യെഹെസ്കേൽ 33 (Ezekiel 33)

Malayalam Bible — Malayalam (മലയാളം)

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2 മനുഷ്യപുത്രാ, നീ നിന്‍റെ സ്വജാതിക്കാരോടു പ്രവചിച്ചു പറയേണ്ടത്: ഞാന്‍ ഒരു ദേശത്തിന്‍റെ നേരേ വാള്‍ വരുത്തുമ്പോള്‍, ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തിൽനിന്ന് ഒരു പുരുഷനെ തിരഞ്ഞെടുത്തു കാവല്ക്കാരനാക്കി വച്ചാൽ,

3 ദേശത്തിന്‍റെ നേരേ വാള്‍ വരുന്നതു കണ്ടിട്ട് അവന്‍ കാഹളം ഊതി ജനത്തെ ഓര്‍മപ്പെടുത്തുമ്പോള്‍

4 ആരെങ്കിലും കാഹളനാദം കേട്ട് കരുതിക്കൊള്ളാതെ ഇരുന്നാൽ, വാള്‍ വന്ന് അവനെ ഛേദിച്ചുകളയുന്നു എങ്കിൽ അവന്‍റെ രക്തം അവന്‍റെ തലമേൽ തന്നെ ഇരിക്കും.

5 അവന്‍ കാഹളനാദം കേട്ടിട്ടു കരുതിക്കൊണ്ടില്ല; അവന്‍റെ രക്തം അവന്‍റെമേൽ ഇരിക്കും; കരുതിക്കൊണ്ടിരുന്നുവെങ്കിൽ അവന്‍ തന്‍റെ പ്രാണനെ രക്ഷിക്കുമായിരുന്നു.

6 എന്നാൽ കാവല്ക്കാരന്‍ വാള്‍ വരുന്നതുകണ്ടു കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ടു വാള്‍ വന്ന് അവരുടെ ഇടയിൽനിന്ന് ഒരുത്തനെ ഛേദിച്ചുകളയുന്നു എങ്കിൽ, ഇവന്‍ തന്‍റെ അകൃത്യം നിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും അവന്‍റെ രക്തം ഞാന്‍ കാവല്ക്കാരനോടു ചോദിക്കും.

7 അതുപോലെ മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേൽഗൃഹത്തിനു കാവല്ക്കാരനാക്കി വച്ചിരിക്കുന്നു; നീ എന്‍റെ വായിൽനിന്ന് വചനം കേട്ട് എന്‍റെ നാമത്തിൽ അവരെ ഓര്‍മപ്പെടുത്തേണം.

8 ഞാന്‍ ദുഷ്ടനോട്: ദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോള്‍ ദുഷ്ടന്‍ തന്‍റെ വഴി വിട്ടുതിരിവാന്‍ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടന്‍ തന്‍റെ അകൃത്യം നിമിത്തം മരിക്കും; അവന്‍റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.

9 എന്നാൽ ദുഷ്ടന്‍ തന്‍റെ വഴി വിട്ടുതിരിയേണ്ടതിനു നീ അവനെ ഓര്‍മപ്പെടുത്തീട്ടും അവന്‍ തന്‍റെ വഴി വിട്ടു തിരിയാഞ്ഞാൽ, അവന്‍ തന്‍റെ അകൃത്യം നിമിത്തം മരിക്കും; നീയോ, നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.

10 അതുകൊണ്ടു മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവയാൽ ഞങ്ങള്‍ ക്ഷയിച്ചുപോകുന്നു; ഞങ്ങള്‍ എങ്ങനെ ജീവിച്ചിരിക്കും എന്നു നിങ്ങള്‍ പറയുന്നു.

11 എന്നാണ, ദുഷ്ടന്‍റെ മരണത്തിൽ അല്ല, ദുഷ്ടന്‍ തന്‍റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്ക് ഇഷ്ടമുള്ളതെന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളെ വിട്ടുതിരിവിന്‍, തിരിവിന്‍; യിസ്രായേൽഗൃഹമേ, നിങ്ങള്‍ എന്തിനു മരിക്കുന്നു എന്ന് അവരോടു പറക.

12 മനുഷ്യപുത്രാ, നീ നിന്‍റെ സ്വജാതിക്കാരോടു പറയേണ്ടത്: നീതിമാന്‍ അതിക്രമം ചെയ്യുന്ന നാളിൽ അവന്‍റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടന്‍ തന്‍റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ, തന്‍റെ ദുഷ്ടതയാൽ ഇടറിവീഴുകയില്ല; നീതിമാന്‍ പാപം ചെയ്യുന്ന നാളിൽ, അവനു തന്‍റെ നീതിയാൽ ജീവിപ്പാന്‍ കഴികയുമില്ല.

13 നീതിമാന്‍ ജീവിക്കുമെന്നു ഞാന്‍ അവനോടു പറയുമ്പോള്‍, അവന്‍ തന്‍റെ നീതിയിൽ ആശ്രയിച്ച് അകൃത്യം പ്രവര്‍ത്തിക്കുന്നു എങ്കിൽ, അവന്‍റെ നീതിപ്രവൃത്തികള്‍ ഒന്നും അവനു കണക്കിടുകയില്ല; അവന്‍ ചെയ്ത നീതികേടു നിമിത്തം അവന്‍ മരിക്കും.

14 എന്നാൽ ഞാന്‍ ദുഷ്ടനോട്: നീ മരിക്കും എന്നു പറയുമ്പോള്‍ അവന്‍ തന്‍റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കയും

15 പണയം തിരികെ കൊടുക്കയും അപഹരിച്ചതു മടക്കിക്കൊടുക്കയും നീതികേട് ഒന്നും ചെയ്യാതെ ജീവന്‍റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്താൽ അവന്‍ മരിക്കാതെ ജീവിക്കും.

16 അവന്‍ ചെയ്ത പാപം ഒന്നും അവനു കണക്കിടുകയില്ല; അവന്‍ നീതിയും ന്യായവും പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്‍ ജീവിക്കും.

17 എന്നാൽ നിന്‍റെ സ്വജാതിക്കാര്‍: കര്‍ത്താവിന്‍റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; അവരുടെ വഴിയത്രേ ചൊവ്വില്ലാതെയിരിക്കുന്നത്.

18 നീതിമാന്‍ തന്‍റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിക്കുന്നുവെങ്കിൽ അവന്‍ അതിനാൽതന്നെ മരിക്കും.

19 എന്നാൽ ദുഷ്ടന്‍ തന്‍റെ ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നുവെങ്കിൽ അവന്‍ അതിനാൽ ജീവിക്കും.

20 എന്നിട്ടും കര്‍ത്താവിന്‍റെ വഴി ചൊവ്വുള്ളതല്ല എന്നു നിങ്ങള്‍ പറയുന്നു; യിസ്രായേൽഗൃഹമേ, ഞാന്‍ നിങ്ങളിൽ ഓരോരുത്തനെയും അവനവന്‍റെ നടപ്പിനു തക്കവണ്ണം ന്യായംവിധിക്കും.

21 ഞങ്ങളുടെ പ്രവാസത്തിന്‍റെ പന്ത്രണ്ടാം ആണ്ട്, പത്താം മാസം, അഞ്ചാം തീയതി, യെരൂശലേമിൽനിന്ന് ചാടിപ്പോയ ഒരുത്തന്‍ എന്‍റെ അടുക്കൽ വന്നു: നഗരം പിടിക്കപ്പെട്ടുപോയി എന്നു പറഞ്ഞു.

22 ചാടിപ്പോയവന്‍ വരുന്നതിന്‍റെ തലേന്നാള്‍ വൈകുന്നേരം യഹോവയുടെ കൈ എന്‍റെമേൽ വന്നു; രാവിലെ അവന്‍ എന്‍റെ അടുക്കൽ വരുമ്പോഴത്തേക്ക് യഹോവ എന്‍റെ വായ് തുറന്നിരുന്നു; അങ്ങനെ എന്‍റെ വായ് തുറന്നതുകൊണ്ടു ഞാന്‍ പിന്നെ മിണ്ടാതെ ഇരുന്നില്ല.

23 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

24 മനുഷ്യപുത്രാ, യിസ്രായേൽദേശത്തിലെ ശൂന്യസ്ഥലങ്ങളിൽ പാര്‍ക്കുന്നവര്‍: അബ്രാഹാം ഏകനായിരിക്കെ അവനു ദേശം അവകാശമായി ലഭിച്ചു; ഞങ്ങളോ പലരാകുന്നു; ഈ ദേശം ഞങ്ങള്‍ക്ക് അവകാശമായി ലഭിക്കും എന്നു പറയുന്നു.

25 അതുകൊണ്ടു നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ മാംസം രക്തത്തോടുകൂടെ തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയും രക്തം ചൊരികയും ചെയ്യുന്നു;

26 നിങ്ങള്‍ ദേശത്തെ കൈവശമാക്കുമോ? നിങ്ങള്‍ നിങ്ങളുടെ വാളിൽ ആശ്രയിക്കയും മ്ലേച്ഛത പ്രവര്‍ത്തിക്കയും ഓരോരുത്തനും തന്‍റെ കൂട്ടുകാരന്‍റെ ഭാര്യയെ വഷളാക്കുകയും ചെയ്യുന്നു; നിങ്ങള്‍ ദേശത്തെ കൈവശമാക്കുമോ?

27 നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, ശൂന്യസ്ഥലങ്ങളിൽ പാര്‍ക്കുന്നവര്‍ വാള്‍കൊണ്ടു വീഴും; വെളിമ്പ്രദേശത്തുള്ളവരെ ഞാന്‍ മൃഗങ്ങള്‍ക്ക് ഇരയായി കൊടുക്കും; ദുര്‍ഗങ്ങളിലും ഗുഹകളിലും ഉള്ളവരോ മഹാമാരികൊണ്ടു മരിക്കും.

28 ഞാന്‍ ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്‍റെ ബലത്തിന്‍റെ പ്രതാപം നിന്നുപോകും; യിസ്രായേൽപര്‍വതങ്ങള്‍ ആരും വഴിപോകാതവണ്ണം ശൂന്യമായിത്തീരും.

29 അവര്‍ ചെയ്ത സകല മ്ലേച്ഛതകളും നിമിത്തം ഞാന്‍ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോള്‍ ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.

30 മനുഷ്യപുത്രാ, നിന്‍റെ സ്വജാതിക്കാര്‍ മതിലുകള്‍ക്കരികത്തും വീട്ടുവാതിൽക്കലുംവച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചു: യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട് എന്തെന്നു വന്നു കേള്‍പ്പിന്‍ എന്നു തമ്മിൽതമ്മിലും ഓരോരുത്തന്‍ താന്താന്‍റെ സഹോദരനോടും പറയുന്നു.

31 സംഘം കൂടി വരുന്നതുപോലെ അവര്‍ നിന്‍റെ അടുക്കൽ വന്ന് എന്‍റെ ജനമായിട്ടു നിന്‍റെ മുമ്പിൽ ഇരുന്നു നിന്‍റെ വചനങ്ങളെ കേള്‍ക്കുന്നു; എന്നാൽ അവര്‍ അവയെ ചെയ്യുന്നില്ല; വായ് കൊണ്ട് അവര്‍ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.

32 നീ അവര്‍ക്കു മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്‍റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവര്‍ നിന്‍റെ വചനങ്ങളെ കേള്‍ക്കുന്നു; ചെയ്യുന്നില്ലതാനും.

33 എന്നാൽ അതു സംഭവിക്കുമ്പോള്‍- ഇതാ, അതു വരുന്നു- അവര്‍ തങ്ങളുടെ ഇടയിൽ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു എന്ന് അറിയും.

  • Ezekiel 32 — previous chapter
  • Ezekiel 34 — next chapter
  • Ezekiel 33 — English (KJV)
  • Ezekiel 33 — English (WEB)
  • Ezekiel 33 — Tamil (தமிழ்)
  • Ezekiel 33 — Hindi (हिंदी)
  • Ezekiel 33 — Kannada (ಕನ್ನಡ)