യെഹെസ്കേൽ 26 (Ezekiel 26)

Malayalam Bible — Malayalam (മലയാളം)

1 പതിനൊന്നാം ആണ്ട് ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2 മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ച്: നന്നായി, ജാതികളുടെ വാതിലായിരുന്നവള്‍ തകര്‍ന്നുപോയി; അവള്‍ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവള്‍ ശൂന്യമായിത്തീര്‍ന്നിരിക്കയാൽ ഞാന്‍ നിറയും എന്നു സോര്‍ പറയുന്നതുകൊണ്ട്

3 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്‍റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാന്‍ അനേകം ജാതികളെ നിന്‍റെ നേരേ പുറപ്പെട്ടുവരുമാറാക്കും.

4 അവര്‍ സോരിന്‍റെ മതിലുകളെ നശിപ്പിച്ച്, അതിന്‍റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാന്‍ അതിന്‍റെ പൊടി അടിച്ചുവാരിക്കളഞ്ഞ് അതിനെ വെറും പാറയാക്കും.

5 അതു സമുദ്രത്തിന്‍റെ നടുവിൽ വലവിരിക്കുന്നതിനുള്ള സ്ഥലമായിത്തീരും; ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; അതു ജാതികള്‍ക്കു കവര്‍ച്ചയായിത്തീരും.

6 നാട്ടുപുറത്തുള്ള അതിന്‍റെ പുത്രിമാരെ വാള്‍കൊണ്ടു കൊല്ലും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.

7 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസര്‍ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടുംകൂടെ സോരിനുനേരേ വരുത്തും.

8 അവന്‍ നാട്ടുപുറത്തുള്ള നിന്‍റെ പുത്രിമാരെ വാള്‍കൊണ്ടു കൊല്ലും; അവന്‍ നിന്‍റെ നേരേ കൊത്തളം പണിതു വാടകോരി നിന്‍റെ നേരേ ഒരു മറ നിര്‍ത്തും.

9 അവന്‍ നിന്‍റെ മതിലുകളുടെ നേരേ യന്ത്രമുട്ടികളെ വച്ച് കോടാലികൊണ്ട് നിന്‍റെ ഗോപുരങ്ങളെ തകര്‍ത്തുകളയും.

10 അവന്‍റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞു കിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന്‍ നിന്‍റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോള്‍ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ട് നിന്‍റെ മതിലുകള്‍ കുലുങ്ങിപ്പോകും.

11 തന്‍റെ കുതിരകളുടെ കുളമ്പുകൊണ്ട് അവന്‍ നിന്‍റെ സകല വീഥികളെയും മെതിച്ചുകളയും; നിന്‍റെ ജനത്തെ അവന്‍ വാള്‍കൊണ്ടു കൊല്ലും; നിന്‍റെ ബലമുള്ള തൂണുകള്‍ നിലത്തു വീണുകിടക്കും.

12 അവര്‍ നിന്‍റെ സമ്പത്തു കവര്‍ന്നു നിന്‍റെ ചരക്കു കൊള്ളയിട്ടു നിന്‍റെ മതിലുകള്‍ ഇടിച്ചു നിന്‍റെ മനോഹരഭവനങ്ങള്‍ നശിപ്പിക്കും; നിന്‍റെ കല്ലും മരവും മണ്ണും എല്ലാം അവര്‍ വെള്ളത്തിൽ ഇട്ടുകളയും.

13 നിന്‍റെ പാട്ടുകളുടെ ഘോഷം ഞാന്‍ ഇല്ലാതാക്കും; നിന്‍റെ വീണകളുടെ നാദം ഇനി കേള്‍ക്കയുമില്ല.

14 ഞാന്‍ നിന്നെ വെറും പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

15 യഹോവയായ കര്‍ത്താവ് സോരിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിഹതന്മാര്‍ ഞരങ്ങുമ്പോഴും നിന്‍റെ നടുവിൽ സംഹാരം നടക്കുമ്പോഴും നിന്‍റെ വീഴ്ചയുടെ ഒച്ചയാൽ ദ്വീപുകള്‍ നടുങ്ങിപ്പോകയില്ലയോ?

16 അപ്പോള്‍ സമുദ്രത്തിലെ സകല പ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവയ്ക്കും; അവര്‍ വിറയൽ പൂണ്ടു നിലത്തിരുന്നു മാത്രതോറും വിറച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.

17 അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയും: സമുദ്രസഞ്ചാരികള്‍ പാര്‍ത്തതും കീര്‍ത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്‍റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകല നിവാസികള്‍ക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!

18 ഇപ്പോള്‍ നിന്‍റെ വീഴ്ചയുടെ നാളിൽ ദ്വീപുകള്‍ വിറയ്ക്കും; അതേ, സമുദ്രത്തിലെ ദ്വീപുകള്‍ നിന്‍റെ നിര്യാണത്തിങ്കൽ ഭ്രമിച്ചുപോകും.

19 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ നിവാസികള്‍ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാന്‍ നിന്‍റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,

20 ഞാന്‍ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്‍റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികള്‍ ഇല്ലാതെയിരിക്കേണ്ടതിനും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്ക്കാതെയിരിക്കേണ്ടതിനും ഞാന്‍ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ പുരാതനശൂന്യങ്ങളിൽ തന്നെ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാര്‍പ്പിക്കയും ചെയ്യും.

21 ഞാന്‍ നിന്നെ ശീഘ്രനാശത്തിന് ഏല്പിക്കും; നീ ഇല്ലാതെ ആയിപ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

  • Ezekiel 25 — previous chapter
  • Ezekiel 27 — next chapter
  • Ezekiel 26 — English (KJV)
  • Ezekiel 26 — English (WEB)
  • Ezekiel 26 — Tamil (தமிழ்)
  • Ezekiel 26 — Hindi (हिंदी)
  • Ezekiel 26 — Kannada (ಕನ್ನಡ)