ഉൽപ്പത്തി 26 (Genesis 26)

Malayalam Bible — Malayalam (മലയാളം)

1 അബ്രാഹാമിന്‍റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോള്‍ യിസ്ഹാക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്‍റെ അടുക്കൽ പോയി.

2 യഹോവ അവനു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുത്; ഞാന്‍ നിന്നോടു കല്പിക്കുന്ന ദേശത്തു പാര്‍ക്ക.

3 ഈ ദേശത്ത് താമസിക്ക; ഞാന്‍ നിന്നോടുകൂടെയിരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്‍റെ സന്തതിക്കും ഈ ദേശമൊക്കെയും തരും; നിന്‍റെ പിതാവായ അബ്രാഹാമിനോടു ഞാന്‍ ചെയ്ത സത്യം നിവര്‍ത്തിക്കും.

4 അബ്രാഹാം എന്‍റെ വാക്കുകേട്ട് എന്‍റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു

5 ഞാന്‍ നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ധിപ്പിച്ച് നിന്‍റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും.

6 അങ്ങനെ യിസ്ഹാക് ഗെരാരിൽ പാര്‍ത്തു.

7 ആ സ്ഥലത്തെ ജനം അവന്‍റെ ഭാര്യയെക്കുറിച്ച് അവനോടു ചോദിച്ചു; അവള്‍ എന്‍റെ സഹോദരി എന്ന് അവന്‍ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നെ കൊല്ലാതിരിക്കേണ്ടതിന് അവള്‍ എന്‍റെ ഭാര്യ എന്നു പറവാന്‍ അവന്‍ ശങ്കിച്ചു.

8 അവന്‍ അവിടെ ഏറെക്കാലം പാര്‍ത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക് കിളിവാതിൽക്കൽക്കൂടി നോക്കി യിസ്ഹാക് തന്‍റെ ഭാര്യയായ റിബെക്കായോടുകൂടെ വിനോദിക്കുന്നതു കണ്ടു.

9 അബീമേലെക് യിസ്ഹാക്കിനെ വിളിച്ചു: അവള്‍ നിന്‍റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്‍റെ സഹോദരി എന്നു നീ പറഞ്ഞത് എങ്ങനെയെന്നു ചോദിച്ചതിന് യിസ്ഹാക് അവനോട്: അവളുടെ നിമിത്തം മരിക്കാതിരിപ്പാന്‍ ആകുന്നു ഞാന്‍ അങ്ങനെ പറഞ്ഞത് എന്നു പറഞ്ഞു.

10 അപ്പോള്‍ അബീമേലെക്: നീ ഞങ്ങളോട് ഈ ചെയ്തത് എന്ത്? ജനത്തിൽ ആരെങ്കിലും നിന്‍റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെമേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.

11 പിന്നെ അബീമേലെക്: ഈ പുരുഷനെയോ അവന്‍റെ ഭാര്യയെയോ തൊടുന്നവനു മരണശിക്ഷ ഉണ്ടാകും എന്നു സകല ജനത്തോടും കല്പിച്ചു.

12 യിസ്ഹാക് ആ ദേശത്തു വിതച്ചു; ആയാണ്ടിൽ നൂറു മേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.

13 അവന്‍ വര്‍ധിച്ചു വര്‍ധിച്ചു മഹാധനവാനായിത്തീര്‍ന്നു.

14 അവന് ആട്ടിന്‍കൂട്ടങ്ങളും മാട്ടിന്‍കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യര്‍ക്ക് അവനോട് അസൂയ തോന്നി.

15 എന്നാൽ അവന്‍റെ പിതാവായ അബ്രാഹാമിന്‍റെ കാലത്ത് അവന്‍റെ പിതാവിന്‍റെ ദാസന്മാര്‍ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യര്‍ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.

16 അബീമേലെക് യിസ്ഹാക്കിനോട്: നീ ഞങ്ങളെക്കാള്‍ ഏറ്റവും ബലവാനാകകൊണ്ട് ഞങ്ങളെ വിട്ടുപോക എന്നു പറഞ്ഞു.

17 അങ്ങനെ യിസ്ഹാക് അവിടെനിന്നു പുറപ്പെട്ടു ഗെരാര്‍താഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാര്‍ത്തു.

18 തന്‍റെ പിതാവായ അബ്രാഹാമിന്‍റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യര്‍ നികത്തിക്കളഞ്ഞതുമായ കിണറുകള്‍ യിസ്ഹാക് പിന്നെയും കുഴിച്ച്, തന്‍റെ പിതാവ് അവയ്ക്ക് ഇട്ടിരുന്ന പേര്‍തന്നെ ഇട്ടു.

19 യിസ്ഹാക്കിന്‍റെ ദാസന്മാര്‍ ആ താഴ്വരയിൽ കുഴിച്ചു; നീരുറവുള്ള ഒരു കിണറ് കണ്ടു.

20 അപ്പോള്‍ ഗെരാര്‍ദേശത്തിലെ ഇടയന്മാര്‍: ഈ വെള്ളം ഞങ്ങള്‍ക്കുള്ളത് എന്നു പറഞ്ഞു യിസ്ഹാക്കിന്‍റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവര്‍ തന്നോടു ശണ്ഠയിട്ടതുകൊണ്ട് അവന്‍ ആ കിണറ്റിന് ഏശെക് എന്നു പേര്‍ വിളിച്ചു.

21 അവര്‍ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവര്‍ ശണ്ഠയിട്ടതുകൊണ്ട് അവന്‍ അതിന് സിത്നാ എന്നു പേര്‍ വിളിച്ചു.

22 അവന്‍ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവര്‍ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോള്‍ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വര്‍ധിക്കുമെന്നു പറഞ്ഞ് അവന്‍ അതിനു രെഹോബോത്ത് എന്നു പേരിട്ടു.

23 അവിടെനിന്ന് അവന്‍ ബേര്‍-ശേബയ്ക്കു പോയി.

24 അന്നു രാത്രി യഹോവ അവനു പ്രത്യക്ഷനായി: ഞാന്‍ നിന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവമാകുന്നു; നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ട്; എന്‍റെ ദാസനായ അബ്രാഹാം നിമിത്തം ഞാന്‍ നിന്നെ അനുഗ്രഹിച്ചു നിന്‍റെ സന്തതിയെ വര്‍ധിപ്പിക്കും എന്ന് അരുളിച്ചെയ്തു.

25 അവിടെ അവന്‍ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്‍റെ കൂടാരം അടിച്ചു. അവിടെയും യിസ്ഹാക്കിന്‍റെ ദാസന്മാര്‍ ഒരു കിണറ് കുഴിച്ചു.

26 അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്ന് അവന്‍റെ അടുക്കൽ വന്നു.

27 യിസ്ഹാക് അവരോട്: നിങ്ങള്‍ എന്തിന് എന്‍റെ അടുക്കൽ വരുന്നു? നിങ്ങള്‍ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽ നിന്ന് അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു.

28 അതിന് അവര്‍: യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങള്‍ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങള്‍ക്കും നിനക്കും തമ്മിൽത്തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം.

29 ഞങ്ങള്‍ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോട് ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു.

30 അവന്‍ അവര്‍ക്ക് ഒരു വിരുന്നൊരുക്കി; അവര്‍ ഭക്ഷിച്ചു പാനം ചെയ്തു.

31 അവര്‍ അതികാലത്ത് എഴുന്നേറ്റ്, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക് അവരെ യാത്രയയച്ചു, അവര്‍ സമാധാനത്തോടെ പിരിഞ്ഞുപോയി.

32 ആ ദിവസംതന്നെ യിസ്ഹാക്കിന്‍റെ ദാസന്മാര്‍ വന്നു തങ്ങള്‍ കുഴിച്ച കിണറ്റിന്‍റെ വസ്തുത അവനെ അറിയിച്ചു: ഞങ്ങള്‍ വെള്ളം കണ്ടു എന്നു പറഞ്ഞു.

33 അവന്‍ അതിനു ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ആ പട്ടണത്തിന് ഇന്നുവരെ ബേര്‍-ശേബ എന്നു പേര്‍.

34 ഏശാവിനു നാല്പതു വയസ്സായപ്പോള്‍ അവന്‍ ഹിത്യനായ ബേരിയുടെ മകള്‍ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്‍റെ മകള്‍ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.

35 ഇവര്‍ യിസ്ഹാക്കിനും റിബെക്കായ്ക്കും മനോവ്യസനകാരണമായിരുന്നു.

  • Genesis 25 — previous chapter
  • Genesis 27 — next chapter
  • Genesis 26 — English (KJV)
  • Genesis 26 — English (WEB)
  • Genesis 26 — Tamil (தமிழ்)
  • Genesis 26 — Hindi (हिंदी)
  • Genesis 26 — Kannada (ಕನ್ನಡ)