ഇയ്യോബ് 14 (Job 14)

Malayalam Bible — Malayalam (മലയാളം)

1 സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്പായുസ്സുള്ളവനും കഷ്ടസമ്പൂര്‍ണനും ആകുന്നു.

2 അവന്‍ പൂപോലെ വിടര്‍ന്നു പൊഴിഞ്ഞു പോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.

3 അവന്‍റെ നേരേയോ തൃക്കണ്ണു മിഴിക്കുന്നത്? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നത്?

4 അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധന്‍ ഉണ്ടോ? ഒരുത്തനുമില്ല.

5 അവന്‍റെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്‍റെ മാസങ്ങളുടെ എണ്ണം നിന്‍റെ പക്കൽ; അവനു ലംഘിച്ചുകൂടാത്ത അതിര്‍ നീ വച്ചിരിക്കുന്നു.

6 അവന്‍ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്‍റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിനു നിന്‍റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ.

7 ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുര്‍ക്കും; അത് ഇളംകൊമ്പുകള്‍ വിടാതിരിക്കയില്ല.

8 അതിന്‍റെ വേര്‍ നിലത്തു പഴകിയാലും അതിന്‍റെ കുറ്റി മണ്ണിൽ കെട്ടുപോയാലും

9 വെള്ളത്തിന്‍റെ ഗന്ധംകൊണ്ട് അതുകിളുര്‍ക്കും ഒരു തൈപോലെതളിര്‍വിടും.

10 പുരുഷനോ മരിച്ചാൽ ദ്രവിച്ചു പോകുന്നു; മനുഷ്യന്‍ പ്രാണനെ വിട്ടാൽ പിന്നെ അവന്‍ എവിടെ?

11 സമുദ്രത്തിലെ വെള്ളം പൊയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും

12 മനുഷ്യന്‍ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവര്‍ ഉണരുന്നില്ല; ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല;

13 നീ എന്നെ പാതാളത്തിൽ മറച്ചുവയ്ക്കയും നിന്‍റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ ഓര്‍ക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.

14 മനുഷ്യന്‍ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്‍റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.

15 നീ വിളിക്കും; ഞാന്‍ നിന്നോട് ഉത്തരം പറയും; നിന്‍റെ കൈവേലയോടു നിനക്കു താൽപര്യമുണ്ടാകും.

16 ഇപ്പോഴോ നീ എന്‍റെ കാലടികളെ എണ്ണുന്നു; എന്‍റെ പാപത്തിന്മേൽ നീ ദൃഷ്‍ടി വയ്ക്കുന്നില്ലയോ?

17 എന്‍റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്‍റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.

18 മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലംവിട്ടു മാറിപ്പോകുന്നു.

19 വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്‍റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ നീ മനുഷ്യന്‍റെ പ്രത്യാശയെ നശിപ്പിക്കുന്നു.

20 നീ എപ്പോഴും അവനെ ആക്രമിച്ചിട്ട് അവന്‍ കടന്നുപോകുന്നു; നീ അവന്‍റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.

21 അവന്‍റെ പുത്രന്മാര്‍ക്കു ബഹുമാനം ലഭിക്കുന്നത് അവന്‍ അറിയുന്നില്ല; അവര്‍ക്കു താഴ്ച ഭവിക്കുന്നത് അവന്‍ ഗ്രഹിക്കുന്നതുമില്ല.

22 തന്നെപ്പറ്റി മാത്രം അവന്‍റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്‍റെ ഉള്ളം ദുഃഖിക്കുന്നു.

  • Job 13 — previous chapter
  • Job 15 — next chapter
  • Job 14 — English (KJV)
  • Job 14 — English (WEB)
  • Job 14 — Tamil (தமிழ்)
  • Job 14 — Hindi (हिंदी)
  • Job 14 — Kannada (ಕನ್ನಡ)