യെഹെസ്കേൽ 13 (Ezekiel 13)

Malayalam Bible — Malayalam (മലയാളം)

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2 മനുഷ്യപുത്രാ, യിസ്രായേലിൽ പ്രവചിച്ചുപോരുന്ന പ്രവാചകന്മാരെക്കുറിച്ചു നീ പ്രവചിച്ച്, സ്വന്തഹൃദയങ്ങളിൽനിന്നു പ്രവചിക്കുന്നവരോടു പറയേണ്ടത്: യഹോവയുടെ വചനം കേള്‍പ്പിന്‍!

3 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാര്‍ക്ക് അയ്യോ കഷ്ടം!

4 യിസ്രായേലേ, നിന്‍റെ പ്രവാചകന്മാര്‍ ശൂന്യപ്രദേശങ്ങളിലെ കുറുക്കന്മാരെപ്പോലെ ആയിരിക്കുന്നു.

5 യഹോവയുടെ നാളിൽ യുദ്ധത്തിൽ ഉറച്ചുനില്ക്കേണ്ടതിനു നിങ്ങള്‍ ഇടിവുകളിൽ കയറീട്ടില്ല, യിസ്രായേൽഗൃഹത്തിനുവേണ്ടി മതിൽ കെട്ടിയിട്ടുമില്ല.

6 അവര്‍ വ്യാജവും കള്ളപ്രശ്നവും ദര്‍ശിച്ചിട്ട് യഹോവയുടെ അരുളപ്പാട് എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലങ്കിലും വചനം നിവൃത്തിയായിവരുമെന്ന് അവര്‍ ആശിക്കുന്നു.

7 ഞാന്‍ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാട് എന്നു നിങ്ങള്‍ പറയുന്നതിനാൽ നിങ്ങള്‍ മിഥ്യാദര്‍ശനം ദര്‍ശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നത്?

8 അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ വ്യാജം പ്രസ്താവിച്ചു ഭോഷ്കു ദര്‍ശിച്ചിരിക്കകൊണ്ട് ഞാന്‍ നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

9 വ്യാജം ദര്‍ശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാര്‍ക്ക് എന്‍റെ കൈ വിരോധമായിരിക്കും; എന്‍റെ ജനത്തിന്‍റെ മന്ത്രിസഭയിൽ അവര്‍ ഇരിക്കയില്ല; യിസ്രായേൽഗൃഹത്തിന്‍റെ പേര്‍വഴിച്ചാര്‍ത്തിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവര്‍ കടക്കയുമില്ല; ഞാന്‍ യഹോവയായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.

10 സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞ് അവര്‍ എന്‍റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അത് ചുവര്‍ പണിതാൽ അവര്‍ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും

11 അടന്നു വീഴുംവണ്ണം കുമ്മായം പൂശുന്നവരോടു നീ പറയേണ്ടത്: പെരുമഴ ചൊരിയും; ഞാന്‍ ആലിപ്പഴം പൊഴിയിച്ചു കൊടുങ്കാറ്റടിപ്പിക്കും.

12 ചുവര്‍ വീണിരിക്കുന്നു; നിങ്ങള്‍ പൂശിയ കുമ്മായം എവിടെപ്പോയി എന്നു നിങ്ങളോടു പറകയില്ലയോ?

13 അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ എന്‍റെ ക്രോധത്തിൽ ഒരു കൊടുങ്കാറ്റടിക്കുമാറാക്കും; എന്‍റെ കോപത്തിൽ പെരുമഴ പെയ്യിക്കും; എന്‍റെ ക്രോധത്തിൽ മുടിച്ചുകളയുന്ന വലിയ ആലിപ്പഴം പൊഴിക്കും.

14 നിങ്ങള്‍ കുമ്മായം പൂശിയ ചുവരിനെ ഞാന്‍ ഇങ്ങനെ ഇടിച്ചു നിലത്തു തള്ളിയിട്ട് അതിന്‍റെ അടിസ്ഥാനം വെളിപ്പെടുത്തും; അതു വീഴും; നിങ്ങള്‍ അതിന്‍റെ നടുവിൽ മുടിഞ്ഞുപോകും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

15 അങ്ങനെ ഞാന്‍ ചുവരിന്മേലും അതിനു കുമ്മായം പൂശിയവരുടെമേലും എന്‍റെ ക്രോധത്തെ നിവൃത്തിയാക്കിയിട്ടു നിങ്ങളോട്:

16 ഇനി ചുവരില്ല; അതിനു കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ചു പ്രവചിച്ച്, സമാധാനമില്ലാതിരിക്കെ അതിനു സമാധാനദര്‍ശനങ്ങളെ ദര്‍ശിക്കുന്ന യിസ്രായേലിന്‍റെ പ്രവാചകന്മാരും ഇല്ല എന്നു പറയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

17 നീയോ, മനുഷ്യപുത്രാ, സ്വന്തവിചാരം പ്രവചിക്കുന്നവരായ നിന്‍റെ ജനത്തിന്‍റെ പുത്രിമാരുടെനേരേ നിന്‍റെ മുഖം തിരിച്ച് അവര്‍ക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ:

18 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ വേട്ടയാടേണ്ടതിനു കൈയേപ്പുകള്‍ക്ക് ഒക്കെയും രക്ഷകളും ഏതു പൊക്കത്തിലും ഉള്ളവരുടെ തലയ്ക്കുതക്ക മൂടുപടങ്ങളും ഉണ്ടാക്കുന്ന സ്ത്രീകള്‍ക്ക് അയ്യോ കഷ്ടം! നിങ്ങള്‍ എന്‍റെ ജനത്തിൽ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിനായി ചില ദേഹികളെ ജീവനോടെ രക്ഷിക്കയും ചെയ്യുന്നു.

19 മരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിനും ജീവിച്ചിരിക്കരുതാത്ത ദേഹികളെ ജീവനോടെ രക്ഷിക്കേണ്ടതിനും നിങ്ങള്‍, ഭോഷ്കു കേള്‍ക്കുന്ന എന്‍റെ ജനത്തോടു ഭോഷ്കുപറയുന്നതിനാൽ എന്‍റെ ജനത്തിന്‍റെ ഇടയിൽ ഒരുപിടി യവത്തിനും ഒരു അപ്പക്കഷണത്തിനുംവേണ്ടി എന്നെ അശുദ്ധമാക്കിയിരിക്കുന്നു.

20 അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ പറവജാതികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ രക്ഷകള്‍ക്കു ഞാന്‍ വിരോധമായിരിക്കുന്നു; ഞാന്‍ അവയെ നിങ്ങളുടെ ഭുജങ്ങളിൽനിന്നു പറിച്ചുകീറി, ദേഹികളെ, നിങ്ങള്‍ പറവജാതികളെപ്പോലെ വേട്ടയാടുന്ന ദേഹികളെ തന്നെ വിടുവിക്കും.

21 നിങ്ങളുടെ മൂടുപടങ്ങളെയും ഞാന്‍ പറിച്ചുകീറി എന്‍റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും; അവര്‍ ഇനി നിങ്ങളുടെ കൈയിൽ വേട്ടയായിരിക്കയില്ല; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

22 ഞാന്‍ ദുഃഖിപ്പിക്കാത്ത നീതിമാന്‍റെ ഹൃദയത്തെ നിങ്ങള്‍ വ്യാജങ്ങളെക്കൊണ്ടു ദുഃഖിപ്പിക്കയും തന്‍റെ ദുര്‍മാര്‍ഗം വിട്ടുതിരിഞ്ഞ് ജീവരക്ഷ പ്രാപിക്കാതവണ്ണം ദുഷ്ടനെ നിങ്ങള്‍ ധൈര്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട്

23 നിങ്ങള്‍ ഇനി വ്യാജം ദര്‍ശിക്കയോ പ്രശ്നം പറകയോ ചെയ്കയില്ല; ഞാന്‍ എന്‍റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

  • Ezekiel 12 — previous chapter
  • Ezekiel 14 — next chapter
  • Ezekiel 13 — English (KJV)
  • Ezekiel 13 — English (WEB)
  • Ezekiel 13 — Tamil (தமிழ்)
  • Ezekiel 13 — Hindi (हिंदी)
  • Ezekiel 13 — Kannada (ಕನ್ನಡ)