യിരെമ്യാ 24 (Jeremiah 24)

Malayalam Bible — Malayalam (മലയാളം)

1 ബാബേൽരാജാവായ നെബൂഖദ്നേസര്‍ യെഹോയാക്കീമിന്‍റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ചു യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടുകുട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിന്‍ മുമ്പിൽ വച്ചിരിക്കുന്നതു കാണിച്ചു.

2 ഒരു കുട്ടയിൽ തലപ്പഴംപോലെ എത്രയും നല്ല അത്തിപ്പഴവും മറ്റേ കുട്ടയിൽ എത്രയും ആകാത്തതും തിന്മാന്‍ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.

3 യഹോവ എന്നോട്: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു; അതിനു ഞാന്‍: അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും ആകാത്തതോ എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആകുന്നു എന്നു പറഞ്ഞു.

4 അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

5 യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മയ്ക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാന്‍ വിചാരിക്കും.

6 ഞാന്‍ എന്‍റെ ദൃഷ്‍ടി നന്മയ്ക്കായി അവരുടെമേൽ വച്ച് അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാന്‍ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല.

7 ഞാന്‍ യഹോവ എന്ന് എന്നെ അറിവാന്‍ തക്ക ഹൃദയം ഞാന്‍ അവര്‍ക്കു കൊടുക്കും; അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കു ദൈവമായുമിരിക്കും; അവര്‍ പൂര്‍ണഹൃദയത്തോടെ എങ്കലേക്കു തിരിയും.

8 എന്നാൽ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാര്‍ക്കുന്നവരെയും ഞാന്‍, ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.

9 ഞാന്‍ അവരെ ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും ഭീതിയും അനര്‍ഥവും ഞാന്‍ അവരെ നീക്കിക്കളവാനിരിക്കുന്ന സകല സ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീര്‍ക്കും.

10 ഞാന്‍ അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തുനിന്ന് അവര്‍ നശിച്ചുപോകുംവരെ ഞാന്‍ അവരുടെ ഇടയിൽ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കും.

  • Jeremiah 23 — previous chapter
  • Jeremiah 25 — next chapter
  • Jeremiah 24 — English (KJV)
  • Jeremiah 24 — English (WEB)
  • Jeremiah 24 — Tamil (தமிழ்)
  • Jeremiah 24 — Hindi (हिंदी)
  • Jeremiah 24 — Kannada (ಕನ್ನಡ)