എബ്രായർ 7 (Hebrews 7)

Malayalam Bible — Malayalam (മലയാളം)

1 ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായ ഈ മല്ക്കീസേദെക് രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റ് അനുഗ്രഹിച്ചു;

2 അബ്രാഹാം അവനു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്‍റെ പേരിന് ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവ് എന്നുവച്ചാല്‍ സമാധാനത്തിന്‍റെ രാജാവ് എന്നും അര്‍ഥം.

3 അവനു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവന്‍ ദൈവപുത്രനു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.

4 ഇവന്‍ എത്ര മഹാന്‍ എന്ന് നോക്കുവിന്‍; ഗോത്രപിതാവായ അബ്രാഹാംകൂടെയും അവനു കൊള്ളയുടെ വിശേഷസാധനങ്ങളില്‍ പത്തിലൊന്നു കൊടുത്തുവല്ലോ.

5 ലേവിപുത്രന്മാരില്‍ പൗരോഹിത്യം ലഭിക്കുന്നവര്‍ക്ക് ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാന്‍ കല്പന ഉണ്ട്; അത് അബ്രാഹാമിന്‍റെ കടിപ്രദേശത്തുനിന്ന് ഉദ്ഭവിച്ച സഹോദരന്മാരോട് ആകുന്നു വാങ്ങുന്നത്.

6 എന്നാല്‍ അവരുടെ വംശാവലിയില്‍ ഉള്‍പ്പെടാത്തവന്‍ അബ്രാഹാമിനോടുതന്നെ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങള്‍ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു.

7 ഉയര്‍ന്നവന്‍ താണവനെ അനുഗ്രഹിക്കുന്നു എന്നതിനു തര്‍ക്കം ഏതുമില്ലല്ലോ.

8 ഇവിടെ മരിക്കുന്ന മനുഷ്യര്‍ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവന്‍തന്നെ.

9 ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്ന് ഒരു വിധത്തില്‍ പറയാം.

10 അവന്‍റെ പിതാവിനെ മല്ക്കീസേദെക് എതിരേറ്റപ്പോള്‍ ലേവി അവന്‍റെ കടിപ്രദേശത്ത് ഉണ്ടായിരുന്നുവല്ലോ.

11 ലേവ്യപൗരോഹിത്യത്താല്‍ സമ്പൂര്‍ണത വന്നെങ്കില്‍ -അതിന്‍കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചത്-അഹരോന്‍റെ ക്രമപ്രകാരം എന്നു പറയാതെ മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ വരുവാന്‍ എന്തൊരാവശ്യം?

12 പൗരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിനുംകൂടെ മാറ്റം വരുവാന്‍ ആവശ്യം.

13 എന്നാല്‍ ഇത് ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവന്‍ വേറൊരു ഗോത്രത്തില്‍ ഉള്ളവന്‍; ആ ഗോത്രത്തില്‍ ആരും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്തിട്ടില്ല.

14 യെഹൂദായില്‍നിന്നു നമ്മുടെ കര്‍ത്താവ് ഉദിച്ചു എന്ന് സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൗരോഹിത്യം സംബന്ധിച്ച് ഒന്നും കല്പിച്ചിട്ടില്ല.

15 ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താല്‍ അല്ല, അഴിഞ്ഞുപോകാത്ത ജീവന്‍റെ ശക്തിയാല്‍ ഉളവായ വേറേ ഒരു പുരോഹിതന്‍

16 മല്ക്കീസേദെക്കിനു സദൃശനായി ഉദിക്കുന്നു എങ്കില്‍ അത് ഏറ്റവും അധികം തെളിയുന്നു.

17 നീ മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേക്കും പുരോഹിതന്‍ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നത്.

18 മുമ്പിലത്തെ കല്പനയ്ക്ക് അതിന്‍റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം നീക്കവും-

19 ന്യായപ്രമാണത്താല്‍ ഒന്നും പൂര്‍ത്തിപ്രാപിച്ചിട്ടില്ലല്ലോ- നാം ദൈവത്തോട് അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയ്ക്കു സ്ഥാപനവും വന്നിരിക്കുന്നു.

20 അവര്‍ ആണ കൂടാതെ പുരോഹിതന്മാരായിത്തീര്‍ന്നു.

21 ഇവനോ “നീ എന്നേക്കും പുരോഹിതന്‍ എന്ന് കര്‍ത്താവ് സത്യംചെയ്തു, അനുതപിക്കയുമില്ല” എന്ന് തന്നോട് അരുളിച്ചെയ്തവന്‍ ഇട്ട ആണയോടുകൂടെതന്നെ.

22 ആണ കൂടാതെയല്ല എന്നതിന് ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന് യേശു ഉത്തരവാദിയായിത്തീര്‍ന്നിരിക്കുന്നു.

23 മരണം നിമിത്തം അവര്‍ക്ക് നിലനില്പാന്‍ മുടക്കം വരികകൊണ്ടു പുരോഹിതന്മാര്‍ ആയിത്തീര്‍ന്നവര്‍ അനേകര്‍ ആകുന്നു.

24 ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ട് മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്.

25 അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവര്‍ക്കുവേണ്ടി പക്ഷവാദം ചെയ്‍വാന്‍ സദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാ കുന്നു.

26 ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രന്‍, നിര്‍ദോഷന്‍, നിര്‍മ്മലന്‍, പാപികളോടു വേര്‍വിട്ടവന്‍, സ്വര്‍ഗത്തെക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍;

27 ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്‍ക്കായും പിന്നെ ജനത്തിന്‍റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നെ. അത് അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ട് ഒരിക്കലായിട്ടു ചെയ്തുവല്ലോ.

28 ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിനു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികഞ്ഞവനായിത്തീര്‍ന്ന പുത്രനെ പുരോഹിതനാക്കുന്നു.

  • Hebrews 6 — previous chapter
  • Hebrews 8 — next chapter
  • Hebrews 7 — English (KJV)
  • Hebrews 7 — English (WEB)
  • Hebrews 7 — Tamil (தமிழ்)
  • Hebrews 7 — Hindi (हिंदी)
  • Hebrews 7 — Kannada (ಕನ್ನಡ)