ഹോശേയ 1 (Hosea 1)

Malayalam Bible — Malayalam (മലയാളം)

1 ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ് എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽരാജാവായി യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയയ്ക്ക് ഉണ്ടായ യഹോവയുടെ അരുളപ്പാട്.

2 യഹോവ ഹോശേയ മുഖാന്തരം സംസാരിച്ചുതുടങ്ങിയപ്പോള്‍, യഹോവ ഹോശേയയോട്: നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.

3 അങ്ങനെ അവന്‍ ചെന്ന് ദിബ്ലയീമിന്‍റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ച് അവന് ഒരു മകനെ പ്രസവിച്ചു.

4 യഹോവ അവനോട്: അവന് യിസ്രെയേൽ (ദൈവം വിതയ്ക്കും) എന്നു പേര്‍ വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ട് ഞാന്‍ യിസ്രെയേലിന്‍റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്‍ശിച്ച് യിസ്രായേൽഗൃഹത്തിന്‍റെ രാജത്വം ഇല്ലാതെയാക്കും;

5 അന്നാളിൽ ഞാന്‍ യിസ്രെയേൽതാഴ്വരയിൽവച്ച് യിസ്രായേലിന്‍റെ വില്ല് ഒടിച്ചുകളയും എന്ന് അരുളിച്ചെയ്തു.

6 അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: അവള്‍ക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവള്‍) എന്നു പേര്‍ വിളിക്ക; ഞാന്‍ ഇനി യിസ്രായേൽഗൃഹത്തോടു ക്ഷമിപ്പാന്‍ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കയില്ല.

7 എന്നാൽ യെഹൂദാഗൃഹത്തോടു ഞാന്‍ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാള്‍കൊണ്ടോ യുദ്ധം കൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ട് അവരെ രക്ഷിക്കും എന്ന് അരുളിച്ചെയ്തു.

8 അവള്‍ ലോരൂഹമായെ മുലകുടി മാറ്റിയശേഷം ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു.

9 അപ്പോള്‍ യഹോവ: അവന് ലോ-അമ്മീ (എന്‍റെ ജനമല്ല) എന്നു പേര്‍ വിളിക്ക; നിങ്ങള്‍ എന്‍റെ ജനമല്ല, ഞാന്‍ നിങ്ങള്‍ക്ക് ദൈവമായിരിക്കയുമില്ല എന്ന് അരുളിച്ചെയ്തു.

10 എങ്കിലും യിസ്രായേൽമക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങള്‍ എന്‍റെ ജനമല്ല എന്ന് അവരോട് അരുളിച്ചെയ്തതിനു പകരം നിങ്ങള്‍ ജീവനുള്ള ദൈവത്തിന്‍റെ മക്കള്‍ എന്ന് അവരോടു പറയും.

11 യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങള്‍ക്ക് ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്‍റെ നാള്‍ വലുതായിരിക്കുമല്ലോ.

  • Daniel 12 — previous chapter
  • Hosea 2 — next chapter
  • Hosea 1 — English (KJV)
  • Hosea 1 — English (WEB)
  • Hosea 1 — Tamil (தமிழ்)
  • Hosea 1 — Hindi (हिंदी)
  • Hosea 1 — Kannada (ಕನ್ನಡ)