യിരെമ്യാ 50 (Jeremiah 50)

Malayalam Bible — Malayalam (മലയാളം)

1 യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാട്:

2 ജാതികളുടെ ഇടയിൽ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിന്‍; കൊടി ഉയര്‍ത്തുവിന്‍; മറച്ചുവയ്ക്കാതെ ഘോഷിപ്പിന്‍; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക് തകര്‍ന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങള്‍ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങള്‍ തകര്‍ന്നിരിക്കുന്നു എന്നു പറവിന്‍.

3 വടക്കുനിന്ന് ഒരു ജാതി അതിന്‍റെ നേരേ പുറപ്പെട്ടുവരുന്നു; അത് ആ ദേശത്തെ ശൂന്യമാക്കുന്നു; അതിൽ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പൊയ്ക്കളയുന്നു.

4 ആ നാളുകളിൽ, ആ കാലത്ത്, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞും കൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാട്.

5 അവര്‍ സീയോനിലേക്കു മുഖം തിരിച്ച് അതിനെക്കുറിച്ചു ചോദിച്ചുകൊണ്ട്: വരുവിന്‍; മറന്നുപോകാത്തതായ ഒരു ശാശ്വതനിയമത്താൽ നമുക്കു യഹോവയോടു ചേര്‍ന്നുകൊള്ളാം എന്നു പറയും.

6 എന്‍റെ ജനം കാണാതെപോയ ആടുകള്‍ ആയിത്തീര്‍ന്നിരിക്കുന്നു; അവരുടെ ഇടയന്മാര്‍ അവരെ തെറ്റിച്ച് മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവര്‍ മലയിൽനിന്ന് കുന്നിന്മേൽ പോയി തങ്ങളുടെ കിടപ്പിടം മറന്നുകളഞ്ഞു.

7 അവരെ കാണുന്നവരൊക്കെയും അവരെ തിന്നുകളയുന്നു; അവരുടെ വൈരികള്‍: നാം കുറ്റം ചെയ്യുന്നില്ല; അവര്‍ നീതിനിവാസമായ യഹോവയോട്, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നെ, പാപം ചെയ്തുവല്ലോ എന്നു പറഞ്ഞു.

8 ബാബേലിൽനിന്ന് ഓടി കല്ദയദേശം വിട്ടുപോകുവിന്‍; ആട്ടിന്‍കൂട്ടത്തിനുമുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിപ്പിന്‍.

9 ഞാന്‍ ബാബേലിന്‍റെ നേരേ വടക്കേ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണര്‍ത്തിവരുത്തും; അവര്‍ അതിന്‍റെ നേരേ അണിനിരത്തും; അവിടെവച്ച് അതു പിടിക്കപ്പെടും; അവരുടെ അമ്പുകള്‍ വെറുതേ മടങ്ങാതെ സമര്‍ഥവീരന്‍റെ അമ്പുകള്‍പോലെ ഇരിക്കും.

10 കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവര്‍ക്ക് ഏവര്‍ക്കും തൃപ്തിവരും എന്നു യഹോവയുടെ അരുളപ്പാട്.

11 എന്‍റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങള്‍ സന്തോഷിക്കുന്നതുകൊണ്ട്, നിങ്ങള്‍ ഉല്ലസിക്കുന്നതുകൊണ്ട്, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ട്, ബലമുള്ള കുതിരയെപ്പോലെ നിങ്ങള്‍ ചിറാലിക്കുന്നതുകൊണ്ട്,

12 നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ചവള്‍ നാണിച്ചുപോകും; അവള്‍ ജാതികളിൽ അന്ത്യജാതിയും മരുഭൂമിയും വരണ്ട നിലവും ശൂന്യദേശവും ആകും.

13 യഹോവയുടെ ക്രോധം ഹേതുവായി അതു നിവാസികള്‍ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിനരികത്തുകൂടി കടന്നു പോകുന്ന ഏവരും സ്തംഭിച്ച് അതിന്‍റെ സകല ബാധകളും നിമിത്തം ചൂളകുത്തും.

14 ബാബേലിന്‍റെ നേരേ ചുറ്റും അണിനിരത്തുവിന്‍; എല്ലാ വില്ലാളികളുമായുള്ളോരേ, അമ്പുകളെ ലോഭിക്കാതെ അതിലേക്ക് എയ്തുവിടുവിന്‍; അതു യഹോവയോടു പാപം ചെയ്തിരിക്കുന്നുവല്ലോ.

15 അതിനു ചുറ്റുംനിന്ന് ആര്‍പ്പിടുവിന്‍; അതു കീഴടങ്ങിയിരിക്കുന്നു; അതിന്‍റെ കൊത്തളങ്ങള്‍ വീണു പോയി; അതിന്‍റെ മതിലുകള്‍ ഇടിഞ്ഞിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരമല്ലോ; അതിനോടു പ്രതികാരം ചെയ്‍വിന്‍; അതു ചെയ്തതുപോലെ അതിനോടും ചെയ്‍വിന്‍.

16 വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാള്‍ പിടിക്കുന്നവനെയും ബാബേലിൽനിന്ന് ഛേദിച്ചുകളവിന്‍; നശിപ്പിക്കുന്ന വാള്‍ പേടിച്ച് ഓരോരുത്തന്‍ സ്വജനത്തിന്‍റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്ക് ഓടിപ്പോകയും ചെയ്യും.

17 യിസ്രായേൽ ചിന്നിപ്പോയ ആട്ടിന്‍കൂട്ടം ആകുന്നു; സിംഹങ്ങള്‍ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂര്‍രാജാവ് അതിനെ തിന്നു; ഒടുക്കം ഇപ്പോള്‍ ബാബേൽരാജാവായ നെബൂഖദ്നേസര്‍ അതിന്‍റെ അസ്ഥികളെ ഒടിച്ചുകളഞ്ഞു.

18 അതുകൊണ്ടു യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അശ്ശൂര്‍രാജാവിനെ സന്ദര്‍ശിച്ചതുപോലെ ബാബേൽരാജാവിനെയും അവന്‍റെ രാജ്യത്തെയും സന്ദര്‍ശിക്കും.

19 പിന്നെ ഞാന്‍ യിസ്രായേലിനെ അവന്‍റെ മേച്ചൽപ്പുറത്തേക്കു മടക്കിവരുത്തും; അവന്‍ കര്‍മ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞ് അവനു തൃപ്തിവരും.

20 ഞാന്‍ ശേഷിപ്പിച്ചുവയ്ക്കുന്നവരോടു ക്ഷമിക്കയാൽ ആ നാളുകളിൽ, ആ കാലത്ത്, യിസ്രായേലിന്‍റെ അകൃത്യം അന്വേഷിച്ചാൽ അത് ഇല്ലാതെ ഇരിക്കും; യെഹൂദായുടെ പാപങ്ങള്‍ അന്വേഷിച്ചാൽ കാണുകയില്ല എന്നു യഹോവയുടെ അരുളപ്പാട്.

21 ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്‍റെ നേരേ ചെല്ലുക; അതിന്‍റെ നേരേയും സന്ദര്‍ശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരേയും തന്നെ; നീ അവരുടെ പിന്നാലെ ചെന്നു വെട്ടി നിര്‍മ്മൂലനാശം വരുത്തി ഞാന്‍ കല്പിച്ചതുപോലെയൊക്കെയും ചെയ്ക എന്നു യഹോവയുടെ അരുളപ്പാട്.

22 യുദ്ധത്തിന്‍റെ ആരവവും മഹാസംഹാരവും ദേശത്തിൽ ഉണ്ട്.

23 സര്‍വഭൂമിയുടെയും ചുറ്റിക പിളര്‍ന്നു തകര്‍ന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീര്‍ന്നതെങ്ങനെ?

24 ബാബേലേ, ഞാന്‍ നിനക്കു കെണിവച്ചു, നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലോ നീ പൊരുതിയത്.

25 യഹോവ തന്‍റെ ആയുധശാല തുറന്ന് തന്‍റെ ക്രോധത്തിന്‍റെ ആയുധങ്ങളെ എടുത്തുകൊണ്ടു വന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന് കല്ദയദേശത്ത് ഒരു പ്രവൃത്തി ചെയ്‍വാനുണ്ട്.

26 സകല ദിക്കുകളിലും നിന്ന് അതിന്‍റെ നേരേ വന്ന് അതിന്‍റെ കളപ്പുരകളെ തുറപ്പിന്‍; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിന്‍; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിര്‍മ്മൂലനാശം വരുത്തുവിന്‍.

27 അതിലെ കാളയെയൊക്കെയും കൊല്ലുവിന്‍; അവ കൊലയ്ക്ക് ഇറങ്ങിപ്പോകട്ടെ; അവര്‍ക്ക് അയ്യോ കഷ്ടം; അവരുടെ നാള്‍, അവരുടെ സന്ദര്‍ശനകാലം വന്നിരിക്കുന്നു.

28 നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്‍റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ, സീയോനിൽ അറിയിക്കേണ്ടതിനു ബാബേൽദേശത്തുനിന്നു രക്ഷപെട്ട് ഓടിപ്പോകുന്നവരുടെ ഘോഷം!

29 ബാബേലിന്‍റെ നേരേ വില്ലാളികളെ വിളിച്ചുകൂട്ടുവിന്‍; വില്ലു കുലയ്ക്കുന്ന ഏവരുമായുള്ളോരേ, അതിന്‍റെ നേരേ ചുറ്റും പാളയമിറങ്ങുവിന്‍; ആരും അതിൽനിന്ന് ചാടിപ്പോകരുത്; അതിന്‍റെ പ്രവൃത്തിക്കു തക്കവണ്ണം അതിനു പകരം കൊടുപ്പിന്‍; അതു ചെയ്തതുപോലെയൊക്കെയും അതിനോടും ചെയ്‍വിന്‍; അതു യഹോവയോട്, യിസ്രായേലിന്‍റെ പരിശുദ്ധനോടു തന്നെ, അഹങ്കാരം കാണിച്ചിരിക്കുന്നു.

30 അതുകൊണ്ട് അതിലെ യൗവനക്കാര്‍ അതിന്‍റെ വീഥികളിൽ വീഴും; അതിലെ യോദ്ധാക്കളൊക്കെയും അന്നു നശിച്ചുപോകും എന്നു യഹോവയുടെ അരുളപ്പാട്.

31 അഹങ്കാരിയേ, ഞാന്‍ നിനക്കു വിരോധിയായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; നിന്‍റെ നാള്‍, ഞാന്‍ നിന്നെ സന്ദര്‍ശിക്കുന്ന കാലം, വന്നിരിക്കുന്നു.

32 അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കയില്ല; ഞാന്‍ അവന്‍റെ പട്ടണങ്ങള്‍ക്കു തീ വയ്ക്കും; അത് അവന്‍റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും.

33 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരൊക്കെയും അവരെ വിട്ടയപ്പാന്‍ മനസ്സില്ലാതെ മുറുകെ പിടിച്ചുകൊള്ളുന്നു.

34 എന്നാൽ അവരുടെ വീണ്ടെടുപ്പുകാരന്‍ ശക്തിമാന്‍; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്‍റെ നാമം; ഭൂമിക്കു സ്വസ്ഥത വരുത്തേണ്ടതിനും ബാബേൽനിവാസികള്‍ക്കു സ്വസ്ഥത വരുത്തേണ്ടതിനും അവരുടെ വ്യവഹാരം അവന്‍ ശ്രദ്ധയോടെ നടത്തും.

35 കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്‍റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാള്‍ വരുന്നു എന്നു യഹോവയുടെ അരുളപ്പാട്.

36 വമ്പു പറയുന്നവര്‍ ഭോഷന്മാരാകത്തക്കവണ്ണം അവരുടെമേൽ വാള്‍ വരും; അതിലെ വീരന്മാര്‍ ഭ്രമിച്ചുപോകത്തക്കവണ്ണം അവരുടെ മേലും വാള്‍ വരും.

37 അവരുടെ കുതിരകളുടെ മേലും രഥങ്ങളുടെമേലും അതിന്‍റെ നടുവിലെ സര്‍വസമ്മിശ്ര ജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെമേലും വാള്‍ വരും; അതിന്‍റെ ഭണ്ഡാരങ്ങള്‍ കവര്‍ന്നു പോകത്തക്കവണ്ണം അവയുടെമേലും വാള്‍ വരും.

38 അതിലെ വെള്ളം വറ്റിപ്പോകത്തക്കവണ്ണം ഞാന്‍ അതിന്മേൽ വറുതി വരുത്തും; അത് വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങള്‍ നിമിത്തം അവര്‍ ഭ്രാന്തന്മാരായിരിക്കുന്നു.

39 ആകയാൽ അവിടെ മരുമൃഗങ്ങള്‍ കുറുനരികളോടുകൂടെ പാര്‍ക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികള്‍ ഇല്ലാതെ കിടക്കും.

40 ദൈവം സൊദോമും ഗൊമോറായും അവയുടെ അയൽപട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്.

41 വടക്കുനിന്ന് ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.

42 അവര്‍ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവര്‍ ക്രൂരന്മാര്‍, കരുണയില്ലാത്തവര്‍ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; ബാബേൽപുത്രീ, അവര്‍ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്‍റെ നേരേ അണിനിരന്നു നില്ക്കുന്നു.

43 ബാബേൽരാജാവ് അവരുടെ വര്‍ത്തമാനം കേട്ടിട്ട് അവന്‍റെ ധൈര്യം ക്ഷയിച്ചുപോയി; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവന് അതിവ്യസനവും വേദനയും പിടിച്ചു.

44 യോര്‍ദ്ദാന്‍റെ വന്‍കാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവന്‍, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപ്പുറങ്ങളിലേക്കു കയറിവരുന്നു; ഞാന്‍ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാന്‍ തിരഞ്ഞെടുക്കുന്ന ഒരാളെ അതിനു നിയമിക്കും; എനിക്കു സമനായവന്‍ ആര്‍? എനിക്ക് നേരം കുറിക്കുന്നവനാര്‍? എന്‍റെ മുമ്പാകെ നില്ക്കാകുന്ന ഇടയന്‍ ആര്‍?

45 അതുകൊണ്ട് യഹോവ ബാബേലിനെക്കുറിച്ച് ആലോചിച്ച ആലോചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേള്‍പ്പിന്‍! ആട്ടിന്‍കൂട്ടത്തിൽ ചെറിയവരെ അവര്‍ ഇഴച്ചുകൊണ്ടുപോകും; അവന്‍ അവരുടെ മേച്ചൽപ്പുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും.

46 ബാബേൽ പിടിക്കപ്പെട്ടു എന്ന ഘോഷംകൊണ്ടു ഭൂമി നടുങ്ങുന്നു; അതിന്‍റെ നിലവിളി ജാതികളുടെ ഇടയിൽ കേള്‍ക്കുന്നു.

  • Jeremiah 49 — previous chapter
  • Jeremiah 51 — next chapter
  • Jeremiah 50 — English (KJV)
  • Jeremiah 50 — English (WEB)
  • Jeremiah 50 — Tamil (தமிழ்)
  • Jeremiah 50 — Hindi (हिंदी)
  • Jeremiah 50 — Kannada (ಕನ್ನಡ)