യെഹെസ്കേൽ 42 (Ezekiel 42)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം അവന്‍ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിനു നേരേയും വടക്കോട്ടുള്ള കെട്ടിടത്തിനെതിരേയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്ക് എന്നെ കൊണ്ടുചെന്നു.

2 അതിന്‍റെ മുന്‍ഭാഗത്തിനു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.

3 അകത്തെ പ്രാകാരത്തിനുള്ള ഇരുപതു മുഴത്തിനെതിരേയും പുറത്തെ പ്രാകാരത്തിനുള്ള കല്ത്തളത്തിനെതിരേയും മൂന്നു നിലയായി നടപ്പുരയ്ക്കു നേരേ നടപ്പുര ഉണ്ടായിരുന്നു.

4 മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളൊരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകള്‍ വടക്കോട്ടായിരുന്നു.

5 കെട്ടിടത്തിന്‍റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും നടുവിലത്തേവയിൽനിന്നും എടുത്തതിനെക്കാള്‍ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽ നിന്നു നടപ്പുരകള്‍ക്ക് എടുത്തുപോയിരുന്നതുകൊണ്ട് അവ നീളം കുറഞ്ഞവ ആയിരുന്നു.

6 അവ മൂന്നു നിലയായിരുന്നു; എന്നാൽ അവയ്ക്കു പ്രാകാരങ്ങളുടെ തൂണുകള്‍പോലെ തൂണുകള്‍ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്‍റെ നിലം ചുരുങ്ങിയിരുന്നു.

7 പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്‍റെ നേരേ മണ്ഡപങ്ങളുടെ മുന്‍വശത്തെ മതിലിന്‍റെ നീളം അമ്പതു മുഴം ആയിരുന്നു.

8 പുറത്തെ പ്രാകാരത്തിലേക്കു ദര്‍ശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിനെതിരേയുള്ള നീളം നൂറു മുഴമായിരുന്നു.

9 പുറത്തെ പ്രാകാരത്തിൽനിന്ന് ഇവയിലേക്കു കടന്നാൽ കിഴക്കോട്ട് ഈ മണ്ഡപങ്ങള്‍ക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.

10 കിഴക്കോട്ടുള്ള പ്രാകാരത്തിന്‍റെ മതിലിന്‍റെ തലയ്ക്കൽ മുറ്റത്തിനെതിരായും കെട്ടിടത്തിനെതിരായും മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു.

11 അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിനൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാ പുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നെ.

12 തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങള്‍പോലെ ഒരു പ്രവേശനം വഴിയുടെ തലയ്ക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിനു നേരേ മുമ്പിലുള്ള വഴിയുടെ തലയ്ക്കൽ തന്നെ.

13 പിന്നെ അവന്‍ എന്നോടു കല്പിച്ചത്: മുറ്റത്തിന്‍റെ മുമ്പിലുള്ള വടക്കേ മണ്ഡപങ്ങളും തെക്കേ മണ്ഡപങ്ങളും യഹോവയോട് അടുത്തുചെല്ലുന്ന പുരോഹിതന്മാര്‍ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവര്‍ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വയ്ക്കേണം; ആ സ്ഥലം വിശുദ്ധമല്ലോ.

14 പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതിൽ പ്രവേശിപ്പാന്‍; ശുശ്രൂഷയ്ക്കുള്ള തങ്ങളുടെ വസ്ത്രം അവര്‍ അവിടെ വച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറേ വസ്ത്രം ധരിച്ചിട്ടേ അവര്‍ ജനത്തിനുള്ള സ്ഥലത്തു ചെല്ലാവൂ.

15 അവന്‍ അകത്തെ ആലയം അളന്നു തീര്‍ന്നശേഷം, കിഴക്കോട്ടു ദര്‍ശനമുള്ള വാതിൽക്കൽക്കൂടി എന്നെ കൊണ്ടുചെന്ന് അവിടം ചുറ്റും അളന്നു.

16 അവന്‍ കിഴക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം.

17 അവന്‍ വടക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം.

18 അവന്‍ തെക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം.

19 അവന്‍ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ട് അളന്നു; അഞ്ഞൂറു മുഴം.

20 ഇങ്ങനെ അവന്‍ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേര്‍തിരിപ്പാന്‍ തക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറു മുഴം വീതിയിലും ഒരു മതിൽ അതിനു ചുറ്റും ഉണ്ടായിരുന്നു.

  • Ezekiel 41 — previous chapter
  • Ezekiel 43 — next chapter
  • Ezekiel 42 — English (KJV)
  • Ezekiel 42 — English (WEB)
  • Ezekiel 42 — Tamil (தமிழ்)
  • Ezekiel 42 — Hindi (हिंदी)
  • Ezekiel 42 — Kannada (ಕನ್ನಡ)