യെശയ്യാ 18 (Isaiah 18)

Malayalam Bible — Malayalam (മലയാളം)

1 അയ്യോ, കൂശിലെ നദികള്‍ക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽ വഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയയ്ക്കുന്നതും ആയ ദേശമേ!

2 ശീഘ്രദൂതന്മാരേ, നിങ്ങള്‍ ദീര്‍ഘകായന്മാരും മൃദുചര്‍മികളുമായ ജാതിയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കൽതന്നെ ചെല്ലുവിന്‍.

3 ഭൂതലത്തിലെ സര്‍വനിവാസികളും ഭൂമിയിൽ പാര്‍ക്കുന്നവരും ആയുള്ളോരേ, പര്‍വതത്തിന്മേൽ കൊടി ഉയര്‍ത്തുമ്പോള്‍, നിങ്ങള്‍ നോക്കുവിന്‍; കാഹളം ഊതുമ്പോള്‍ കേള്‍പ്പിന്‍.

4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: വെയിൽ തെളിഞ്ഞു മൂക്കുമ്പോള്‍, കൊയ്ത്തുകാലത്ത് ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോള്‍, ഞാന്‍ എന്‍റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.

5 കൊയ്ത്തിനു മുമ്പേ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു മുന്തിരിങ്ങാ മൂക്കുമ്പോള്‍, അവന്‍ അരിവാള്‍കൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.

6 അതൊക്കെയും മലയിലെ കഴുകിനും ഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും; കഴുക് അതുകൊണ്ടു വേനൽ കഴിക്കും; ഭൂമിയിലെ സകല മൃഗവും അതുകൊണ്ടു വര്‍ഷം കഴിക്കും.

7 ആ കാലത്തു ദീര്‍ഘകായന്മാരും മൃദുചര്‍മികളും ആയ ജാതി, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോന്‍പര്‍വതത്തിലേക്കു സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുൽക്കാഴ്ച കൊണ്ടുവരും.

  • Isaiah 17 — previous chapter
  • Isaiah 19 — next chapter
  • Isaiah 18 — English (KJV)
  • Isaiah 18 — English (WEB)
  • Isaiah 18 — Tamil (தமிழ்)
  • Isaiah 18 — Hindi (हिंदी)
  • Isaiah 18 — Kannada (ಕನ್ನಡ)