യെശയ്യാ 41 (Isaiah 41)

Malayalam Bible — Malayalam (മലയാളം)

1 ദ്വീപുകളേ, എന്‍റെ മുമ്പിൽ മിണ്ടാതെ ഇരിപ്പിന്‍; ജാതികള്‍ ശക്തിയെ പുതുക്കട്ടെ; അവര്‍ അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരിക.

2 ചെല്ലുന്നേടത്തൊക്കെയും നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്ന് ഉണര്‍ത്തിയതാര്‍? അവന്‍ ജാതികളെ അവന്‍റെ മുമ്പിൽ ഏല്പിച്ചുകൊടുക്കയും അവനെ രാജാക്കന്മാരുടെമേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവന്‍ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന താളടിപോലെയും ആക്കിക്കളയുന്നു.

3 അവന്‍ അവരെ പിന്തുടര്‍ന്നു നിര്‍ഭയനായി കടന്നുചെല്ലുന്നു; പാതയിൽ കാൽ വച്ചല്ല അവന്‍ പോകുന്നത്.

4 ആര്‍ അതു പ്രവര്‍ത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവന്‍; യഹോവയായ ഞാന്‍ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.

5 ദ്വീപുകള്‍ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികള്‍ വിറച്ചു; അവര്‍ ഒന്നിച്ചു കൂടി അടുത്തുവന്നു;

6 അവര്‍ അന്യോന്യം സഹായിച്ചു; ഒരുത്തന്‍ മറ്റേവനോട്: ധൈര്യമായിരിക്ക എന്നു പറഞ്ഞു.

7 അങ്ങനെ ആശാരി തട്ടാനെയും കൊല്ലന്‍ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിനു ചേലായി എന്നു പറഞ്ഞ്, ഇളകാതെയിരിക്കേണ്ടതിന് അവന്‍ അതിനെ ആണികൊണ്ട് ഉറപ്പിക്കുന്നു.

8 നീയോ, എന്‍റെ ദാസനായ യിസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്ത യാക്കോബേ, എന്‍റെ സ്നേഹിതനായ അബ്രാഹാമിന്‍റെ സന്തതിയേ, നീ എന്‍റെ ദാസന്‍,

9 ഞാന്‍ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽനിന്ന് എടുക്കയും അതിന്‍റെ മൂലകളിൽനിന്നു വിളിച്ചു ചേര്‍ക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ,

10 നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്‍റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്‍റെ നീതിയുള്ള വലംകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും,

11 നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവര്‍ നശിച്ച് ഇല്ലാതെയാകും.

12 നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവര്‍ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.

13 നിന്‍റെ ദൈവമായ യഹോവ എന്ന് ഞാന്‍ നിന്‍റെ വലംകൈ പിടിച്ചു നിന്നോട്: ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു.

14 പുഴുവായ യാക്കോബേ, യിസ്രായേൽ പരിഷയേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്നെ സഹായിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്‍റെ വീണ്ടെടുപ്പുകാരന്‍ യിസ്രായേലിന്‍റെ പരിശുദ്ധന്‍ തന്നെ.

15 ഇതാ, ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീര്‍ക്കുന്നു; നീ പര്‍വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിര്‍പോലെ ആക്കുകയും ചെയ്യും.

16 നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോകും; ചുഴലിക്കാറ്റ് അവയെ ചിതറിച്ചുകളയും; നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്‍റെ പരിശുദ്ധനിൽ പുകഴും.

17 എളിയവരും ദരിദ്രന്മാരുമായവര്‍ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാന്‍ അവര്‍ക്ക് ഉത്തരം അരുളും; യിസ്രായേലിന്‍റെ ദൈവമായ ഞാന്‍ അവരെ കൈവിടുകയില്ല.

18 ഞാന്‍ പാഴ്മലകളിൽ നദികളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാന്‍ നീര്‍പ്പൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.

19 ഞാന്‍ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാന്‍ നിര്‍ജനപ്രദേശത്തു സരളവൃക്ഷവും പയിന്‍മരവും പുന്നയും വച്ചുപിടിപ്പിക്കും.

20 യഹോവയുടെ കൈ അതു ചെയ്തു എന്നും യിസ്രായേലിന്‍റെ പരിശുദ്ധന്‍ അതു സൃഷ്‍ടിച്ചു എന്നും അവരെല്ലാവരും കണ്ട് അറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ.

21 നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിന്‍ എന്നു യഹോവ കല്പിക്കുന്നു; നിങ്ങളുടെ ന്യായങ്ങളെ കാണിപ്പിന്‍ എന്നു യാക്കോബിന്‍റെ രാജാവ് കല്പിക്കുന്നു,

22 സംഭവിപ്പാനുള്ളത് അവര്‍ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ച് അതിന്‍റെ അവസാനം അറിയേണ്ടതിന് ആദ്യകാര്യങ്ങള്‍ ഇന്നിന്നവയെന്ന് അവര്‍ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിപ്പാനുള്ളതു നമ്മെ കേള്‍പ്പിക്കട്ടെ.

23 നിങ്ങള്‍ ദേവന്മാര്‍ എന്നു ഞങ്ങള്‍ അറിയേണ്ടതിനു മേലാൽ വരുവാനുള്ളതു പ്രസ്താവിപ്പിന്‍; ഞങ്ങള്‍ കണ്ടു വിസ്മയിക്കേണ്ടതിനു നന്മയെങ്കിലും തിന്മയെങ്കിലും പ്രവര്‍ത്തിപ്പിന്‍.

24 നിങ്ങള്‍ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; നിങ്ങളെ വരിക്കുന്നവന്‍ കുത്സിതനത്രേ.

25 ഞാന്‍ ഒരുത്തനെ വടക്കുനിന്ന് എഴുന്നേല്പിച്ചു; അവന്‍ വന്നിരിക്കുന്നു; സൂര്യോദയദിക്കിൽനിന്ന് അവനെ എഴുന്നേല്പിച്ചു; അവന്‍ എന്‍റെ നാമത്തെ ആരാധിക്കും; അവന്‍ വന്നു ചെളിയെപ്പോലെയും കുശവന്‍ കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.

26 ഞങ്ങള്‍ അറിയേണ്ടതിന് ആദിമുതലും അവന്‍ നീതിമാന്‍ എന്നു ഞങ്ങള്‍ പറയേണ്ടതിന് പണ്ടേയും ആര്‍ പ്രസ്താവിച്ചിട്ടുള്ളൂ? പ്രസ്താവിപ്പാനോ കാണിച്ചു തരുവാനോ നിങ്ങളുടെ വാക്കു കേള്‍പ്പാനോ ആരും ഇല്ല.

27 ഞാന്‍ ആദ്യനായി സീയോനോട്: ഇതാ, ഇതാ, അവര്‍ വരുന്നു എന്നു പറയുന്നു; യെരൂശലേമിനു ഞാന്‍ ഒരു സുവാര്‍ത്താദൂതനെ കൊടുക്കുന്നു.

28 ഞാന്‍ നോക്കിയാറെ: ഒരുത്തനുമില്ല; ഞാന്‍ ചോദിച്ചാറെ; ഉത്തരം പറവാന്‍ അവരിൽ ഒരു ആലോചനക്കാരനും ഇല്ല.

29 അവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികള്‍ നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങള്‍ കാറ്റും ശൂന്യവും തന്നെ.

  • Isaiah 40 — previous chapter
  • Isaiah 42 — next chapter
  • Isaiah 41 — English (KJV)
  • Isaiah 41 — English (WEB)
  • Isaiah 41 — Tamil (தமிழ்)
  • Isaiah 41 — Hindi (हिंदी)
  • Isaiah 41 — Kannada (ಕನ್ನಡ)