യിരെമ്യാ 46 (Jeremiah 46)

Malayalam Bible — Malayalam (മലയാളം)

1 ജാതികളെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്. മിസ്രയീമിനെക്കുറിച്ചുള്ളത്:

2 ഫ്രാത്ത്നദീതീരത്തു കര്‍ക്കെമീശിൽ ഉണ്ടായിരുന്നതും ബാബേൽരാജാവായ നെബൂഖദ്നേസര്‍ യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ നാലാംആണ്ടിൽ തോല്പിച്ചുകളഞ്ഞതുമായ ഫറവോന്‍ നെഖോ എന്ന മിസ്രയീംരാജാവിന്‍റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നെ.

3 പരിചയും പലകയും ഒരുക്കി യുദ്ധത്തിനടുത്തുകൊള്‍വിന്‍!

4 കുതിരച്ചേവകരേ, കുതിരകള്‍ക്കു കോപ്പിട്ടു കയറുവിന്‍! തലക്കോരികയുമായി അണിനിരപ്പിന്‍; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിന്‍.

5 അവര്‍ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? അവരുടെ വീരന്മാര്‍ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സര്‍വത്രഭീതി എന്നു യഹോവയുടെ അരുളപ്പാട്. വേഗവാന്‍ ഓടിപ്പോകയില്ല;

6 വീരന്‍ ചാടിപ്പോകയുമില്ല; വടക്കു ഫ്രാത്ത്നദീതീരത്ത് അവര്‍ ഇടറിവീഴും.

7 നീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലയ്ക്കയും ചെയ്യുന്നോരിവനാര്‍?

8 മിസ്രയീം നീലനദിപോലെ പൊങ്ങുകയും അതിന്‍റെ വെള്ളം നദികള്‍ പോലെ അലയ്ക്കയും ഞാന്‍ പെരുകി ദേശത്തെ മൂടി നഗരത്തെയും അതിലെ നിവാസികളെയും നശിപ്പിക്കും എന്നു പറകയും ചെയ്യുന്നു.

9 കുതിരകളേ, കുതിച്ചുചാടുവിന്‍; രഥങ്ങളേ, മുറുകി ഓടുവിന്‍! വീരന്മാര്‍ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലടുത്തു കുലയ്ക്കുന്ന ലൂദ്യരും കൂടെ.

10 ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് തന്‍റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാള്‍ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കയും ചെയ്യും; വടക്കു ഫ്രാത്ത്നദീതീരത്തു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന് ഒരു ഹനനയാഗമുണ്ടല്ലോ.

11 മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്ന് തൈലം വാങ്ങുക; നീ വളരെ ഔഷധം പ്രയോഗിക്കുന്നതു വെറുതെ! നിനക്കു രോഗശാന്തി ഉണ്ടാകയില്ല.

12 ജാതികള്‍ നിന്‍റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു; നിന്‍റെ നിലവിളി ദേശത്ത് നിറഞ്ഞിരിക്കുന്നു; വീരന്‍ വീരനോടു മുട്ടി രണ്ടു പേരും ഒരുമിച്ചു വീണിരിക്കുന്നു!

13 ബാബേൽരാജാവായ നെബൂഖദ്നേസര്‍ വന്നു മിസ്രയീംദേശത്തെ ജയിക്കുന്നതിനെക്കുറിച്ചു യിരെമ്യാപ്രവാചകനോടു യഹോവ കല്പിച്ച അരുളപ്പാട്:

14 മിസ്രയീമിൽ പ്രസ്താവിച്ചു മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേള്‍പ്പിപ്പിന്‍; അണിനിരന്ന് ഒരുങ്ങി നില്ക്ക എന്നു പറവിന്‍! വാള്‍ നിന്‍റെ ചുറ്റും തിന്നുകളയുന്നുവല്ലോ.

15 നിന്‍റെ ബലവാന്മാര്‍ വീണുകിടക്കുന്നതെന്ത്? യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് അവര്‍ക്കു നില്പാന്‍ കഴിഞ്ഞില്ല.

16 അവന്‍ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തന്‍ മറ്റൊരുത്തന്‍റെ മീതെ വീണു; എഴുന്നേല്പിന്‍; നശിപ്പിക്കുന്ന വാളിന് ഒഴിഞ്ഞു നാം സ്വജനത്തിന്‍റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്ന് അവര്‍ പറയും.

17 മിസ്രയീംരാജാവായ ഫറവോന്: വിനാശം എന്നും സമയം തെറ്റി വരുന്നവന്‍ എന്നും പേര്‍ പറവിന്‍!

18 എന്നാണ, പര്‍വതങ്ങളിൽവച്ചു താബോര്‍പോലെയും കടലിനരികെയുള്ള കര്‍മ്മേൽപോലെയും നിശ്ചയമായിട്ട് അവന്‍ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്‍റെ അരുളപ്പാട്.

19 മിസ്രയീമിൽ പാര്‍ക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാന്‍ കോപ്പു കൂട്ടുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.

20 മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്ന് ഈച്ച അതിന്മേൽ വരുന്നു.

21 അതിന്‍റെ കൂലിച്ചേവകര്‍ അതിന്‍റെ മധ്യേ തടിച്ച കാളക്കിടാക്കളെപ്പോലെ യാകുന്നു; അവരും പിന്‍തിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദര്‍ശനകാലവും വന്നിരിക്കയാൽ അവര്‍ക്കു നില്പാന്‍ കഴിഞ്ഞില്ല.

22 അതിന്‍റെ ശബ്ദം പാമ്പ് ഓടുന്ന ശബ്ദംപോലെ; അവര്‍ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്‍റെ നേരേ വരും.

23 അതിന്‍റെ കാടു തിങ്ങിയതായിരുന്നാലും അവര്‍ അതിനെ വെട്ടിക്കളയും എന്നു യഹോവയുടെ അരുളപ്പാട്; അവര്‍ വെട്ടുക്കിളികളെക്കാള്‍ അധികം; അവര്‍ക്കു സംഖ്യയുമില്ല.

24 മിസ്രയീംപുത്രി ലജ്ജിച്ചുപോകും; അവള്‍ വടക്കേ ജാതിയുടെ കൈയിൽ ഏല്പിക്കപ്പെടും.

25 ഞാന്‍ നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്‍റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദര്‍ശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദര്‍ശിക്കും എന്നു യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

26 ഞാന്‍ അവരെ, അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും അവന്‍റെ ഭൃത്യന്മാരുടെ കൈയിലും ഏല്പിക്കും; അതിന്‍റെശേഷം അതിനു പുരാതനകാലത്തെന്നപോലെ നിവാസികള്‍ ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാട്.

27 എന്നാൽ എന്‍റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ; ഞാന്‍ നിന്നെ ദൂരത്തുനിന്നും നിന്‍റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല.

28 എന്‍റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്. നിന്നെ ഞാന്‍ ചിതറിച്ചുകളഞ്ഞ സകല ജാതികളെയും ഞാന്‍ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാന്‍ മുടിച്ചുകളകയില്ല; ഞാന്‍ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.

  • Jeremiah 45 — previous chapter
  • Jeremiah 47 — next chapter
  • Jeremiah 46 — English (KJV)
  • Jeremiah 46 — English (WEB)
  • Jeremiah 46 — Tamil (தமிழ்)
  • Jeremiah 46 — Hindi (हिंदी)
  • Jeremiah 46 — Kannada (ಕನ್ನಡ)