Malayalam Bible — Malayalam (മലയാളം)
1 യിരെമ്യാവ് സകല ജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കൽ അയച്ചു പറയിച്ച ഈ സകല വചനങ്ങളും, അവരുടെ ദൈവമായ യഹോവയുടെ സകല വചനങ്ങളും തന്നെ,
2 പറഞ്ഞുതീര്‍ന്നശേഷം ഹോശയ്യാവിന്‍റെ മകനായ അസര്യാവും കാരേഹിന്‍റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടു: നീ ഭോഷ്കു പറയുന്നു; മിസ്രയീമിൽ ചെന്നു പാര്‍ക്കേണ്ടതിന് അവിടെ പോകരുതെന്നു പറവാന്‍ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.
3 കല്ദയര്‍ ഞങ്ങളെ കൊന്നുകളയേണ്ടതിനും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിനും ഞങ്ങളെ അവരുടെ കൈയിൽ ഏല്പിപ്പാന്‍ നേര്യാവിന്‍റെ മകനായ ബാരൂക് നിന്നെ ഞങ്ങള്‍ക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു.
4 അങ്ങനെ കാരേഹിന്‍റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകല ജനവും യെഹൂദാദേശത്തു പാര്‍ക്കേണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല.
5 സകല ജാതികളുടെയും ഇടയിൽ ചിതറിപ്പോയിട്ടു യെഹൂദാദേശത്തു പാര്‍ക്കേണ്ടതിനു മടങ്ങിവന്ന യെഹൂദാശിഷ്ടത്തെയൊക്കെയും
6 പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ ഏല്പിച്ചിരുന്ന എല്ലാവരെയും യിരെമ്യാപ്രവാചകനെയും നേര്യാവിന്‍റെ മകനായ ബാരൂക്കിനെയും കാരേഹിന്‍റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും കൂട്ടിക്കൊണ്ട്,
7 യഹോവയുടെ വാക്ക് അനുസരിക്കാതെ മിസ്രയീംദേശത്തു ചെന്നു തഹ്പനേസ്‍വരെ എത്തി.
8 തഹ്പനേസിൽവച്ചു യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
9 നീ വലിയ കല്ലുകളെ എടുത്തു യെഹൂദാപുരുഷന്മാര്‍ കാണ്‍കെ തഹ്പനേസിൽ ഫറവോന്‍റെ അരമനയുടെ പടിക്കലുള്ള കളത്തിലെ കളിമണ്ണിൽ കുഴിച്ചിട്ട് അവരോടു പറയേണ്ടത്:
10 യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ എന്‍റെ ദാസനായ നെബൂഖദ്നേസര്‍ എന്ന ബാബേൽരാജാവിനെ വരുത്തി ഞാന്‍ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്‍റെ സിംഹാസനം വയ്ക്കും; അവന്‍ അവയുടെമേൽ തന്‍റെ മണിപ്പന്തൽ നിര്‍ത്തും.
11 അവന്‍ അന്നു മിസ്രയീംദേശം ജയിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏല്പിക്കും.
12 ഞാന്‍ മിസ്രയീമിലെ ദേവന്മാരുടെ ക്ഷേത്രങ്ങള്‍ക്കു തീ വയ്ക്കും; അവയെ ചുട്ടുകളഞ്ഞിട്ട് അവന്‍ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയന്‍ തന്‍റെ പുതപ്പു പുതയ്ക്കുന്നതുപോലെ അവന്‍ മിസ്രയീംദേശത്തെ പുതയ്ക്കയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടു പോകയും ചെയ്യും.
13 അവന്‍ മിസ്രയീംദേശത്തു ബേത്ത്-ശേമെശിലെ വിഗ്രഹങ്ങളെ തകര്‍ത്തു മിസ്രയീമ്യദേവന്മാരുടെ ക്ഷേത്രങ്ങളെ തീ വച്ചു ചുട്ടുകളയും.