യിരെമ്യാ 40 (Jeremiah 40)

Malayalam Bible — Malayalam (മലയാളം)

1 അകമ്പടിനായകനായ നെബൂസര്‍- അദാന്‍ യിരെമ്യാവെ രാമായിൽനിന്നു വിട്ടയച്ചശേഷം അവനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്. ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദായിലെയും സകല ബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.

2 എന്നാൽ അകമ്പടിനായകന്‍ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞത്: നിന്‍റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനര്‍ഥം അരുളിച്ചെയ്തു.

3 അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവര്‍ത്തിച്ചുമിരിക്കുന്നു; നിങ്ങള്‍ യഹോവയോടു പാപം ചെയ്ത് അവന്‍റെ വാക്കു കേള്‍ക്കാതിരുന്നതുകൊണ്ട് ഈ കാര്യം നിങ്ങള്‍ക്കു സംഭവിച്ചിരിക്കുന്നു.

4 ഇപ്പോള്‍ ഇതാ, നിന്‍റെ കൈമേലുള്ള ചങ്ങല ഞാന്‍ ഇന്ന് അഴിച്ചു നിന്നെ വിട്ടയയ്ക്കുന്നു; എന്നോടുകൂടെ ബാബേലിൽ പോരുവാന്‍ നിനക്ക് ഇഷ്ടമുണ്ടെങ്കിൽ പോരിക; ഞാന്‍ നിന്നെ നോക്കും. എന്നോടുകൂടെ ബാബേലിൽ പോരുവാന്‍ അനിഷ്ടം തോന്നിയാലോ പോരേണ്ടാ; ഇതാ, ദേശമൊക്കെയും നിന്‍റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടവും യോഗ്യവുമായി തോന്നുന്ന ഇടത്തേക്കു പൊയ്ക്കൊള്‍ക.

5 അവന്‍ വിട്ടുപോകും മുമ്പേ അവന്‍ പിന്നെയും: ബാബേൽരാജാവ് യെഹൂദാപട്ടണങ്ങള്‍ക്ക് അധിപതിയാക്കിയിരിക്കുന്ന ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവിന്‍റെ അടുക്കൽ നീ ചെന്ന് അവനോടുകൂടെ ജനത്തിന്‍റെ മധ്യേ പാര്‍ക്ക; അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞ് അകമ്പടിനായകന്‍ വഴിച്ചിലവും സമ്മാനവും കൊടുത്ത് അവനെ യാത്ര അയച്ചു.

6 അങ്ങനെ യിരെമ്യാവ് മിസ്പായിൽ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിന്‍റെ അടുക്കൽ ചെന്ന്, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്‍റെ ഇടയിൽ പാര്‍ത്തു.

7 ബാബേൽരാജാവ് അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടിന്‍പുറത്തുണ്ടായിരുന്ന എല്ലാ പടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോള്‍,

8 അവര്‍ മിസ്പായിൽ ഗെദല്യാവിന്‍റെ അടുക്കൽ വന്നു: നെഥന്യാവിന്‍റെ മകനായ യിശ്മായേൽ, കാരേഹിന്‍റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തന്‍ഹൂമെത്തിന്‍റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാര്‍, മയഖാഥ്യന്‍റെ മകനായ യെസന്യാവ് എന്നിവരും അവരുടെ ആളുകളും തന്നെ.

9 ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ കല്ദയരെ സേവിപ്പാന്‍ ഭയപ്പെടരുത്; ദേശത്തു പാര്‍ത്തു ബാബേൽരാജാവിനെ സേവിപ്പിന്‍; എന്നാൽ നിങ്ങള്‍ക്കു നന്നായിരിക്കും.

10 ഞാന്‍ നമ്മുടെ അടുക്കൽ വരുന്ന കല്ദയര്‍ക്ക് ഉത്തരവാദിയായി മിസ്പായിൽ വസിക്കും; നിങ്ങളോ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ച്, പാത്രങ്ങളിൽ സൂക്ഷിച്ച്, നിങ്ങള്‍ കൈവശമാക്കിയ പട്ടണങ്ങളിൽ പാര്‍ത്തുകൊള്‍വിന്‍.

11 അങ്ങനെ തന്നെ മോവാബിലും അമ്മോന്യരുടെ ഇടയിലും എദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേൽരാജാവ് യെഹൂദായിൽ ഒരു ശേഷിപ്പിനെ വച്ചിട്ടുണ്ടെന്നും ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവെ അവര്‍ക്ക് അധിപതിയാക്കിയിട്ടുണ്ടെന്നും കേട്ടപ്പോള്‍

12 സകല യെഹൂദന്മാരും അവര്‍ ചിതറിപ്പോയിരുന്ന സകല സ്ഥലങ്ങളിൽനിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്‍റെ അടുക്കൽ മിസ്പായിൽ വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.

13 എന്നാൽ കാരേഹിന്‍റെ മകനായ യോഹാനാനും നാട്ടിന്‍പുറത്തു പാര്‍ത്തിരുന്ന എല്ലാ പടത്തലവന്മാരും മിസ്പായിൽ ഗെദല്യാവിന്‍റെ അടുക്കൽവന്ന് അവനോടു:

14 നിന്നെ കൊന്നുകളയേണ്ടതിന് അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്‍റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അഹീക്കാമിന്‍റെ മകനായ ഗെദല്യാവോ അവരുടെ വാക്കു വിശ്വസിച്ചില്ല.

15 പിന്നെ കാരേഹിന്‍റെ മകനായ യോഹാനാന്‍ മിസ്പായിൽവച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചു: ഞാന്‍ ചെന്ന് ആരും അറിയാതെ നെഥന്യാവിന്‍റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്‍റെ അടുക്കൽ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദായിൽ ശേഷിച്ചവര്‍ നശിച്ചുപോകുവാനും തക്കവണ്ണം അവന്‍ നിന്നെ കൊല്ലുന്നത് എന്തിന് എന്നു പറഞ്ഞു.

16 എന്നാൽ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവ് കാരേഹിന്‍റെ മകന്‍ യോഹാനാനോട്: നീ ഈ കാര്യം ചെയ്യരുത്; നീ യിശ്മായേലിനെക്കുറിച്ചു ഭോഷ്കു പറയുന്നു എന്നു പറഞ്ഞു.

  • Jeremiah 39 — previous chapter
  • Jeremiah 41 — next chapter
  • Jeremiah 40 — English (KJV)
  • Jeremiah 40 — English (WEB)
  • Jeremiah 40 — Tamil (தமிழ்)
  • Jeremiah 40 — Hindi (हिंदी)
  • Jeremiah 40 — Kannada (ಕನ್ನಡ)