യെശയ്യാ 38 (Isaiah 38)

Malayalam Bible — Malayalam (മലയാളം)

1 ആ കാലത്തു ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍ അവന്‍റെ അടുക്കൽ വന്ന് അവനോട്: നിന്‍റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

2 അപ്പോള്‍ ഹിസ്കീയാവ് മുഖം ചുവരിന്‍റെനേരേ തിരിച്ചു യഹോവയോടു പ്രാര്‍ഥിച്ചു:

3 അയ്യോ, യഹോവേ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓര്‍ക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവ് ഏറ്റവും കരഞ്ഞു.

4 എന്നാൽ യെശയ്യാവിനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:

5 നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടത്: നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടു നിന്‍റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു. ഞാന്‍ നിന്‍റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.

6 ഞാന്‍ നിന്നെയും ഈ നഗരത്തെയും അശ്ശൂര്‍രാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാന്‍ കാത്തുരക്ഷിക്കും.

7 യഹോവ, താന്‍ അരുളിച്ചെയ്ത ഈ കാര്യം നിവര്‍ത്തിക്കും എന്നുള്ളതിനു യഹോവയുടെ പക്കൽനിന്നു ഇതു നിനക്ക് ഒരു അടയാളം ആകും.

8 ആഹാസിന്‍റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാന്‍ പത്തുപടി പിന്നോക്കം തിരിയുമാറാക്കും; അങ്ങനെ സൂര്യന്‍ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തുപടി തിരിഞ്ഞുപോന്നു.

9 യെഹൂദാരാജാവായ ഹിസ്കീയാവിനു രോഗം പിടിച്ചിട്ട് അതുമാറി സുഖമായശേഷം അവന്‍ എഴുതിയ എഴുത്ത്:

10 എന്‍റെ ആയുസ്സിന്‍ മധ്യാഹ്നത്തിൽ ഞാന്‍ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്‍റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാന്‍ പറഞ്ഞു.

11 ഞാന്‍ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല; ഞാന്‍ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാന്‍ പറഞ്ഞു.

12 എന്‍റെ പാര്‍പ്പിടം നീങ്ങി ഒരു ഇടയക്കൂടാരംപോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരന്‍ തുണി ചുരുട്ടുംപോലെ ഞാന്‍ എന്‍റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അവന്‍ എന്നെ പാവിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു.

13 ഉഷസ്സുവരെ ഞാന്‍ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്‍റെ അസ്ഥികളെ എല്ലാം തകര്‍ത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു.

14 മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാന്‍ ചിലച്ചു; ഞാന്‍ പ്രാവുപോലെ കുറുകി എന്‍റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാന്‍ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്ക് ഇടനില്ക്കേണമേ.

15 ഞാന്‍ എന്തു പറയേണ്ടൂ? അവന്‍ എന്നോട് അരുളിച്ചെയ്തു, അവന്‍ തന്നെ നിവര്‍ത്തിച്ചും ഇരിക്കുന്നു; എന്‍റെ മനോവ്യസനം ഹേതുവായി ഞാന്‍ എന്‍റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും.

16 കര്‍ത്താവേ, അതിനാൽ മനുഷ്യര്‍ ജീവിക്കുന്നു; എന്‍റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്‍റെ ജീവനെ രക്ഷിക്കും.

17 സമാധാനത്തിനായി എനിക്ക് അത്യന്തം കയ്പായതു ഭവിച്ചു; എങ്കിലും നീ എന്‍റെ സകല പാപങ്ങളെയും നിന്‍റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് എന്‍റെ പ്രാണനെ നാശക്കുഴിയിൽ നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.

18 പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവര്‍ നിന്‍റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.

19 ഞാന്‍ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവന്‍, ജീവനുള്ളവന്‍ മാത്രം നിന്നെ സ്തുതിക്കും; അപ്പന്‍ മക്കളോടു നിന്‍റെ വിശ്വസ്തതയെ അറിയിക്കും.

20 യഹോവ എന്നെ രക്ഷിപ്പാന്‍ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ട് ഞങ്ങള്‍ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്‍റെ ഗീതങ്ങളെ പാടും.

21 എന്നാൽ അവനു സൗഖ്യം വരേണ്ടതിന് അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാന്‍ യെശയ്യാവു പറഞ്ഞിരുന്നു.

22 ഞാന്‍ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത് എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.

  • Isaiah 37 — previous chapter
  • Isaiah 39 — next chapter
  • Isaiah 38 — English (KJV)
  • Isaiah 38 — English (WEB)
  • Isaiah 38 — Tamil (தமிழ்)
  • Isaiah 38 — Hindi (हिंदी)
  • Isaiah 38 — Kannada (ಕನ್ನಡ)