എബ്രായർ 12 (Hebrews 12)

Malayalam Bible — Malayalam (മലയാളം)

1 ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.

2 വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്‍റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്ത് അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്തു.

3 നിങ്ങളുടെ ഉള്ളില്‍ ക്ഷീണിച്ചു മടുക്കാതിരിപ്പാന്‍ പാപികളാല്‍ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചു കൊള്‍വിന്‍.

4 പാപത്തോടു പോരാടുന്നതില്‍ നിങ്ങള്‍ ഇതുവരെ പ്രാണത്യാഗത്തോളം എതിര്‍ത്തു നിന്നിട്ടില്ല.

5 “മകനേ, കര്‍ത്താവിന്‍റെ ശിക്ഷ നിരസിക്കരുത്; അവന്‍ ശാസിക്കുമ്പോള്‍ മുഷികയുമരുത്.

6 കര്‍ത്താവ് താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താന്‍ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോട് എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങള്‍ മറന്നുകളഞ്ഞുവോ?

7 നിങ്ങള്‍ ബാലശിക്ഷ സഹിച്ചാല്‍ ദൈവം മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പന്‍ ശിക്ഷിക്കാത്ത മകന്‍ എവിടെയുള്ളൂ?

8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കില്‍ നിങ്ങള്‍ മക്കളല്ല, കൗലടേയന്മാരത്രേ.

9 നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര്‍ നമ്മെ ശിക്ഷിച്ചപ്പോള്‍ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

10 അവര്‍ ശിക്ഷിച്ചത് കുറെക്കാലവും തങ്ങള്‍ക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്‍റെ വിശുദ്ധി പ്രാപിക്കേണ്ടതിനു നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നത്.

11 ഏതു ശിക്ഷയും തല്‍ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാല്‍ അഭ്യാസം വന്നവര്‍ക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.

12 ആകയാല്‍ തളര്‍ന്ന കൈയും കുഴഞ്ഞ മുഴങ്കാലും നിവിര്‍ത്തുവിന്‍.

13 മുടന്തുള്ളത് ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിനു നിങ്ങളുടെ കാലിനു പാത നിരത്തുവിന്‍.

14 എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാന്‍ ഉത്സാഹിപ്പിന്‍. ശുദ്ധീകരണം കൂടാതെ ആരും കര്‍ത്താവിനെ കാണുകയില്ല.

15 ആരും ദൈവകൃപ വിട്ടു പിന്മാറുകയും വല്ല കയ്പുള്ള വേരും മുളച്ചു കലക്കമുണ്ടാക്കി അനേകര്‍ അതിനാല്‍ മലിനപ്പെടുകയും ആരും ദുര്‍ന്നടപ്പുകാരനോ,

16 ഒരു ഊണിനു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍വിന്‍.

17 അവന്‍ പിന്നത്തേതില്‍ അനുഗ്രഹം ലഭിപ്പാന്‍ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന് ഇട കണ്ടില്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.

18 സ്ഥൂലമായതും തീ കത്തുന്നതുമായ പര്‍വതത്തിനും, മേഘതമസ്സ്, കൂരിരുട്ട്, കൊടുങ്കാറ്റ്, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവയ്ക്കും അടുക്കല്‍ അല്ലല്ലോ നിങ്ങള്‍ വന്നിരിക്കുന്നത്.

19 ആ ശബ്ദം കേട്ടവര്‍ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്ന് അപേക്ഷിച്ചു.

20 ഒരു മൃഗം എങ്കിലും പര്‍വതം തൊട്ടാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവര്‍ക്കു സഹിച്ചുകൂടാഞ്ഞു.

21 ഞാന്‍ അത്യന്തം പേടിച്ചു വിറയ്ക്കുന്നു എന്ന് മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.

22 പിന്നെയോ സീയോന്‍പര്‍വതത്തിനും ജീവനുള്ള ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗീയ യെരൂശലേമിനും അനേകായിരം ദൂതന്മാരുടെ സര്‍വസംഘത്തിനും

23 സ്വര്‍ഗത്തില്‍ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും

24 പുതുനിയമത്തിന്‍റെ മധ്യസ്ഥനായ യേശുവിനും ഹാബെലിന്‍റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിനും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നത്.

25 അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാന്‍ നോക്കുവിന്‍. ഭൂമിയില്‍ അരുളിച്ചെയ്തവനെ നിരസിച്ചവര്‍ തെറ്റി ഒഴിയാതിരുന്നു എങ്കില്‍ സ്വര്‍ഗത്തില്‍നിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാല്‍ എത്ര അധികം.

26 അവന്‍റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ, “ഞാന്‍ ഇനി ഒരിക്കല്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്ന് അവന്‍ വാഗ്ദത്തം ചെയ്തു.

27 “ഇനി ഒരിക്കല്‍” എന്നത്, ഇളക്കമില്ലാത്തത് നിലനില്ക്കേണ്ടതിന് നിര്‍മ്മിതമായ ഇളക്കമുള്ളതിനു മാറ്റം വരും എന്ന് സൂചിപ്പിക്കുന്നു.

28 ആകയാല്‍ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിനു പ്രസാദം വരുമാറ് ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.

29 നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.

  • Hebrews 11 — previous chapter
  • Hebrews 13 — next chapter
  • Hebrews 12 — English (KJV)
  • Hebrews 12 — English (WEB)
  • Hebrews 12 — Tamil (தமிழ்)
  • Hebrews 12 — Hindi (हिंदी)
  • Hebrews 12 — Kannada (ಕನ್ನಡ)