ഉൽപ്പത്തി 16 (Genesis 16)

Malayalam Bible — Malayalam (മലയാളം)

1 അബ്രാമിന്‍റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവള്‍ക്കു ഹാഗാര്‍ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.

2 സാറായി അബ്രാമിനോട്: ഞാന്‍ പ്രസവിക്കാതിരിപ്പാന്‍ യഹോവ എന്‍റെ ഗര്‍ഭം അടച്ചിരിക്കുന്നുവല്ലോ. എന്‍റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു.

3 അബ്രാം കനാന്‍ദേശത്തു പാര്‍ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്രാമിന്‍റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്‍റെ ഭര്‍ത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു.

4 അവന്‍ ഹാഗാറിന്‍റെ അടുക്കൽ ചെന്നു; അവള്‍ ഗര്‍ഭം ധരിച്ചു; താന്‍ ഗര്‍ഭം ധരിച്ചു എന്ന് അവള്‍ കണ്ടപ്പോള്‍ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി.

5 അപ്പോള്‍ സാറായി അബ്രാമിനോട്: എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി; ഞാന്‍ എന്‍റെ ദാസിയെ നിന്‍റെ മാര്‍വിടത്തിൽ തന്നു; എന്നാൽ താന്‍ ഗര്‍ഭം ധരിച്ചു എന്ന് അവള്‍ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിനു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

6 അബ്രാം സാറായിയോട്: നിന്‍റെ ദാസി നിന്‍റെ കൈയിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള്‍ അവളെ വിട്ട് ഓടിപ്പോയി.

7 പിന്നെ യഹോവയുടെ ദൂതന്‍ മരുഭൂമിയിൽ ഒരു നീരുറവിന്‍റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്‍റെ അരികെവച്ചുതന്നെ അവളെ കണ്ടു.

8 സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന് അവള്‍: ഞാന്‍ എന്‍റെ യജമാനത്തി സാറായിയെ വിട്ട് ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.

9 യഹോവയുടെ ദൂതന്‍ അവളോട്: നിന്‍റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവള്‍ക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.

10 യഹോവയുടെ ദൂതന്‍ പിന്നെയും അവളോട്: ഞാന്‍ നിന്‍റെ സന്തതിയെ ഏറ്റവും വര്‍ധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.

11 നീ ഗര്‍ഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്‍റെ സങ്കടം കേള്‍ക്കകൊണ്ട് അവനു യിശ്മായേൽ എന്നു പേര്‍ വിളിക്കേണം;

12 അവന്‍ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന്‍ ആയിരിക്കും; അവന്‍റെ കൈ എല്ലാവര്‍ക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവന്‍ തന്‍റെ സകല സഹോദരന്മാര്‍ക്കും എതിരേ പാര്‍ക്കും എന്ന് അരുളിച്ചെയ്തു.

13 എന്നാറെ അവള്‍: എന്നെ കാണുന്നവനെ ഞാന്‍ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേര്‍ വിളിച്ചു.

14 അതുകൊണ്ട് ആ കിണറ്റിനു ബേര്‍-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിനും ബേരെദിനും മധ്യേ ഇരിക്കുന്നു.

15 പിന്നെ ഹാഗാര്‍ അബ്രാമിന് ഒരു മകനെ പ്രസവിച്ചു; ഹാഗാര്‍ പ്രസവിച്ച തന്‍റെ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു.

16 ഹാഗാര്‍ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന് എണ്‍പത്താറു വയസ്സായിരുന്നു.

  • Genesis 15 — previous chapter
  • Genesis 17 — next chapter
  • Genesis 16 — English (KJV)
  • Genesis 16 — English (WEB)
  • Genesis 16 — Tamil (தமிழ்)
  • Genesis 16 — Hindi (हिंदी)
  • Genesis 16 — Kannada (ಕನ್ನಡ)