ഉൽപ്പത്തി 21 (Genesis 21)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം യഹോവ താന്‍ അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദര്‍ശിച്ചു; താന്‍ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു.

2 അബ്രാഹാമിന്‍റെ വാര്‍ധക്യത്തിൽ ദൈവം അവനോട് അരുളിച്ചെയ്തിരുന്ന അവധിക്ക് സാറാ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു.

3 സാറാ അബ്രാഹാമിനു പ്രസവിച്ച മകന് അവന്‍ യിസ്ഹാക് എന്നു പേരിട്ടു.

4 ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവന്‍ തന്‍റെ മകനായ യിസ്ഹാക്കിന് എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.

5 തന്‍റെ മകനായ യിസ്ഹാക് ജനിച്ചപ്പോള്‍ അബ്രാഹാമിന് നൂറു വയസ്സായിരുന്നു.

6 ദൈവം എനിക്കു ചിരിയുണ്ടാക്കി; കേള്‍ക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു.

7 സാറാ മക്കള്‍ക്കു മുല കൊടുക്കുമെന്ന് അബ്രാഹാമിനോട് ആര്‍ പറയുമായിരുന്നു. അവന്‍റെ വാര്‍ധക്യത്തിലല്ലോ ഞാന്‍ ഒരു മകനെ പ്രസവിച്ചത് എന്നും അവള്‍ പറഞ്ഞു.

8 പൈതൽ വളര്‍ന്നു മുലകുടി മാറി; യിസ്ഹാക്കിന്‍റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.

9 മിസ്രയീമ്യദാസി ഹാഗാര്‍ അബ്രാഹാമിനു പ്രസവിച്ച മകന്‍ പരിഹാസി എന്നു സാറാ കണ്ട് അബ്രാഹാമിനോട്:

10 ഈ ദാസിയെയും മകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകന്‍ എന്‍റെ മകന്‍ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത് എന്നു പറഞ്ഞു.

11 തന്‍റെ മകന്‍ നിമിത്തം ഈ കാര്യം അബ്രാഹാമിന് അനിഷ്ടമായി.

12 എന്നാൽ ദൈവം അബ്രാഹാമിനോട്: ബാലന്‍റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്ക് അനിഷ്ടം തോന്നരുത്; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേള്‍ക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്‍റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നത്.

13 ദാസിയുടെ മകനെയും ഞാന്‍ ഒരു ജാതിയാക്കും; അവന്‍ നിന്‍റെ സന്തതിയല്ലോ എന്ന് അരുളിച്ചെയ്തു.

14 അബ്രാഹാം അതികാലത്ത് എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാറിന്‍റെ തോളിൽ വച്ചു, കുട്ടിയെയും കൊടുത്ത് അവളെ അയച്ചു; അവള്‍ പുറപ്പെട്ടുപോയി ബേര്‍-ശേബ മരുഭൂമിയിൽ ഉഴന്നുനടന്നു.

15 തുരുത്തിയിലെ വെള്ളം ചെലവായശേഷം അവള്‍ കുട്ടിയെ ഒരു കുറുങ്കാട്ടിന്‍ തണലിൽ ഇട്ടു.

16 അവള്‍ പോയി അതിനെതിരേ ഒരു അമ്പിന്‍പാടു ദൂരത്തിരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞ് എതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു.

17 ദൈവം ബാലന്‍റെ നിലവിളി കേട്ടു; ദൈവത്തിന്‍റെ ദൂതന്‍ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ച് അവളോട്: ഹാഗാറേ, നിനക്ക് എന്ത്? നീ ഭയപ്പെടേണ്ടാ; ബാലന്‍ ഇരിക്കുന്നേടത്തുനിന്ന് അവന്‍റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.

18 നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊള്‍ക; ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു.

19 ദൈവം അവളുടെ കണ്ണു തുറന്നു; അവള്‍ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.

20 ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവന്‍ മരുഭൂമിയിൽ പാര്‍ത്തു, മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായിത്തീര്‍ന്നു.

21 അവന്‍ പാരാന്‍ മരുഭൂമിയിൽ പാര്‍ത്തു; അവന്‍റെ അമ്മ മിസ്രയീംദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.

22 അക്കാലത്ത് അബീമേലെക്കും അവന്‍റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്‍റെ സകല പ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്;

23 ആകയാൽ നീ എന്നോടോ എന്‍റെ സന്തതിയോടോ എന്‍റെ കുലത്തോടോ വ്യാജം പ്രവര്‍ത്തിക്കാതെ ഞാന്‍ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാര്‍ത്തുവരുന്ന ദേശത്തോടും ദയ കാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെ വച്ച് എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു.

24 സത്യം ചെയ്യാം എന്ന് അബ്രാഹാം പറഞ്ഞു.

25 എന്നാൽ അബീമേലെക്കിന്‍റെ ദാസന്മാര്‍ അപഹരിച്ച കിണര്‍ നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭര്‍ത്സിച്ചു പറഞ്ഞു.

26 അതിന് അബീമേലെക്; ഇക്കാര്യം ചെയ്തത് ആരെന്നു ഞാന്‍ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാന്‍ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു.

27 പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുമാടുകളെ കൊടുത്തു; അവര്‍ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു.

28 അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിര്‍ത്തി.

29 അപ്പോള്‍ അബീമേലെക് അബ്രാഹാമിനോട്: നീ വേറിട്ടു നിര്‍ത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികള്‍ എന്തിന് എന്നു ചോദിച്ചു.

30 ഞാന്‍ ഈ കിണര്‍ കുഴിച്ചു എന്നതിനു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്ന് അവന്‍ പറഞ്ഞു.

31 അവര്‍ ഇരുവരും അവിടെവച്ചു സത്യം ചെയ്കകൊണ്ട് അവന്‍ ആ സ്ഥലത്തിനു ബേര്‍-ശേബ എന്നു പേരിട്ടു.

32 ഇങ്ങനെ അവര്‍ ബേര്‍-ശേബയിൽവച്ച് ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്‍റെ സേനാപതിയായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി.

33 അബ്രാഹാം ബേര്‍-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു.

34 അബ്രാഹാം കുറെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്തു.

  • Genesis 20 — previous chapter
  • Genesis 22 — next chapter
  • Genesis 21 — English (KJV)
  • Genesis 21 — English (WEB)
  • Genesis 21 — Tamil (தமிழ்)
  • Genesis 21 — Hindi (हिंदी)
  • Genesis 21 — Kannada (ಕನ್ನಡ)