്ല.

5 ഒരുത്തന്‍ സ്നേഹിതന്മാരെ കവര്‍ച്ചയ്ക്കായി കാണിച്ചു കൊടുത്താൽ അവന്‍റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.

6 അവന്‍ എന്നെ ജനങ്ങള്‍ക്കു പഴഞ്ചൊല്ലാക്കിത്തീര്‍ത്തു; ഞാന്‍ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീര്‍ന്നു.

7 ദുഃഖം ഹേതുവായി എന്‍റെ കണ്ണ് മങ്ങിയിരിക്കുന്നു; എന്‍റെ അവയവങ്ങളൊക്കെയും നിഴൽപോലെ തന്നെ.

8 നേരുള്ളവര്‍ അതു കണ്ടു ഭ്രമിച്ചുപോകും; നിര്‍ദോഷി വഷളന്‍റെ നേരേ ചൊടിക്കും.

9 നീതിമാനോ തന്‍റെ വഴിയെ തുടര്‍ന്നു നടക്കും; കൈവെടിപ്പുള്ളവന്‍ മേല്ക്കുമേൽ ബലം പ്രാപിക്കും.

10 എന്നാൽ നിങ്ങള്‍ എല്ലാവരും മടങ്ങിവരുവിന്‍; ഞാന്‍ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.

11 എന്‍റെ നാളുകള്‍ കഴിഞ്ഞുപോയി; എന്‍റെ ഉദ്ദേശ്യങ്ങള്‍ക്ക്, എന്‍റെ ഹൃദയത്തിലെ നിരൂപണങ്ങള്‍ക്ക് ഭംഗം വന്നു.

12 അവര്‍ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാള്‍ അടുത്തിരിക്കുന്നുപോൽ.

13 ഞാനോ പാതാളത്തെ എന്‍റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാന്‍ എന്‍റെ കിടക്ക വിരിച്ചിരിക്കുന്നു.

14 ഞാന്‍ ദ്രവത്വത്തോട്: നീ എന്‍റെ അപ്പന്‍ എന്നും പുഴുവിനോട്: നീ എന്‍റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.

15 അങ്ങനെയിരിക്കെ എന്‍റെ പ്രത്യാശ എവിടെ? ആര്‍ എന്‍റെ പ്രത്യാശയെ കാണും?

16 അതു പാതാളത്തിന്‍റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും.

  • Job 16 — previous chapter
  • Job 18 — next chapter
  • Job 17 — English (KJV)
  • Job 17 — English (WEB)
  • Job 17 — Tamil (தமிழ்)
  • Job 17 — Hindi (हिंदी)
  • Job 17 — Kannada (ಕನ್ನಡ)