ഗലാത്യർ 6 (Galatians 6)

Malayalam Bible — Malayalam (മലയാളം)

1 സഹോദരന്മാരേ, ഒരു മനുഷ്യന്‍ വല്ല തെറ്റിലും അകപ്പെട്ടുപോയെങ്കില്‍ ആത്മികരായ നിങ്ങള്‍ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവില്‍ യഥാസ്ഥാനപ്പെടുത്തുവിന്‍; നീയും പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.

2 തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമപ്പിന്‍; ഇങ്ങനെ ക്രിസ്തുവിന്‍റെ ന്യായപ്രമാണം നിവര്‍ത്തിപ്പിന്‍.

3 താന്‍ അല്പനായിരിക്കെ മഹാന്‍ ആകുന്നു എന്ന് ഒരുത്തന്‍ നിരൂപിച്ചാല്‍ തന്നെത്താന്‍ വഞ്ചിക്കുന്നു.

4 ഓരോരുത്തന്‍ താന്താന്‍റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന്‍ തന്‍റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ത്തന്നെ അടക്കി വയ്ക്കും.

5 ഓരോരുത്തന്‍ താന്താന്‍റെ ചുമടു ചുമക്കുമല്ലോ.

6 വചനം പഠിക്കുന്നവന്‍ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കേണം.

7 വഞ്ചനപ്പെടാതിരിപ്പിന്‍; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും.

8 ജഡത്തില്‍ വിതയ്ക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതയ്ക്കുന്നവന്‍ ആത്മാവില്‍നിന്നു നിത്യജീവനെ കൊയ്യും.

9 നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത്; തളര്‍ന്നുപോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും.

10 ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്ക.

11 നോക്കുവിന്‍: എത്ര വലിയ അക്ഷരമായി ഞാന്‍ നിങ്ങള്‍ക്കു സ്വന്തകൈകൊണ്ടുതന്നെ എഴുതിയിരിക്കുന്നു.

12 ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവരൊക്കെയും ക്രിസ്തുവിന്‍റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിനു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബന്ധിക്കുന്നു.

13 പരിച്ഛേദനക്കാര്‍ തന്നെയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തില്‍ പ്രശംസിക്കേണം എന്നുവച്ചു നിങ്ങള്‍ പരിച്ഛേദന ഏല്പാന്‍ അവര്‍ ഇച്ഛിക്കുന്നതേയുള്ളൂ.

14 എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത്; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.

15 പരിച്ഛേദനയല്ല അഗ്രചര്‍മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.

16 ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവര്‍ക്കും ദൈവത്തിന്‍റെ യിസ്രായേലിനും സമാധാനവും കരുണയും ഉണ്ടാകട്ടെ.

17 ഇനി ആരും എനിക്കു പ്രയാസം വരുത്തരുത്; ഞാന്‍ യേശുവിന്‍റെ ചൂടടയാളം എന്‍റെ ശരീരത്തില്‍ വഹിക്കുന്നു.

18 സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍.

  • Galatians 5 — previous chapter
  • Ephesians 1 — next chapter
  • Galatians 6 — English (KJV)
  • Galatians 6 — English (WEB)
  • Galatians 6 — Tamil (தமிழ்)
  • Galatians 6 — Hindi (हिंदी)
  • Galatians 6 — Kannada (ಕನ್ನಡ)