ഉൽപ്പത്തി 30 (Genesis 30)

Malayalam Bible — Malayalam (മലയാളം)

1 താന്‍ യാക്കോബിനു മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്‍റെ സഹോദരിയോട് അസൂയപ്പെട്ടു യാക്കോബിനോട്: എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാന്‍ മരിച്ചുപോകും എന്നു പറഞ്ഞു.

2 അപ്പോള്‍ യാക്കോബിനു റാഹേലിനോടു കോപം ജ്വലിച്ചു: നിനക്കു ഗര്‍ഭഫലം തരാതിരിക്കുന്ന ദൈവത്തിന്‍റെ സ്ഥാനത്തോ ഞാന്‍ എന്നു പറഞ്ഞു.

3 അതിന് അവള്‍: എന്‍റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവള്‍ എന്‍റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കള്‍ ഉണ്ടാകും എന്നു പറഞ്ഞു.

4 അങ്ങനെ അവള്‍ തന്‍റെ ദാസി ബിൽഹായെ അവനു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു.

5 ബിൽഹാ ഗര്‍ഭം ധരിച്ചു യാക്കോബിന് ഒരു മകനെ പ്രസവിച്ചു.

6 അപ്പോള്‍ റാഹേൽ: ദൈവം എനിക്കു ന്യായം നടത്തി എന്‍റെ അപേക്ഷ കേട്ട് എനിക്ക് ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ട് അവനു ദാന്‍ എന്നു പേരിട്ടു.

7 റാഹേലിന്‍റെ ദാസി ബിൽഹാ പിന്നെയും ഗര്‍ഭം ധരിച്ചു യാക്കോബിനു രണ്ടാമതൊരു മകനെ പ്രസവിച്ചു.

8 ഞാന്‍ എന്‍റെ സഹോദരിയോടു വലിയോരു പോര്‍ പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേൽ പറഞ്ഞ് അവനു നഫ്താലി എന്നു പേരിട്ടു.

9 തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്‍റെ ദാസി സില്പായെ വിളിച്ച് അവളെ യാക്കോബിനു ഭാര്യയായി കൊടുത്തു.

10 ലേയായുടെ ദാസി സില്പാ യാക്കോബിന് ഒരു മകനെ പ്രസവിച്ചു.

11 അപ്പോള്‍ ലേയാ: ഭാഗ്യം എന്നു പറഞ്ഞ് അവനു ഗാദ് എന്നു പേരിട്ടു.

12 ലേയായുടെ ദാസി സില്പാ യാക്കോബിനു രണ്ടാമത് ഒരു മകനെ പ്രസവിച്ചു.

13 ഞാന്‍ ഭാഗ്യവതി; സ്ത്രീകള്‍ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞ് അവന് ആശേര്‍ എന്നു പേരിട്ടു.

14 കോതമ്പു കൊയ്ത്തുകാലത്തു രൂബേന്‍ പുറപ്പെട്ട്, വയലിൽ ദൂദായിപ്പഴം കണ്ടു തന്‍റെ അമ്മയായ ലേയായുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയായോട്: നിന്‍റെ മകന്‍റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു.

15 അവള്‍ അവളോട്: നീ എന്‍റെ ഭര്‍ത്താവിനെ എടുത്തതു പോരയോ? എന്‍റെ മകന്‍റെ ദൂദായിപ്പഴവുംകൂടെ വേണമോ എന്നു പറഞ്ഞതിനു റാഹേൽ: ആകട്ടെ; നിന്‍റെ മകന്‍റെ ദൂദായിപ്പഴത്തിനുവേണ്ടി ഇന്നു രാത്രി അവന്‍ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.

16 യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോള്‍ ലേയാ അവനെ എതിരേറ്റു ചെന്നു: നീ എന്‍റെ അടുക്കൽ വരേണം; എന്‍റെ മകന്‍റെ ദൂദായിപ്പഴംകൊണ്ടു ഞാന്‍ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവന്‍ അവളോടുകൂടെ ശയിച്ചു.

17 ദൈവം ലേയായുടെ അപേക്ഷ കേട്ടു. അവള്‍ ഗര്‍ഭം ധരിച്ചു യാക്കോബിന് അഞ്ചാമത് ഒരു മകനെ പ്രസവിച്ചു.

18 അപ്പോള്‍ ലേയാ: ഞാന്‍ എന്‍റെ ദാസിയെ എന്‍റെ ഭര്‍ത്താവിനു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞ്, അവനു യിസ്സാഖാര്‍ എന്നു പേരിട്ടു.

19 ലേയാ പിന്നെയും ഗര്‍ഭം ധരിച്ചു, യാക്കോബിന് ആറാമത് ഒരു മകനെ പ്രസവിച്ചു.

20 ദൈവം എനിക്ക് ഒരു നല്ല ദാനം തന്നിരിക്കുന്നു; ഇപ്പോള്‍ എന്‍റെ ഭര്‍ത്താവ് എന്നോടുകൂടെ വസിക്കും; ഞാന്‍ അവന് ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞ് അവനു സെബൂലൂന്‍ എന്നു പേരിട്ടു.

21 അതിന്‍റെശേഷം അവള്‍ ഒരു മകളെ പ്രസവിച്ച് അവള്‍ക്കു ദീനാ എന്നു പേരിട്ടു.

22 ദൈവം റാഹേലിനെ ഓര്‍ത്തു; ദൈവം അവളുടെ അപേക്ഷ കേട്ട് അവളുടെ ഗര്‍ഭത്തെ തുറന്നു.

23 അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ദൈവം എന്‍റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

24 യഹോവ എനിക്ക് ഇനിയും ഒരു മകനെ തരുമെന്നും പറഞ്ഞ് അവനു യോസേഫ് എന്നു പേരിട്ടു.

25 റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോട്: ഞാന്‍ എന്‍റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാന്‍ എന്നെ അയയ്ക്കേണം.

26 ഞാന്‍ നിന്നെ സേവിച്ചതിന്‍റെ പ്രതിഫലമായ എന്‍റെ ഭാര്യമാരെയും മക്കളെയും എനിക്കു തരേണം; ഞാന്‍ പോകട്ടെ; ഞാന്‍ നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.

27 ലാബാന്‍ അവനോട്: നിനക്ക് എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്‍റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.

28 നിനക്ക് എന്തു പ്രതിഫലം വേണം എന്നു പറക; ഞാന്‍ തരാം എന്നു പറഞ്ഞു.

29 അവന്‍ അവനോട്: ഞാന്‍ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്‍റെ ആട്ടിന്‍കൂട്ടം എന്‍റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു.

30 ഞാന്‍ വരുംമുമ്പേ നിനക്ക് അല്പമേ ഉണ്ടായിരുന്നുള്ളൂ; ഇപ്പോള്‍ അത് അത്യന്തം വര്‍ധിച്ചിരിക്കുന്നു; ഞാന്‍ കാൽ വച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്‍റെ സ്വന്തഭവനത്തിനുവേണ്ടി ഞാന്‍ എപ്പോള്‍ കരുതും എന്നും പറഞ്ഞു.

31 ഞാന്‍ നിനക്ക് എന്തു തരേണം എന്ന് അവന്‍ ചോദിച്ചതിനു യാക്കോബ് പറഞ്ഞത്: നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാന്‍ നിന്‍റെ ആട്ടിന്‍കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.

32 ഞാന്‍ ഇന്നു നിന്‍റെ എല്ലാ കൂട്ടങ്ങളിലുംകൂടി കടന്ന്, അവയിൽനിന്ന് പുള്ളിയും മറുവും ഉള്ള ആടുകളെയൊക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുവുമുള്ളതിനെയും വേര്‍തിരിക്കാം; അത് എന്‍റെ പ്രതിഫലമായിരിക്കട്ടെ.

33 നാളെ ഒരിക്കൽ എന്‍റെ പ്രതിഫലം സംബന്ധിച്ച് നീ നോക്കുവാന്‍ വരുമ്പോള്‍ എന്‍റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്ത നിറമില്ലാത്തതുമെല്ലാം മോഷ്‍ടിച്ചതായി എണ്ണാം.

34 അതിനു ലാബാന്‍: നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു.

35 അന്നുതന്നെ അവന്‍ വരയും മറുവും ഉള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെണ്‍കോലാടുകളെയൊക്കെയും വെണ്‍മയുള്ളതിനെയൊക്കെയും ചെമ്മരിയാടുകളിൽ കറുത്ത നിറമുള്ളതിനെയൊക്കെയും വേര്‍തിരിച്ച് അവന്‍റെ പുത്ര ന്മാരുടെ കൈയിൽ ഏല്പിച്ചു.

36 അവന്‍ തനിക്കും യാക്കോബിനും ഇടയിൽ മൂന്നു ദിവസത്തെ വഴി അകലം വച്ചു; ലാബാന്‍റെ ശേഷമുള്ള ആട്ടിന്‍കൂട്ടങ്ങളെ യാക്കോബ് മേയിച്ചു.

37 എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്‍റെയും ബദാംവൃക്ഷത്തിന്‍റെയും അരിഞ്ഞിൽവൃക്ഷത്തിന്‍റെയും പച്ചക്കൊമ്പുകളെ എടുത്ത് അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.

38 ആടുകള്‍ കുടിപ്പാന്‍ വന്നപ്പോള്‍ അവന്‍, താന്‍ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വച്ചു; അവ വെള്ളം കുടിപ്പാന്‍ വന്നപ്പോള്‍ ചനയേറ്റു.

39 ആടുകള്‍ കൊമ്പുകളെ കണ്ടുകൊണ്ട് ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.

40 ആ ആട്ടിന്‍കുട്ടികളെ യാക്കോബ് വേര്‍തിരിച്ച് ആടുകളെ ലാബാന്‍റെ ആടുകളിൽ വരയും മറുവുമുള്ള എല്ലാറ്റിനും അഭിമുഖമായി നിര്‍ത്തി; തന്‍റെ സ്വന്തകൂട്ടങ്ങളെ ലാബാന്‍റെ ആടുകളോടു ചേര്‍ക്കാതെ വേറേ ആക്കി.

41 ബലമുള്ള ആടുകള്‍ ചനയേൽക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേൽക്കേണ്ടതിനു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിനു മുമ്പിൽ വച്ചു.

42 ബലമില്ലാത്ത ആടുകള്‍ ചനയേൽക്കുമ്പോള്‍ അവയെ വച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാനും ബലമുള്ള വ യാക്കോബിനും ആയിത്തീര്‍ന്നു.

43 അവന്‍ മഹാസമ്പന്നനായി അവനു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.

  • Genesis 29 — previous chapter
  • Genesis 31 — next chapter
  • Genesis 30 — English (KJV)
  • Genesis 30 — English (WEB)
  • Genesis 30 — Tamil (தமிழ்)
  • Genesis 30 — Hindi (हिंदी)
  • Genesis 30 — Kannada (ಕನ್ನಡ)