യിരെമ്യാ 33 (Jeremiah 33)

Malayalam Bible — Malayalam (മലയാളം)

1 യിരെമ്യാവ് കാവല്പുരമുറ്റത്ത് അടയ്ക്കപ്പെട്ടിരിക്കുമ്പോള്‍ യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം അവനുണ്ടായതെന്തെന്നാൽ:

2 അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവര്‍ത്തിപ്പാന്‍ നിര്‍ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവന്‍ തന്നെ, ഇപ്രകാരം അരുളിച്ചെയ്യുന്നു:

3 എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിനക്കുത്തരം അരുളും; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാന്‍ നിന്നെ അറിയിക്കും.

4 വാടകള്‍ക്കും വാളിനും എതിരേ തടുത്തു നില്ക്കേണ്ടതിനായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

5 അവര്‍ കല്ദയരോടു യുദ്ധം ചെയ്‍വാന്‍ ചെല്ലുന്നു; എന്നാൽ അതു, ഞാന്‍ എന്‍റെ കോപത്തിലും എന്‍റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങള്‍കൊണ്ട് അവയെ നിറപ്പാനത്രേ; അവരുടെ സകല ദോഷവും നിമിത്തം ഞാന്‍ എന്‍റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.

6 ഇതാ, ഞാന്‍ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്‍റെയും സത്യത്തിന്‍റെയും സമൃദ്ധി അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യും.

7 ഞാന്‍ യെഹൂദായുടെ പ്രവാസികളെയും യിസ്രായേലിന്‍റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവര്‍ക്ക് അഭിവൃദ്ധി വരുത്തും.

8 അവര്‍ എന്നോടു പിഴച്ചതായ സകല അകൃത്യത്തെയും ഞാന്‍ നീക്കി അവരെ ശുദ്ധീകരിക്കയും അവര്‍ പാപം ചെയ്ത് എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.

9 ഞാന്‍ അവര്‍ക്കു ചെയ്യുന്ന എല്ലാ നന്മയെയുംകുറിച്ചു കേള്‍ക്കുന്ന സകല ഭൂജാതികളുടെയും മുമ്പാകെ അത് എനിക്ക് ആനന്ദനാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാന്‍ അതിനു വരുത്തുന്ന എല്ലാ നന്മയും നിമിത്തവും സര്‍വസമാധാനവും നിമിത്തവും അവര്‍ പേടിച്ചു വിറയ്ക്കും.

10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും

11 ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്‍റെ സ്വരവും മണവാട്ടിയുടെ സ്വരവും: സൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിന്‍, യഹോവ നല്ലവനല്ലോ, അവന്‍റെ ദയ എന്നേക്കുമുള്ളത് എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേള്‍ക്കും; ഞാന്‍ ദേശത്തിന്‍റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

12 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്‍റെ സകല പട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാര്‍ക്ക് ഇനിയും മേച്ചൽപ്പുറം ഉണ്ടാകും.

13 മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കേ പട്ടണങ്ങളിലും ബെന്യാമീന്‍ദേശത്തും യെരൂശലേമിന്‍റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകള്‍ എണ്ണുന്നവന്‍റെ കൈക്കു കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു.

14 ഞാന്‍ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ല വചനം നിവര്‍ത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്.

15 ആ നാളുകളിലും ആ കാലത്തും ഞാന്‍ ദാവീദിനു നീതിയുള്ളൊരു മുളയായവനെ മുളപ്പിക്കും; അവന്‍ ദേശത്തു നീതിയും ന്യായവും നടത്തും.

16 അന്നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിര്‍ഭയമായി വസിക്കും; അതിനു യഹോവ നമ്മുടെ നീതി എന്നു പേര്‍ പറയും.

17 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിന്‍റെ സിംഹാസനത്തിൽ ഇരിപ്പാന്‍ ദാവീദിന് ഒരു പുരുഷന്‍ ഇല്ലാതെ വരികയില്ല.

18 ദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അര്‍പ്പിപ്പാനും എന്‍റെ മുമ്പാകെ ലേവ്യാപുരോഹിതന്മാര്‍ക്ക് ഒരു പുരുഷന്‍ ഇല്ലാതെ വരികയുമില്ല.

19 യിരെമ്യാവിനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:

20 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്‍റെ നിയമവും രാത്രിയോടുള്ള എന്‍റെ നിയമവും ദുര്‍ബലമാക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കിൽ,

21 എന്‍റെ ദാസനായ ദാവീദിന് അവന്‍റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാന്‍ ഒരു മകന്‍ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്‍റെ ശുശ്രൂഷകന്മാരായ ലേവ്യാപുരോഹിതന്മാരോടും ഉള്ള എന്‍റെ നിയമവും ദുര്‍ബലമായിവരാം.

22 ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാന്‍ എന്‍റെ ദാസനായ ദാവീദിന്‍റെ സന്തതിയെയും എന്‍റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വര്‍ധിപ്പിക്കും.

23 യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:

24 യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവന്‍ തള്ളിക്കളഞ്ഞു എന്ന് ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവന്‍ എന്‍റെ ജനത്തെ അത് ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.

25 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പകലിനോടും രാത്രിയോടും ഉള്ള എന്‍റെ നിയമം നിലനില്ക്കുന്നില്ലങ്കിൽ, ഞാന്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലങ്കിൽ,

26 ഞാന്‍ യാക്കോബിന്‍റെയും എന്‍റെ ദാസനായ ദാവീദിന്‍റെയും സന്തതിയെ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതിക്ക് അധിപതിമാരായിരിപ്പാന്‍ അവന്‍റെ സന്തതിയിൽനിന്ന് ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാന്‍ മടക്കിവരുത്തുകയും അവര്‍ക്കു കരുണകാണിക്കയും ചെയ്യും.

  • Jeremiah 32 — previous chapter
  • Jeremiah 34 — next chapter
  • Jeremiah 33 — English (KJV)
  • Jeremiah 33 — English (WEB)
  • Jeremiah 33 — Tamil (தமிழ்)
  • Jeremiah 33 — Hindi (हिंदी)
  • Jeremiah 33 — Kannada (ಕನ್ನಡ)