എബ്രായർ 5 (Hebrews 5)

Malayalam Bible — Malayalam (മലയാളം)

1 മനുഷ്യരുടെ ഇടയില്‍നിന്ന് എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങള്‍ക്കായി വഴിപാടും യാഗവും അര്‍പ്പിപ്പാന്‍ ദൈവകാര്യത്തില്‍ മനുഷ്യര്‍ക്കുവേണ്ടി നിയമിക്കപ്പെടുന്നു.

2 താനും ബലഹീനത പൂണ്ടവനാകയാല്‍ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാന്‍ കഴിയുന്നവനും

3 ബലഹീനതനിമിത്തം ജനത്തിനുവേണ്ടി എന്നപോലെ തനിക്കുവേണ്ടിയും പാപയാഗം അര്‍പ്പിക്കേണ്ടവന്‍ ആകുന്നു.

4 എന്നാല്‍ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവേ എടുക്കുന്നില്ല.

5 അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതന്‍ ആകുവാനുള്ള മഹത്ത്വം സ്വതവേ എടുത്തിട്ടില്ല; “നീ എന്‍റെ പുത്രന്‍; ഇന്ന് ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന് അവനോട് അരുളിച്ചെയ്തവന്‍ അവനു കൊടുത്തതത്രേ.

6 അങ്ങനെ മറ്റൊരേടത്തും: “നീ മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതന്‍” എന്നു പറയുന്നു.

7 ക്രിസ്തു തന്‍റെ ഐഹികജീവകാലത്തു തന്നെ മരണത്തില്‍നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.

8 പുത്രന്‍ എങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു

9 തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവര്‍ക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീര്‍ന്നു.

10 മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം മഹാപുരോഹിതന്‍ എന്നുള്ള നാമം ദൈവത്താല്‍ ലഭിച്ചുമിരിക്കുന്നു.

11 ഇതിനെക്കുറിച്ചു ഞങ്ങള്‍ക്കു വളരെ പറവാനുണ്ട്; എങ്കിലും നിങ്ങള്‍ കേള്‍പ്പാന്‍ മാന്ദ്യമുള്ളവരായിത്തീര്‍ന്നതുകൊണ്ടു തെളിയിച്ചു തരുവാന്‍ വിഷമം.

12 കാലം നോക്കിയാല്‍ ഇപ്പോള്‍ ഉപദേഷ്ടാക്കന്മാര്‍ ആയിരിക്കേണ്ടുന്ന നിങ്ങള്‍ക്കു ദൈവത്തിന്‍റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെത്തന്നെ വീണ്ടും ഉപദേശിച്ചുതരുവാന്‍ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങള്‍ക്ക് ആവശ്യമെന്നു വന്നിരിക്കുന്നു.

13 പാല്‍ കുടിക്കുന്നവന്‍ എല്ലാം നീതിയുടെ വചനത്തില്‍ പരിചയമില്ലാത്തവനത്രേ; അവന്‍ ശിശുവല്ലോ.

14 കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാന്‍ തഴക്കത്താല്‍ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവര്‍ക്കേ പറ്റുകയുള്ളൂ.

  • Hebrews 4 — previous chapter
  • Hebrews 6 — next chapter
  • Hebrews 5 — English (KJV)
  • Hebrews 5 — English (WEB)
  • Hebrews 5 — Tamil (தமிழ்)
  • Hebrews 5 — Hindi (हिंदी)
  • Hebrews 5 — Kannada (ಕನ್ನಡ)